വെടിയേറ്റ് ചികിത്സയിലായിരുന്ന ബംഗ്ലാദേശ് വിദ്യാർഥി പ്രക്ഷോഭ നേതാവ് മരിച്ചു; പ്രതിഷേധവുമായി ആയിരങ്ങൾ
വെടിവച്ച അക്രമികൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചെങ്കിലും ഇതുവരെ പിടികൂടാനായിട്ടില്ല.

സിംഗപ്പൂർ: ബംഗ്ലാദേശിൽ വെടിയേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി പ്രക്ഷോഭ നേതാവ് മരിച്ചു. സിംഗപ്പൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഷെരീഫ് ഉസ്മാൻ ബിൻ ഹാദി (32)യാണ് മരിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഷെയ്ഖ് ഹസീന വിരുദ്ധ പ്രക്ഷോഭത്തിലെ പ്രമുഖ നേതാവായ ഷെരീഫ് ഉസ്മാന് അഞ്ജാതസംഘത്തിന്റെ വെടിയേറ്റത്.
ഡോക്ടർമാർ കഠിന പരിശ്രമം നടത്തിയെങ്കിലും ഷെരീഫ് മരണത്തിന് കീഴടങ്ങുകയായിരുന്നെന്ന് സിംഗപ്പൂർ വിദേശകാര്യമന്ത്രാലയം അറിയിച്ചു. അടുത്തവർഷം ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ധാക്ക-8 മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥിയായിരുന്നു ഇങ്ക്വിലാബ് മഞ്ച് നേതാവ് ഷെരീഫ് ഉസ്മാൻ. ഡിസംബർ 12ന് ധാക്കയിലൂടെ ഓട്ടോറിക്ഷയിൽ സഞ്ചരിക്കവെ മോട്ടോർസൈക്കിളിലെത്തിയ അക്രമികൾ വെടിയുതിർക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ ധാക്ക മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിച്ചു. എന്നാൽ വിദഗ്ധ ചികിത്സയ്ക്കായി ഡിസംബർ 15ന് ബംഗ്ലാദേശിൽ നിന്ന് സിംഗപ്പൂർ ജനറൽ ആശുപത്രിയിലെ (എസ്‌ജിഎച്ച്) ന്യൂറോ സർജിക്കൽ ഇന്റൻസീവ് കെയർ യൂണിറ്റിലേക്ക് മാറ്റുകയായിരുന്നെന്ന് പ്രാദേശിക ഡോക്ടർമാർ പറഞ്ഞു.
വെടിവച്ച അക്രമികൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചെങ്കിലും ഇതുവരെ പിടികൂടാനായിട്ടില്ല. സംഭവത്തിൽ ഇതുവരെ 20ലേറെ പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും ബംഗ്ലാദേശി പത്രമായ ദി ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നു. രണ്ട് പ്രധാന പ്രതികളുടെ ചിത്രങ്ങൾ പുറത്തുവിട്ട പൊലീസ്, ഇവരുടെ വിവരം നൽകുന്നവർക്ക് അഞ്ച് ദശലക്ഷം ടാക്ക (ഏകദേശം 42,000 ഡോളർ) പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
മരണത്തിൽ ബംഗ്ലാദേശിലെ വിവിധ രാഷ്ട്രീയനേതാക്കളും പാർട്ടികളും അനുശോചനം രേഖപ്പെടുത്തി. ഷെരീഫ് ഉസ്മാന്റെ മരണം രാജ്യത്തിന് നികത്താനാവാത്ത നഷ്ടമാണെന്ന് ബംഗ്ലാദേശ് ഇടക്കാല സർക്കാർ തലവൻ മുഹമ്മദ് യൂനുസ് പ്രതികരിച്ചു. ഷെരീഫിന് നേരെയുണ്ടായ വെടിവെപ്പ് മുൻകൂട്ടി തയാറാക്കിയ ആക്രമണമാണെന്നും മുഹമ്മദ് യൂനുസ് ആരോപിച്ചു.
തെരഞ്ഞെടുപ്പ് അട്ടിമറിക്കുക എന്നതാണ് ഗൂഢാലോചനക്കാരുടെ ലക്ഷ്യമെന്നും ഭയം, ഭീകരത, രക്തച്ചൊരിച്ചിൽ എന്നിവയിലൂടെ ജനാധിപത്യത്തിലേക്കുള്ള രാജ്യത്തിന്റെ മുന്നേറ്റത്തെ തടയാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
'ഇൻഖിലാബ് മഞ്ച് വക്താവും ധാക്ക-8 നിയോജകമണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥിയുമായ ഷെരീഫ് ഉസ്മാൻ ഹാദിയുടെ മരണത്തിൽ ഞങ്ങൾ അഗാധമായ ദുഃഖത്തിലാണ്'- ബംഗ്ലാദേശ് നാഷണൽ പാർട്ടി (ബിഎൻപി) ആക്ടിങ് ചെയർമാൻ താരിഖ് റഹ്മാൻ പറഞ്ഞു. ഹാദിയുടെ മരണത്തിൽ തങ്ങൾ അഗാധമായ ദുഃഖത്തിലാണെന്നും അനുശോചനം രേഖപ്പെടുത്തുന്നതായും നാഷണൽ സിറ്റിസൺ പാർട്ടി (എൻസിപി)യും അറിയിച്ചു.
മരണത്തിന് പിന്നാലെ, ധാക്കയടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വൻ പ്രതിഷേധവുമായി ആയിരങ്ങൾ തെരുവിലിറങ്ങി. വിവിധ കെട്ടിടങ്ങൾക്കു നേരെയും ഓഫീസുകൾക്ക് നേരെയും കല്ലേറുണ്ടായി. സംഘർഷ സാധ്യത കണക്കിലെടുത്ത് സൈനികരെയും അർധസൈനിക വിഭാഗത്തേയും വിന്യസിച്ചിട്ടുണ്ടെങ്കിലും പ്രതിഷേധം കെട്ടടങ്ങിയിട്ടില്ല.
Adjust Story Font
16

