ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് നാസയിൽ നിന്ന് വിരമിച്ചു
27 വർഷം നീണ്ട അവിസ്മരണീയമായ ഔദ്യോഗിക ജീവിതത്തിനാണ് അറുപതാം വയസിൽ സുനിത വിരാമമിട്ടത്

വാഷിംഗ്‌ടൺ: ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് നാസയിൽ നിന്ന് വിരമിച്ചു. 27 വർഷം നീണ്ട അവിസ്മരണീയമായ ഔദ്യോഗിക ജീവിതത്തിനാണ് അറുപതാം വയസിൽ സുനിത വിരാമമിട്ടത്. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ മൂന്ന് ദൗത്യങ്ങളിലായി 608 ദിവസം ചെലവഴിച്ച റെക്കോർഡുമായാണ് സുനിതയുടെ പടിയിറക്കം. സുനിത വില്യംസ് വിരമിച്ച വിവരം നാസ തന്നെയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ബഹിരാകാശ ദൗത്യങ്ങളിലെ മുന്നണിപ്പോരാളിയായിരുന്നു സുനിതെയെന്നും അവരുടെ ഊര്‍ജവും ചുറുചുറുക്കും മാനവരാശിക്ക് നിര്‍ണായകമായ സംഭാവന നൽകിയെന്നും നാസ അഡ്മിനിസ്ട്രേറ്റര്‍ ജറെഡ് ഐസക്മന്‍ പറഞ്ഞു. മൂന്ന് തവണയായി രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് യാത്ര നടത്തിയ സുനിത, ബഹിരാകാശത്ത് ഏറ്റവുമധികം സമയം അതായത് 608 ദിവസം ചെലവഴിച്ച രണ്ടാമത്തെ നാസ സഞ്ചാരി എന്ന റെക്കോർഡുമായാണ് പടിയിറങ്ങുന്നത്. 2024ലെ സ്റ്റാർലൈനർ ദൗത്യം സുനിതയുടെ ജീവിതത്തിലെ നിർണായകസംഭവമായിരുന്നു.
'ബോയിങ്ങിന്റെ' സ്റ്റാർലൈനർ പേടകത്തിൽ വെറും ഒരാഴ്ചത്തെ ദൗത്യത്തിനായി പോയ സുനിതയ്ക്കും സഹസഞ്ചാരി ബുച്ച് വിൽമോറിനും പേടകത്തിന്റെ സാങ്കേതിക തകരാറുകൾ മൂലം ഒമ്പത് മാസക്കാലമാണ് ബഹിരാകാശത്ത് തുടരേണ്ടി വന്നത്. മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ സ്പേസ് എക്സ് പേടകത്തിൽ 2025 മാർച്ചിലാണ് അവർ ഭൂമിയിൽ സുരക്ഷിതമായി തിരിച്ചെത്തിയത്.
ഒമ്പത് തവണയായി 62 മണിക്കൂറും ആറ് മിനിറ്റും ബഹിരാകാശ നടത്തം പൂർത്തിയാക്കി സുനിത റെക്കോർഡിട്ടു. 1998ലാണ് സുനിത നാസയിലെത്തിയത്. ഗുജറാത്തിൽ നിന്ന് യുഎസിലേക്ക് കുടിയേറിയ ഡോക്ടർ ദീപക് പാണ്ഡ്യയുടെ മകളാണ് സുനിത. വരുംദിവസങ്ങളിൽ സുനിത ഇന്ത്യയിലെത്തിയേക്കും
Adjust Story Font
16

