Quantcast

'ബ​ഗ്രാം വ്യോമതാവളം തിരികെ നൽകണം, ഇല്ലെങ്കിൽ മോശമായ കാര്യങ്ങൾ സംഭവിക്കും': അഫ്ഗാനിസ്താന് മുന്നറിയിപ്പുമായി ട്രംപ്‌

അഫ്​ഗാനിൽ നിന്നും പിന്മാറാനുള്ള മുൻ പ്രസിഡന്റിന്റെ നീക്കം വൻ പരാജയമായിരുന്നെന്ന് ട്രംപ് പലപ്പോഴായി വിമർശിച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2025-09-21 05:11:47.0

Published:

21 Sept 2025 10:40 AM IST

ബ​ഗ്രാം വ്യോമതാവളം തിരികെ നൽകണം, ഇല്ലെങ്കിൽ മോശമായ കാര്യങ്ങൾ സംഭവിക്കും: അഫ്ഗാനിസ്താന് മുന്നറിയിപ്പുമായി ട്രംപ്‌
X

വാഷിങ്ടണ്‍: ബ​ഗ്രാം വ്യോമതാവളം അമേരിക്കയ്ക്ക് തിരികെ നൽകാൻ അഫ്​ഗാൻ സർക്കാർ വിസമ്മതിച്ചാൽ അതിരൂക്ഷമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്. ട്രൂത്ത് സോഷ്യലിലെ പോസ്റ്റിലൂടെയാണ് ട്രംപിന്റെ ഭീഷണി.

നേരത്തെയും സമാനമായ രീതിയിൽ ബ​ഗ്രാം വ്യോമതാവളം തിരിച്ചുപിടിക്കുന്നതിനെക്കുറിച്ച് ‌ട്രംപ് പരാമർശിച്ചിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറിനൊപ്പം നടത്തിയ പത്രസമ്മേളനത്തിലും ബഗ്രാം വ്യോമതാവളത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.

'ഞങ്ങൾ അതിനായി ശ്രമിച്ചുകൊണ്ടിരിക്കുന്നു. അഫ്​ഗാനിസ്ഥാനുമായി സംസാരിച്ചുകൊണ്ടിരിക്കുന്നു. തിരികെ നൽകാൻ അഫ്​ഗാൻ വിസമ്മതിക്കുന്ന പക്ഷം മോശമായ കാര്യങ്ങൾ സംഭവിക്കും'- ട്രംപ് പറഞ്ഞു. അതേസമം യുഎസ് സാന്നിധ്യം രാജ്യത്ത് ഇനിയും വരാനുള്ള ഒരു ശ്രമത്തെയും അഫ്ഗാന്‍ പ്രോത്സാഹിപ്പിക്കുന്നില്ല. അഫ്ഗാൻ ഉദ്യോഗസ്ഥർ ഇതിനകം തന്നെ എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്തു.

അതേസമയം ബ​ഗ്രാം സൈനിക താവളം തിരിച്ചുപിടിക്കുന്നതുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മുന്നിൽ വ്യക്തമായ ഉത്തരം പറയാൻ ട്രംപ് തയ്യാറായിരുന്നില്ല. 2001 സെപ്റ്റംബർ 11ലെ ആക്രമണത്തിന് ശേഷം അമേരിക്കൻ സേന ഉപയോഗിച്ചിരുന്ന താവളത്തിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാൻ അമേരിക്ക ശ്രമിച്ചുവെന്ന് ട്രംപ് നേരത്തെ വാദിച്ചിരുന്നു. ഒരുകാലത്ത് അഫ്​ഗാനിസ്ഥാനിലെ ഏറ്റവും വലിയ യുഎസ് സൈനിക താവളമായിരുന്ന ബ​ഗ്രാം, രണ്ട് പതിറ്റാണ്ടുകളായി അമേരിക്കൻ-നാറ്റോ പ്രവർത്തനങ്ങൾക്കുള്ള കേന്ദ്രമായിരുന്നു.

അഫ്​ഗാനിൽ നിന്നും പിന്മാറാനുള്ള മുൻ പ്രസിഡന്റിന്റെ നീക്കം വൻ പരാജയമായിരുന്നെന്ന് ട്രംപ് പലപ്പോഴായി വിമർശിച്ചിട്ടുണ്ട്. കൂടാതെ, ബ​ഗ്രാം വ്യോമതാവളം നഷ്ടപ്പെട്ടതോടൊപ്പം ആണവായുധങ്ങൾ നിർമിക്കാനായി അഫ്​ഗാനിസ്ഥാനിലേക്ക് കടന്നുകയറാനുള്ള ചൈനയുടെ താത്പര്യത്തെയും ട്രംപ് സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. അതേസമയം, വ്യോമതാവളം തിരിച്ചുപിടിക്കുന്നതിനായി നയതന്ത്രപരമോ അല്ലാതെയോ ഏതൊക്കെ നടപടികളാണ് പിന്തുടരുന്നതെന്ന് യുഎസ് ഉദ്യോ​ഗസ്ഥർ വിശദീകരണം നൽകിയിട്ടില്ല.

TAGS :

Next Story