Quantcast

സ്കൂളുകളിൽ ബുർഖയ്ക്കും നിഖാബിനും വിലക്ക്; മെലോണിയുടെ നടപടിക്കെതിരെ ഇറ്റലിയിൽ ​പ്രതിഷേധം

2027ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഷ്ട്രീയ സാഹചര്യവും നിരോധന തീരുമാനത്തിന് പിന്നിലുണ്ടാകാമെന്നാണ് ചില രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ

MediaOne Logo

ഹഫീസ പി.കെ

  • Updated:

    2026-09-29 11:44:54

Published:

29 Sept 2026 4:07 PM IST

സ്കൂളുകളിൽ ബുർഖയ്ക്കും നിഖാബിനും വിലക്ക്; മെലോണിയുടെ നടപടിക്കെതിരെ ഇറ്റലിയിൽ ​പ്രതിഷേധം
X

മിലാൻ: സ്കൂളുകളിൽ ബുർഖയും നിഖാബും നിരോധിക്കാനുള്ള ഇറ്റാലിയൻ സർക്കാരിന്റെ തീരുമാനത്തിനെതിരെ രാജ്യത്തെ മുസ്‍ലിം സമൂഹത്തിൽ വിമർശനം.പ്രധാനമന്ത്രി ജോർജിയ മെലോണി മുന്നോട്ടുവച്ച നിരോധനം, ചെറിയൊരു വിഭാഗം മാത്രം ഉപയോഗിക്കുന്ന വസ്ത്രത്തെ വലിയൊരു പൊതുപ്രശ്നമായി ഉയർത്തിക്കാട്ടുന്നതാണെന്നാണ് വിമർശനം.

സ്കൂളുകളിൽ ചില പെൺകുട്ടികൾ ശിരോവസ്ത്രം ധരിക്കാറുണ്ടെങ്കിലും മുഖം പൂർണമായി മറയ്ക്കുന്ന വസ്ത്രം ധരിച്ച വിദ്യാർഥികളെ തന്റെ ഔദ്യോഗിക ജീവിതത്തിൽ കണ്ടിട്ടില്ലെന്ന് ഇറ്റലിയിലെ ഹൈസ്കൂൾ അധ്യാപികയായ 58കാരി മുലൈക ലോറ എൻറിയെല്ലോ അൽ ജസീറയോട് പറഞ്ഞു.

“ഹിജാബ് ധരിച്ച് സ്കൂളിലെത്തുന്ന പെൺകുട്ടികളെ അധ്യാപകരോ വിദ്യാർഥികളോ ബുദ്ധിമുട്ടിക്കാറില്ല,” എൻറിയെല്ലോ പറഞ്ഞു. ബുർഖ ധരിച്ച് ഒരു വിദ്യാർഥിനി സ്കൂളിലെത്തിയാൽ അവളെ തിരിച്ചയക്കാനാകില്ലെന്നും അവർ കൂട്ടിച്ചേർത്തു.

മെലോണിയുടെ നടപടി വിവാദങ്ങൾക്ക് വഴിവയ്ക്കുന്നതാണെന്ന് അൽവാഹിദ് മസ്ജിദിലെ ഇമാം യഹ്യ പല്ലാവിച്ചിനി പറഞ്ഞു. വളരെ ചെറിയൊരു വിഭാഗം മാത്രം ഉപയോഗിക്കുന്ന വസ്ത്രത്തെ കേന്ദ്രീകരിച്ച് ഇസ്‍ലാമിനെക്കുറിച്ചുള്ള പൊതുധാരണയെ സ്വാധീനിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.

അതേസമയം, ലിംഗസമത്വത്തിന്റെ ഭാഗമായാണ് നിരോധനം നടപ്പാക്കുന്നതെന്നാണ് മെലോണിയുടെ നിലപാട്. സ്കൂളിൽ മുഖം മറയ്ക്കാതെ എത്തണമെന്നും, പാരമ്പര്യത്തിന്റെ പേരിൽ യുവതികൾ മുഖം മറയ്ക്കണമെന്ന് നിർബന്ധിക്കാൻ ആർക്കും അവകാശമില്ലെന്നും മെലോണി പറഞ്ഞിരുന്നു.

ഇറ്റലിയിലെ അൻസ വാർത്താ ഏജൻസിയുടെ കണക്കുപ്രകാരം 500 മുതൽ 600 വരെ വിദ്യാർഥിനികളാണ് നിലവിൽ പൂർണമായി മുഖം മറയ്ക്കുന്ന വസ്ത്രം ധരിക്കുന്നത്. ബുർഖ, നിഖാബ് എന്നീ വാക്കുകൾ നേരിട്ട് ഉപയോഗിക്കാതെയാണ് സർക്കാർ ഉത്തരവ് തയ്യാറാക്കിയിരിക്കുന്നത്. സ്കൂളിൽ മുഖം പൂർണമായി മറയ്ക്കുന്നതും വ്യക്തിയെ തിരിച്ചറിയാൻ കഴിയാത്ത തരത്തിലുള്ള മറ്റ് രീതികളും ഉത്തരവിൽ വിലക്കുന്നുണ്ട്.

ഇറ്റലിയിൽ വ്യക്തിയെ തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള വസ്ത്രധാരണം പൊതുസ്ഥലങ്ങളിൽ നേരത്തെ തന്നെ നിയന്ത്രിച്ചിരുന്നെങ്കിലും, സാധുവായ കാരണമുണ്ടെങ്കിൽ ഇളവ് അനുവദിച്ചിരുന്നു.

2027ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഷ്ട്രീയ സാഹചര്യവും നിരോധന തീരുമാനത്തിന് പിന്നിലുണ്ടാകാമെന്നാണ് ചില രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇറ്റലിയിൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിൽ തുടരുന്ന സർക്കാരാണ് മെലോണിയുടേത്. സിൽവിയോ ബെർലുസ്കോണിയുടെ 1412 ദിവസത്തെ തുടർച്ചയായ ഭരണത്തിന്റെ റെക്കോർഡും മെലോണി ഈ മാസം മറികടന്നിരുന്നു.

TAGS :

Next Story