Quantcast

ഉസ്മാൻ‌ ഹാദി വധത്തെ അപലപിച്ച് ബംഗ്ലാദേശ് കമ്യൂണിസ്റ്റ് പാർട്ടി; 'നീതി ഉറപ്പാക്കണം, കൊലയാളികളെയും ആസൂത്രകരേയും ശിക്ഷിക്കണം'

കുടുംബത്തിന്റെയും ബന്ധുക്കളുടേയും ദുഃഖത്തിൽ പങ്കുചേരുന്നതായും അനുശോചനം അറിയിക്കുന്നതായും നേതാക്കൾ പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2025-12-25 06:27:08.0

Published:

25 Dec 2025 11:56 AM IST

Bangladesh Communist Party condemns the killing of Sharif Osman Hadi
X

ധാക്ക: ബംഗ്ലാദേശ് വിദ്യാർഥി പ്രക്ഷോഭ നേതാവ് ഷരീഫ് ഉസ്മാൻ ഹാദിയുടെ കൊലപാതകത്തെ അപലപിച്ചും പ്രതിഷേധം അറിയിച്ചും ബം​ഗ്ലാദേശ് കമ്യൂണിസ്റ്റ് പാർട്ടി. വരാനിരിക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ ധാക്ക-8 സീറ്റിലെ സ്ഥാനാർഥിയായ ഷരീഫ് ഉസ്മാൻ ഹാദിയുടെ കൊലപാതകത്തെ പാർട്ടി ശക്തമായി അപലപിക്കുകയും രോഷം പ്രകടിപ്പിക്കുന്നതായും സിപിബി പ്രസിഡന്റ് കാസി സജ്ജാദ് സാഹിർ ചന്ദനും ജനറൽ സെക്രട്ടറി അബ്ദുല്ല ഖാഫി രത്തനും പ്രസ്താവനയിൽ അറിയിച്ചു. കുടുംബത്തിന്റെയും ബന്ധുക്കളുടേയും ദുഃഖത്തിൽ പങ്കുചേരുന്നതായും അനുശോചനം അറിയിക്കുന്നതായും അവർ പറഞ്ഞു.

കാെലയാളികൾ, ആസൂത്രകർ, സഹായം ചെയ്തവർ അടക്കം കുറ്റക്കാരായ എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ഷരീഫ് ഉസ്മാൻ ഹാദിയുടെ കുടുംബത്തിന് നീതി കിട്ടണമെന്നും പാർട്ടി ആവശ്യപ്പെട്ടു. 'ജൂലൈയിലെ കൂട്ടക്കൊലയ്ക്ക് ഉത്തരവാദികൾ ഇന്ത്യയിൽ അഭയം തേടിയിരിക്കുകയാണ്. ഉസ്മാൻ ഹാദിയുടെ കൊലയാളികളും ഇന്ത്യയിലാണ് അഭയം തേടിയിരിക്കുന്നതെന്നാണ് അന്വേഷണസംഘവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. അവരെ എത്രയുംപെട്ടെന്ന് ബം​ഗ്ലാദേശ് നിയമസംവിധാനത്തിന് കൈമാറാൻ ഇന്ത്യയിലെ സർക്കാർ തയാറാവണം'- നേതാക്കൾ ആവശ്യപ്പെട്ടു. ഉസ്മാൻ ഹാദിയുടെ കൊലപാതകത്തിന് പിന്നാലെ രാജ്യത്ത് വലിയ സംഘർഷം രൂപപ്പെട്ടിട്ടുണ്ടെന്നും പാർട്ടി ചൂണ്ടിക്കാട്ടി.

രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള എല്ലാ ഗൂഢാലോചനകളെയും അരാജകത്വത്തെയും കുറിച്ച് ജാഗ്രത പാലിക്കണമെന്നും കമ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ അഭ്യർഥിച്ചു. വെടിയേറ്റ് സിംഗപ്പൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഷെരീഫ് ഉസ്മാൻ ബിൻ ഹാദി (32) ഈ മാസം 18നാണ് മരിച്ചത്. ഡിസംബർ 12ന് ധാക്കയിലൂടെ ഓട്ടോറിക്ഷയിൽ സഞ്ചരിക്കവെ മോട്ടോർസൈക്കിളിലെത്തിയ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. ​തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ഷെയ്ഖ് ഹസീന വിരുദ്ധ പ്രക്ഷോഭത്തിലെ പ്രമുഖ നേതാവായ ഷെരീഫ് ഉസ്മാന് അഞ്ജാതസംഘത്തിന്റെ വെടിയേറ്റത്.

അടുത്തവർഷം ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ധാക്ക-8 മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥിയായിരുന്നു ഇങ്ക്വിലാബ് മഞ്ച് നേതാവ് ഷെരീഫ് ഉസ്മാൻ. വെടിവച്ച അക്രമികൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചെങ്കിലും ഇതുവരെ പിടികൂടാനായിട്ടില്ല. സംഭവത്തിൽ 20ലേറെ പേരെ അറസ്റ്റ് ചെയ്തെന്നും അന്വേഷണം തുടരുകയാണെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. രണ്ട് പ്രധാന പ്രതികളുടെ ചിത്രങ്ങൾ പുറത്തുവിട്ട പൊലീസ്, ഇവരുടെ വിവരം നൽകുന്നവർക്ക് അഞ്ച് ദശലക്ഷം ടാക്ക (ഏകദേശം 42,000 ഡോളർ) പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ഉസ്മാൻ ഹാദിക്ക് വിട നൽകാൻ ലക്ഷക്കണക്കിനാളുകളാണ് ഖബറടക്കം നടന്ന സ്ഥലത്തേക്ക് എത്തിയത്. ധാക്ക യുണിവേഴ്‌സിറ്റി പള്ളിക്ക് സമീപം ബംഗ്ലാ കവി കാസി നസ്‌റുൽ ഇസ്‌ലാമിന്റെ ഖബറിന് അരികിലാണ് ഉസ്മാൻ ഹാദിയെയും ഖബറടക്കിയത്. രാവിലെ തന്നെ ജനങ്ങൾ കൂട്ടംകൂട്ടമായി മാണിക് മിയ അവന്യൂവിലേക്ക് എത്തി. പാർലമെന്റ് കോംപ്ലക്‌സിന് പുറത്തുള്ള സ്ഥലം അതിവേഗത്തിലാണ് നിറഞ്ഞത്. ദേശീയ പതാക പുതച്ചാണ് പലരും എത്തിയത്. അയൽനഗരങ്ങളിൽ നിന്നും ഗ്രാമങ്ങളിൽ നിന്നും ആളുകൾ ചടങ്ങിനെത്തി. ബംഗ്ലാദേശ് ചരിത്രത്തിലെ വിപ്ലവകാരിയായ കവിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന നസ്‌റുൽ ഇസ്‌ലാമിന്റെ ഖബറിന്റെ അടുത്ത് ഹാദിയെയും ഖബറടക്കിയത് ഇരുവരുടെയും പോരാട്ടത്തിന്റെ സമാനതയായാണ് കാണിക്കുന്നതെന്നാണ് ആളുകൾ പറയുന്നത്.


ഹാദിയുടെ ഖബറടക്ക ചടങ്ങിനായി അധികൃതർ കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. ബോഡി കാമറകളുമായി പൊലീസ് ഉദ്യോഗസ്ഥരെ ധാക്കയിലുടനീളം വിന്യസിച്ചിരുന്നു. ഔദ്യോഗിക ദുഃഖാചരണത്തിന്റെ ഭാഗമായി പൊതു- സ്വകാര്യ സ്ഥാപനങ്ങളിൽ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടി. കഴിഞ്ഞ വർഷം ശൈഖ് ഹസീനയ്ക്കെതിരെ നടന്ന പ്രക്ഷോഭത്തിന്റെ മുഖമായിരുന്ന വ്യക്തിയാണ് ഉസ്മാൻ ഹാദി. ഈ പ്രക്ഷോഭമാണ് ഹസീനയുടെ 15 വർഷം നീണ്ട ഭരണത്തിന് അന്ത്യം കുറിച്ചത്.

TAGS :

Next Story