Quantcast

തന്റെ സ്വത്തുവകകൾ സ്വതന്ത്ര സമിതിക്ക് പരിശോധിക്കാമെന്ന് അഷ്‌റഫ് ഗനി

കാബൂൾ വിടുന്നത് ജീവിതത്തിൽ ഏറ്റവും ബുദ്ധിമുട്ടിയെടുത്ത തീരുമാനമെന്നും അഴിമതി ആരോപണങ്ങൾ അവാസ്തവമെന്നും മുൻ പ്രസിഡൻറ്

MediaOne Logo

Web Desk

  • Published:

    8 Sept 2021 8:26 PM IST

തന്റെ സ്വത്തുവകകൾ സ്വതന്ത്ര സമിതിക്ക് പരിശോധിക്കാമെന്ന് അഷ്‌റഫ് ഗനി
X

കാബൂൾ: തന്റെ സ്വത്തുവകകൾ യു.എന്നിന്റെയോ മറ്റു സ്വതന്ത്ര സമിതികളുടെയോ മേൽനോട്ടത്തിൽ പരിശോധിക്കാമെന്നും തന്റെ കൂട്ടാളികളെയും ഇതിനും പ്രേരിപ്പിക്കുമെന്നും അഫ്ഗാൻ മുൻപ്രസിഡൻറ് അഷ്‌റഫ് ഗനി. കാബൂൾ വിടുന്നത് ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടിയെടുത്ത തീരുമാനമാണെന്നും കാബൂൾ വിട്ട് യു.എ.ഇയിൽ അഭയം തേടി ഒരു മാസത്തിന് ശേഷം അഷ്‌റഫ് ഗനി ട്വിറ്ററിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറഞ്ഞു.

കാബൂളിലെ അഫ്ഗാൻ പ്രസിഡൻറിന്റെ കൊട്ടാരം താലിബാൻ കീഴടക്കാനെത്തിയതോടെ രക്ഷപ്പെട്ട ഗനി 169 മില്ല്യൺ ഡോളറുമായാണ് രക്ഷപ്പെട്ടതെന്ന് താലിബാനടക്കം ആരോപിച്ചിരുന്നു. എന്നാൽ തന്റെ പരമ്പരാഗത വസ്ത്രവും ചെരിപ്പും മാത്രമണിഞ്ഞാണ് കാബൂൾ വിട്ടതെന്ന് മുമ്പൊരു വീഡിയോയിൽ ഇദ്ദേഹം അവകാശപ്പെട്ടിരുന്നു.

താലിബാന് മുമ്പിൽ നിരവധി അഫ്ഗാനികളെ തനിച്ചുവിട്ടുപോയ അദ്ദേഹത്തെ ഭീരുവെന്നും പലരും പറഞ്ഞു. എന്നാൽ 1990 കളിലെ ആഭ്യന്തര യുദ്ധത്തിൽ നടന്നത് പോലെ തെരുവുകൾ തോറും രക്തക്കളമുണ്ടാകാതിരിക്കാനാണ് താൻ നാടു വിട്ടതെന്ന് ഗനി വ്യക്തമാക്കി. 20 വർഷം താൻ അഫ്ഗാന് വേണ്ടി പ്രവർത്തിച്ചു. സ്വതന്ത്രവു സമൃദ്ധവും ജനാധിപത്യപരവുമായ രാജ്യം പടുത്തെടുക്കാൻ പ്രയത്‌നിച്ചവെന്നും അദ്ദേഹം പറഞ്ഞു.

അഴിമതി നൂറ്റാണ്ടുകളായി രാജ്യത്തെ കാർന്നു തിന്നുന്ന മഹാമാരിയാണെന്നും ഞാൻ മില്ല്യൺ ഡോളറുകളുമായി നാടുവിട്ടുവെന്നത് തീർത്തും അവാസ്തവമാണെന്നും അദ്ദേഹം പറഞ്ഞു. എന്റെ എല്ലാ സ്വത്തുവകകളുടെയും കണക്കുകൾ ഞാൻ പൊതുജനസമക്ഷം പങ്കുവെക്കാം. ഭാര്യയുടെ സ്വത്ത് അവളുടെ നാടായ ലബനോനിൽ കണക്കുവെക്കപ്പെട്ടതാണ്. സ്വതന്ത്ര ഏജൻസിക്ക് എന്റെയും സഹായികളുടെയും സ്വത്തുവകകൾ പരിശോധിക്കാമെന്നും ഗനി പ്രസ്താവനയിൽ പറഞ്ഞു.

ജനാധിപത്യ രീതിയാണ് രാജ്യത്തിന് മുന്നേറാനുള്ള വഴിയെന്ന് ഞാൻ കരുതുന്നു. എന്റെ ഭരണം ഇസ്‌ലാമിക് റിപബ്ലിക് ഓഫ് അഫ്ഗാനിസ്താന്റെ ഭരണഘടനാപ്രകാരമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. എല്ലാ അഫ്ഗാൻ സൈനികർക്കും കുടുംബത്തിനും അഭിവാദ്യങ്ങളർപ്പിക്കുന്നുവെന്നും മുൻഗാമികളെ പോലെ എന്റെ അധ്യായവും ദുരന്തപര്യവസായിയായെന്നും അതിന് അഫ്ഗാൻ ജനതയോട് മാപ്പു പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാൻ ജനതയോടുള്ള എന്റെ കടപ്പാട് അവസാനിക്കില്ലെന്നും ഭാവി ജീവിതത്തെ അവ നയിക്കുമെന്നും അഷ്‌റഫ് ഗനി കുറിപ്പിൽ പറഞ്ഞു.


TAGS :

Next Story