Quantcast

ഇന്തോനേഷ്യയിൽ അഗ്നിപര്‍വത സ്ഫോടനം; ബാലിയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി, എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയില്‍ തിരിച്ചിറക്കി

ബാലിയുടെ കിഴക്കുള്ള അഗ്നിപര്‍വതം പൊട്ടിത്തെറിച്ച് 10 കിലോമീറ്ററോളം ആകാശത്തേക്ക് തീയും പുകയും ഉയര്‍ന്നു

MediaOne Logo

Web Desk

  • Published:

    18 Jun 2025 11:35 AM IST

volcano eruption
X

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ബാലിയിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയില്‍ തിരിച്ചിറക്കി. ബാലി വിമാനത്താവളത്തിന് സമീപമുണ്ടായ അഗ്നിപര്‍വത സ്ഫോടനത്തെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്. ഇന്തോനേഷ്യയിലെ റിസോർട്ട് ദ്വീപായ ബാലിയിലേക്കും തിരിച്ചുമുള്ള ഡസൻ കണക്കിന് വിമാനങ്ങൾ ബുധനാഴ്ച റദ്ദാക്കിയതായി അധികൃതരും ദ്വീപ് വിമാനത്താവള അധികൃതരും അറിയിച്ചു.

ബാലിയുടെ കിഴക്കുള്ള അഗ്നിപര്‍വതം പൊട്ടിത്തെറിച്ച് 10 കിലോമീറ്ററോളം ആകാശത്തേക്ക് തീയും പുകയും ഉയര്‍ന്നു. വിനോദസഞ്ചാര ദ്വീപായ ഫ്ലോറസിലെ 1,584 മീറ്റർ (5,197 അടി) ഉയരമുള്ള അഗ്നിപർവതമായ മൗണ്ട് ലെവോട്ടോബി ലക്കി-ലാക്കിയാണ് ചൊവ്വാഴ്ച പൊട്ടിത്തെറിച്ചത്. അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നൽകിയിട്ടുണ്ട്. "കിഴക്കൻ നുസ തെങ്കാരയിലെ ലെവതോബി ലക്കി-ലാകി അഗ്നിപർവതം പൊട്ടിത്തെറിച്ചതു മൂലം, ഐ ഗുസ്തി എൻഗുറാ റായ് വിമാനത്താവളത്തിലെ നിരവധി വിമാനങ്ങൾ റദ്ദാക്കി," എയർപോർട്ട് ഓപ്പറേറ്റർ അങ്കസ പുര ഇന്തോനേഷ്യ എഎഫ്‌പിയോട് പ്രസ്താവനയിൽ അറിയിച്ചു. ആസ്ത്രേലിയയിലുടനീളമുള്ള നഗരങ്ങളിലേക്കുള്ള ജെറ്റ്‌സ്റ്റാർ, വിർജിൻ ഓസ്‌ട്രേലിയ വിമാനങ്ങൾ റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു. എയർ ന്യൂസിലാൻഡ്, സിംഗപ്പൂരിലെ ടൈഗർഎയർ, ചൈനയുടെ ജുനിയാവോ എയർലൈൻസ് എന്നിവയുുടെ വിമാനങ്ങളും റദ്ദാക്കിയതായി ബാലി അന്താരാഷ്ട്ര വിമാനത്താവള വെബ്‌സൈറ്റ് അറിയിച്ചു.

ഫ്ലോറസിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ ലാബുവാൻ ബാജോയിലേക്ക് പുറപ്പെടേണ്ട നിരവധി ആഭ്യന്തര എയർ ഏഷ്യ വിമാനങ്ങളും റദ്ദാക്കി.വിമാനങ്ങൾ റദ്ദാക്കിയെങ്കിലും വ്യോമയാന കേന്ദ്രം ഇപ്പോഴും സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ബാലി വിമാനത്താവളത്തിലെ ഒരു കസ്റ്റമർ സർവീസ് ഏജന്‍റ് എഎഫ്‌പിയോട് വ്യക്തമാക്കി. അഗ്നിപര്‍വത സ്ഫോടനത്തെ തുടര്‍ന്ന് ലെവോട്ടോബി ലക്കി-ലാക്കിക്ക് ചുറ്റുമുള്ള നിരവധി ഗ്രാമങ്ങളിൽ ചാരം മൂടിയിട്ടുണ്ട്. ചൊവ്വാഴ്ച വൈകിട്ടോടെ ഒരു ഗ്രാമമെങ്കിലും ഒഴിപ്പിക്കേണ്ടി വന്നതായും രാജ്യത്തെ ദുരന്ത ലഘൂകരണ ഏജൻസി അറിയിച്ചു.അഗ്നിപര്‍വതത്തിന് സമീപം ഏഴ് കിലോമീറ്ററിനുള്ളിൽ താമസക്കാരും വിനോദസഞ്ചാരികളും വിട്ടുനിൽക്കണമെന്ന് ജിയോളജി ഏജൻസി അറിയിച്ചു. കനത്ത മഴ പെയ്താൽ, പ്രത്യേകിച്ച് നദികൾക്ക് സമീപമുള്ള പ്രദേശങ്ങളിൽ അപകടകരമായ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി.

അതേസമയം നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല. നവംബറിൽ, അഗ്നിപർവതം പലതവണ പൊട്ടിത്തെറിച്ചിരുന്നു. ഒമ്പത് പേർ മരിക്കുകയും ചെയ്തു. ബാലിയിലേക്കുള്ള നിരവധി അന്താരാഷ്ട്ര വിമാനങ്ങൾ റദ്ദാക്കിയിരുന്നു. ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു.

TAGS :

Next Story