കിഴക്കൻ യുഎസിനെ വലച്ച് ശക്തമായ മഴ: മരണം 10 ആയി
തെരച്ചിലും രക്ഷാപ്രവർത്തനവും തുടരുന്നതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്

ന്യൂയോര്‍ക്ക്: അമേരിക്കയുടെ തെക്ക്-കിഴക്കൻ മേഖലയിലുണ്ടായ കനത്ത മഴയില്‍ വന്‍ നാശനഷ്ടം. പത്ത് മരണം സംഭവിച്ചതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ശനി, ഞായര്‍ ദിവസങ്ങളില്‍ കെന്റക്കി ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ പെയ്ത മഴയില്‍ പല റോഡുകളും വീടുകളും വെള്ളത്തിനടിയിലായി.
തന്റെ സംസ്ഥാനത്ത് ഒമ്പത് മരണം സ്ഥിരീകരിച്ചതായി കെന്റക്കി ഗവർണർ ആൻഡി ബെഷിയർ പറഞ്ഞു. വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ 1000 പേരെ രക്ഷപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം ഞായറാഴ്ച വ്യക്തമാക്കിയിരുന്നു. കുറഞ്ഞത് ഒരു ദശാബ്ദത്തിനിടെ കൈകാര്യം ചെയ്യുന്ന ഏറ്റവും ഗുരുതരമായ സാഹചര്യമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം തെരച്ചിലും രക്ഷാപ്രവർത്തനവും തുടരുന്നതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. വെള്ളത്തില്‍ കാറുകള്‍ കുടുങ്ങിയത് മൂലമുണ്ടായ അപകടമാണ് അധികവും. മറ്റൊരു മരണം റിപ്പോര്‍ട്ട് ചെയ്തത് ജോർജിയയിലാണ്. വീടിലേക്ക് സമീപത്തെ കൂറ്റന്‍ മരം കടപുഴകി വീണാണ് ഇവിടെ മരണം സംഭവിച്ചത്.
വൈദ്യുതി ബന്ധം എല്ലായിടത്തും തകരാറിലായിട്ടുണ്ട്. കെന്റക്കിയില്‍ കുറഞ്ഞത് 39,000 വീടുകളിലെങ്കിലും വൈദ്യുതിയില്ലെന്നാണ് റിപ്പോര്‍ട്ട്. കെൻ്റക്കി, ജോർജിയ, അലബാമ, മിസിസിപ്പി, ടെന്നസി, വിർജീനിയ, വെസ്റ്റ് വിർജീനിയ, നോർത്ത് കരോലിന എന്നിവിടങ്ങളിൽ ശക്തമായ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന പ്രവചനമുണ്ടായിരുന്നു.
കഴിഞ്ഞ സെപ്തംബറില്‍, ഹെലൻ ചുഴലിക്കാറ്റിൽ ഈ സംസ്ഥാനങ്ങളിലെല്ലാം കനത്ത നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരുന്നത്. അതേസമയം രക്ഷാപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ യുഎസ് പ്രസിഡന്റ് ട്രംപ് നിര്‍ദേശം നല്‍കി. ഇതിനായി അടിയന്തര ഫണ്ടും അദ്ദേഹം അനുവദിച്ചു.
Adjust Story Font
16

