Quantcast

മുസ്‍ലിം സംഘടനകളെയും പള്ളികളെയും സുരക്ഷാഭീഷണിയായി അടയാളപ്പെടുത്തി 'ഇസ്‍ലാം മാപ്പ്'; ഓസ്ട്രിയൻ ഭരണകൂടത്തിന്റെ നടപടിയിൽ വ്യാപക പ്രതിഷേധം

മുസ്‍ലിംകൾക്കെതിരായ കൂടുതൽ വിദ്വേഷ പ്രചാരണങ്ങളിലേക്കും കുറ്റകൃത്യങ്ങളിലേക്കുമായിരിക്കും ഇതു നയിക്കുകയെന്ന് മുസ്‍ലിം സംഘടനകൾ കുറ്റപ്പെടുത്തി

MediaOne Logo

Web Desk

  • Updated:

    2021-05-29 18:27:24.0

Published:

29 May 2021 6:23 PM GMT

മുസ്‍ലിം സംഘടനകളെയും പള്ളികളെയും സുരക്ഷാഭീഷണിയായി അടയാളപ്പെടുത്തി ഇസ്‍ലാം മാപ്പ്; ഓസ്ട്രിയൻ ഭരണകൂടത്തിന്റെ നടപടിയിൽ വ്യാപക പ്രതിഷേധം
X

മുസ്‍ലിം സംഘടനകളുടെ ആസ്ഥാനങ്ങളെയും പള്ളികളെയും സുരക്ഷാഭീഷണിയായി അടയാളപ്പെടുത്തി 'ഇസ്‍ലാം മാപ്പ് ' പ്രസിദ്ധീകരിച്ച് ഓസ്ട്രിയൻ ഭരണകൂടം. ഓസ്ട്രിയയിലെ 600ലേറെ വരുന്ന പള്ളികളും മുസ്‍ലിം സംഘടനാ കേന്ദ്രങ്ങളും സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളും അവയുടെ വിദേശബന്ധവുമെല്ലാം വിശദീകരിച്ചുകൊണ്ടാണ് പ്രത്യേക പോർട്ടൽ ആരംഭിച്ചിരിക്കുന്നത്. നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. രാജ്യത്തെ മുസ്‍ലിംകളെ തെറ്റായി ചിത്രീകരിക്കുന്ന നീക്കം കൂടുതൽ വിദ്വേഷപ്രചാരണങ്ങൾക്കും ആക്രമണങ്ങൾക്കും ഇടയാക്കുമെന്ന് ഓസ്ട്രിയയിലെ വിവിധ മുസ്‍ലിം സംഘടനകൾ കുറ്റപ്പെടുത്തി.

വിയന്ന സർവകലാശാലയുമായും സർക്കാരിന്റെ ഡോക്യുമെന്റേഷൻ സെന്റർ ഓഫ് പൊളിറ്റിക്കൽ ഇസ്‍ലാം വകുപ്പുമായും ചേർന്നാണ് ഇങ്ങനെയൊരു പോർട്ടൽ ആരംഭിച്ചിരിക്കുന്നത്. ഇന്റഗ്രേഷൻ മന്ത്രാലയമാണ് ഇതിനു മുൻകൈയെടുത്തത്. മതത്തെയല്ല, രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളെയാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് ഇന്റഗ്രേഷൻ മന്ത്രി സൂസൻ റാബ് വ്യക്തമാക്കി. രാജ്യത്ത് സുതാര്യത കൊണ്ടുവരാനാണ് ഈ വിവരങ്ങൾ ഉപയോഗിക്കുകയെന്നും റാബ് വിശദീകരിച്ചു.

തീവ്രവാദ സ്വഭാവമുള്ള മുസ്‍ലിം സംഘടനകളെ നേരിടാനുള്ള പദ്ധതികളുടെ ഭാഗമായാണ് പോർട്ടൽ ആരംഭിച്ചിരിക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ, ബോസ്‌നിയ-അൽബേനിയ കുടിയേറ്റക്കാരുടെ കേന്ദ്രങ്ങൾ മുതൽ യുവജന സംഘടനകളും സ്‌പോർട്‌സ് ക്ലബുകളുമെല്ലാം ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. ഓസ്ട്രിയയിലെ ഒരുവിധം എല്ലാ മുസ്‍ലിം പള്ളികളെയും സംഘടനാ കേന്ദ്രങ്ങളെയും കുറിച്ചുള്ള വിവരങ്ങളും പോർട്ടലിൽ ചേർത്തിട്ടുണ്ട്.

മുസ്‍ലിംകൾക്കെതിരായ കൂടുതൽ വിദ്വേഷ പ്രചാരണങ്ങളിലേക്കും കുറ്റകൃത്യങ്ങളിലേക്കുമായിരിക്കും ഇതു നയിക്കുകയെന്ന് മുസ്‍ലിം ഓസ്ട്രിയൻസ് ഇനിഷ്യേറ്റീവ് ചെയർമാൻ തറാഫ ബഗാജാതി പ്രതികരിച്ചു. മുസ്ലിം യുവജന സംഘടനകളെ സുരക്ഷാ ഭീഷണിയായാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് മുസ്‍ലിം യൂത്ത് ഓസ്ട്രിയ ചെയർമാൻ അദിസ് സെരിഫോവിച്ച് കുറ്റപ്പെടുത്തി.

ഓസ്ട്രിയയിലെ വലിയ ശതമാനം മുസ്‍ലിംകളും തുർക്കി വംശജരാണ്. പോർട്ടൽ വംശീയവും മുസ്‍ലിം വിരുദ്ധവുമാണെന്ന് തുർക്കി വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. നിലവിലെ ഭരണകൂടത്തിൽ സഖ്യകക്ഷിയായ ഗ്രീൻ പാർട്ടി പദ്ധതിയെ തള്ളിക്കളഞ്ഞിട്ടുണ്ട്. തങ്ങൾക്ക് ഇതേക്കുറിച്ചു വിവരം ലഭിച്ചിരുന്നില്ലെന്നും സമന്വയ നയങ്ങൾക്കും സംവാദങ്ങൾക്കും വിരുദ്ധമാണ് പദ്ധതിയെന്നും ഗ്രീൻ പാർട്ടി വക്താവ് ഫൈക അൽനഗാഷി പറഞ്ഞു.

TAGS :

Next Story