Quantcast

'ഒറ്റ ദിവസം കൊണ്ട് മസ്കിനെ വീഴ്ത്തിയ 81കാരൻ, അഞ്ച് വിവാഹങ്ങൾ, സ്റ്റീവ് ജോബ്സ് വെഡ്ഡിങ് ഫോട്ടോഗ്രാഫര്‍'; ലാറി എല്ലിസണെക്കുറിച്ച് അറിയാം

ബ്ലൂംബെർഗ് ബില്യണയർ സൂചിക പ്രകാരം, 363 ബില്യൺ ഡോളറുമായി എല്ലിസൺ നിലവിൽ ലോകത്തിലെ രണ്ടാമത്തെ ധനികനാണ്

MediaOne Logo

Web Desk

  • Published:

    14 Sept 2025 2:40 PM IST

ഒറ്റ ദിവസം കൊണ്ട് മസ്കിനെ വീഴ്ത്തിയ 81കാരൻ, അഞ്ച് വിവാഹങ്ങൾ, സ്റ്റീവ് ജോബ്സ് വെഡ്ഡിങ് ഫോട്ടോഗ്രാഫര്‍; ലാറി എല്ലിസണെക്കുറിച്ച് അറിയാം
X

വാഷിങ്ടൺ: ഒറ്റ ദിവസം കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനായി മാറിയ ലാറി എല്ലിസണിലായിരുന്നു കുറച്ചു ദിവസമായി സോഷ്യൽമീഡിയയുടെ ശ്രദ്ധ. ന്യൂയോര്‍ക്കില്‍ ജനിച്ച എല്ലിസണ്‍ സോഫ്റ്റ്‌വെയര്‍ ഭീമനായ ഒറാക്കിളിന്‍റെ ചെയര്‍മാനും ചീഫ് ടെക്‌നോളജി ഓഫീസറും സഹസ്ഥാപകനുമാണ്. ബുധനാഴ്ച ഒറാക്കിളിന്‍റെ ഓഹരികൾ കുതിച്ചുയര്‍ന്നതോടെയാണ് ടെസ്‍ല മേധാവി ഇലോൺ മസ്കിനെ മറികടന്ന് എല്ലിസൺ ഒന്നാമതെത്തിയത്. തൊട്ടുപിന്നാലെ മസ്ക് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചെങ്കിലും ഒറാക്കിളിന്‍റെ പ്രകടനം നിക്ഷേപകരെയും വിപണിയെയും ഒരുപോലെ ഞെട്ടിച്ചിരുന്നു.

ബ്ലൂംബെർഗ് ബില്യണയർ സൂചിക പ്രകാരം, 363 ബില്യൺ ഡോളറുമായി എല്ലിസൺ നിലവിൽ ലോകത്തിലെ രണ്ടാമത്തെ ധനികനാണ്. 399 ബില്യൺ ഡോളറുമായി മസ്‌ക് ഒന്നാം സ്ഥാനത്ത് തുടരുന്നു.81കാരനായ എല്ലിസൺ പ്രൊഫഷണൽ ജീവിതത്തോടൊപ്പം വ്യക്തിജീവിതത്തിലൂടെയും വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്.

ആരാണ് ലാറി എല്ലിസണ്‍?

1944-ല്‍ ന്യൂയോര്‍ക്ക് സിറ്റിയിലായിരുന്നു ലാറിയുടെ ജനനം. അവിവാഹിതയായ 19 വയസ്സുള്ള ജൂത സ്ത്രീ ഫ്‌ലോറന്‍സ് സ്‌പെല്‍മാന്റെ മകനായായിരുന്നു ജനനം. ഒമ്പത് മാസം പ്രായമുള്ളപ്പോള്‍ അദ്ദേഹത്തിന് ന്യുമോണിയ ബാധിച്ചു. തുടര്‍ന്ന് അമ്മയുടെ അമ്മായിയും അമ്മാവനുമായ ലിലിയനും ലൂയിസ് എലിസണും ചേര്‍ന്ന് അവനെ ദത്തെടുക്കുകയായിരുന്നു. അങ്ങനെ ലാറി ചിക്കാഗോയിലേയ്ക്ക് പറിച്ചു നടപ്പെട്ടു.

ഇതിനുശേഷം, 22-ാം വയസ്സിൽ അദ്ദേഹം കാലിഫോർണിയയിലെ ബെർക്ക്‌ലിയിലേക്ക് താമസം മാറി. അവിടെ അദ്ദേഹം ആംപെക്സിൽ കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് ജോലി ഏറ്റെടുത്തു. 1977-ൽ, എല്ലിസൺ രണ്ട് സഹപ്രവർത്തകരുമായി ചേർന്ന് ഒരു കമ്പനി ആരംഭിച്ചു. ഈ കമ്പനിയാണ് പിന്നീട് ഒറാക്കിൾ ആയി മാറിയത്.

ലാറിയുടെ വിവാഹം

എലിസണിന്റെ ആദ്യ വിവാഹം 1967 ൽ അഡാ ക്വിന്നുമായി ആയിരുന്നു.സാമ്പത്തിക ബുദ്ധിമുട്ടുകൾ കൊണ്ട് നട്ടംതിരിയുന്ന സമയത്തായിരുന്നു വിവാഹം. ഈ ബന്ധം ഏഴ് വര്‍ഷത്തോളം നീണ്ടുനിന്നു. ഒടുവിൽ സാമ്പത്തിക പ്രതിസന്ധി കടുത്തപ്പോൾ ഇരുവരും വേര്‍പിരിയുകയായിരുന്നു. ഇതിനുശേഷം, എല്ലിസൺ 1970ൽ നാൻസി വീലർ ജെങ്കിൻസിനെ വിവാഹം കഴിച്ചു. പക്ഷേ ആ ബന്ധം ഒരു വർഷം മാത്രമേ നീണ്ടുനിന്നുള്ളൂ.1980-കളിൽ, എലിസൺ തന്റെ കമ്പനിയിൽ റിസപ്ഷനിസ്റ്റായിരുന്ന ബാർബറ ബൂത്തിനെ വിവാഹം കഴിച്ചു. ഈ ബന്ധത്തിൽ ഡേവിഡ്, മേഗൻ എലിസൺ എന്നീ രണ്ട് കുട്ടികളുണ്ട്. എന്നാൽ ഈ വിവാഹത്തിനും അധികം ആയുസുണ്ടായില്ല. മൂന്നാം വര്‍ഷം ഇരുവരും വേര്‍പിരിഞ്ഞു.

സ്റ്റീവ് ജോബ്സ് വെഡ്ഡിംഗ് ഫോട്ടോഗ്രാഫറായ നാലാം വിവാഹം

2003ലായിരുന്നു എല്ലിസണിന്‍റെ നാലാമത്തെ വിവാഹം. എഴുത്തുകാരിയായ മെലാനി ക്രാഫ്റ്റായിരുന്നു വധു. ആപ്പിൾ സ്ഥാപകൻ സ്റ്റീവ് ജോബ്സ് ആയിരുന്നു വിവാഹ ചിത്രങ്ങളെടുത്തത്. ഏഴ് വര്‍ഷം ഈ ബന്ധം നീണ്ടുനിന്നു. ഒടുവിൽ 2010ൽ പിരിഞ്ഞു. ഇതിനുശേഷം, എല്ലിസൺ യുക്രേനിയൻ മോഡലും ആക്ടിവിസ്റ്റുമായ നികിത കാനുമായി അടുപ്പത്തിലായി. 2016ൽ ഈ ബന്ധവും തകര്‍ന്നു. തുടര്‍ന്ന് തന്നെക്കാൾ 47 വയസ് ഇളയ ജോളിൻ ഷുവിനെ വിവാഹം കഴിച്ചു.

ആഡംബര ജീവിതം

ആഡംബര ജീവിതത്തിന് പേരുകേട്ട എല്ലിസൺ ദശലക്ഷക്കണക്കിന് ഡോളറുകൾ ചെലവഴിച്ച വീടുകളും സ്ഥലങ്ങളും വാരിക്കൂട്ടി. കാലിഫോർണിയയിലെ മാലിബുവിലുള്ള പ്രോപ്പർട്ടി, റാഞ്ചോ മിറേജിലെ ഒരു വീടും സ്വകാര്യ ഗോൾഫ് കോഴ്‌സും വുഡ്‌സൈഡിലെ ജാപ്പനീസ് കൊട്ടാരം പോലുള്ള വീടും ഇതിൽ ഉൾപ്പെടുന്നു.റോഡ് ഐലൻഡിലെ ന്യൂപോർട്ടിൽ ആസ്റ്റർ ബീച്ച്വുഡ് മാൻഷനും ഉണ്ട്. 2012 ൽ ഏകദേശം 300 മില്യൺ ഡോളറിന് എല്ലിസൺ ഹവായിയിൽ ഒരു ദ്വീപ് മുഴുവൻ വാങ്ങിയിട്ടുണ്ട്. ഒറാക്കിൾ, ടെസ്‍ല എന്നിവയ്‌ക്കൊപ്പം നിരവധി കമ്പനികളിലും അദ്ദേഹത്തിന് ഓഹരികളുണ്ട്.

TAGS :

Next Story