Quantcast

19ാം വയസ്സിൽ കോളേജ് വിട്ടു; 25ൽ അലക്‌സാണ്ടർ വാങ്ങ്‌ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരൻ

19ാം വയസ്സിൽ 'സ്‌കൈൽ എ.ഐ' എന്ന സംരംഭം തുടങ്ങിയ അലക്‌സാണ്ടർ വാങ്ങാണ് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരനായി മാറിയത്

MediaOne Logo

Web Desk

  • Published:

    26 May 2022 12:34 PM GMT

19ാം വയസ്സിൽ കോളേജ് വിട്ടു; 25ൽ അലക്‌സാണ്ടർ വാങ്ങ്‌  ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരൻ
X

19ാം വയസ്സിൽ കോളേജ് വിട്ട് പുതിയ സംരംഭം തുടങ്ങിയ കൗമാരക്കാരൻ 25ാം വയസ്സിൽ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരൻ. 19ാം വയസ്സിൽ 'സ്‌കൈൽ എ.ഐ' എന്ന സംരംഭം തുടങ്ങിയ അലക്‌സാണ്ടർ വാങ്ങാണ് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരനായി മാറിയത്. കഴിഞ്ഞ വർഷം 325 മില്യൺ ഡോളർ ഫണ്ട് നേടിയ കമ്പനിയുടെ മൂല്യം 7.3 ബില്യൺ ഡോളറായിരിക്കുകയാണ്. ഫോർബ്‌സ് മാഗസിനാണ് കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്.



കുട്ടിയായിരിക്കെ ഗണിത മത്സരങ്ങളിലായിരുന്നു വാങ്ങിന്റെ കമ്പം. നാഷണൽ മാത്‌സ് ആൻഡ് കോഡിങ് മത്സരങ്ങളിൽ പങ്കെടുക്കുമായിരുന്നു. ഇപ്പോൾ 25ാം വയസ്സിൽ ഇദ്ദേഹത്തിന്റെ കമ്പനി, റഷ്യൺ ബോംബുകൾ യുക്രൈനിൽ സൃഷ്ടിക്കുന്ന നാശനഷ്ടം എത്രയാണെന്ന് നിർമ്മിത ബുദ്ധി (artificial intelligence) ഉപയോഗിച്ച് കണ്ടെത്തുകയാണ്.

ആറു വർഷം മുമ്പ് സാൻഫ്രാൻസിസ്‌കോയിലാണ് വാങ്ങ് സ്‌കൈൽ എ.ഐ സ്ഥാപിച്ചത്. നിലവിൽ അമേരിക്കൻ എയർഫോഴ്‌സ് ആൻഡ് ആർമിയെ നിർമ്മിത ബുദ്ധിയുപയോഗിക്കുന്നതിൽ സഹായിക്കാൻ കമ്പനിക്ക് 110 മില്യൺ ഡോളറിന്റെ കരാറുണ്ട്.


സാറ്റലൈറ്റ് ഇമേജുകൾ പരിശോധിക്കുന്നതിൽ മനുഷ്യനേക്കാൾ സ്‌കൈൽ എ.ഐ സാങ്കേതിക വിദ്യക്ക് ഏറെ വേഗമുണ്ട്. സൈനിക ആവശ്യത്തിന് വേണ്ടി മാത്രമല്ല ഈ വിദ്യ ഉപയോഗിക്കുന്നത്. ഫ്‌ളക്‌സ്‌പോർട്ട്, ജനറൽ മോട്ടോർസ് എന്നിവയെ പോലുള്ള 300 കമ്പനികൾ മില്യൺ കണക്കിന് രേഖകൾ, സെൽഫ് ഡ്രൈവിങ് കാറുകളിലെ അസംസ്‌കൃത ഫൂട്ടേജ് പോലുള്ളവ അസംസ്‌കൃത വിവരങ്ങൾ വേർതിരിച്ചെടുക്കാൻ സ്‌കൈൽ ഉപയോഗിക്കുന്നുണ്ടെന്ന് ഫോർബ്‌സ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.


'എല്ലാ ഇൻഡസ്ട്രിയും വൻതോതിൽ വിവരങ്ങൾക്ക് മുമ്പിലാണിരിക്കുന്നത്. ഏറ്റവും പ്രധാനവിവരങ്ങൾ കണ്ടെത്തി നൽകുകയാണ് ഞങ്ങളുടെ ലക്ഷ്യം. അതേസമയം തന്നെ നിർമ്മിത ബുദ്ധി ഉപയോഗപ്പെടുത്തി ബിസിനസിന് ഉണർവേകാനും ഞങ്ങൾ ലക്ഷ്യമിടുന്നു' തന്റെ സംരംഭത്തെ കുറിച്ച് വാങ്ങ് വ്യക്തമാക്കി. കമ്പനിയിൽ വാങ്ങിന്റെ 15 ശതമാനം ഓഹരിയുടെ മൂല്യം ഒരു ബില്യൺ ഡോളറാണ്.


യു.എസ് സൈന്യത്തിന്റെ ആയുധ പ്രൊജക്ടിൽ പ്രവർത്തിച്ച ഫിസിക്‌സ്റ്റുകളായിരുന്നു വാങ്ങിന്റെ മാതാപിതാക്കൾ. സ്‌കൂൾ പഠനകാലത്ത് 'ക്വാറ'യിൽ കോഡിങ് ചെയ്തിരുന്നു. പിന്നീട് ലൂസി ഗുവോയെ കണ്ടുമുട്ടുകയും അവൾക്കൊപ്പം സ്‌കൈൽ എ.ഐ സ്ഥാപിക്കുകയും ചെയ്തു. വേനൽക്കാലത്ത് മാത്രമുള്ള ഒരു ഏർപ്പാടെന്ന് മാത്രം മാതാപിതാക്കളോട് പറഞ്ഞാണ് സംരംഭത്തിനിറങ്ങിയതെന്നും എന്നാൽ പിന്നീട് സ്‌കൂളിലേക്ക് തിരിച്ചുപോയിട്ടില്ലെന്നും വാങ് ഫോർബ്‌സിനോട് വ്യക്തമാക്കി.

At 25, Alexander Wang became the youngest billionaire in the world

TAGS :
Next Story