ബംഗ്ലാദേശില്‍ മുഹമ്മദ് യൂനുസ് രാജിവയ്ക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്
കഴിഞ്ഞ ദിവസം ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി യൂനുസിനെതിരെ വലിയ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു

ധാക്ക: ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാറിന്റെ തലവന്‍ മുഹമ്മദ് യൂനുസ് രാജിവയ്ക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും സൈന്യത്തില്‍ നിന്നും എതിര്‍പ്പ് നേരിടുന്നതിനിടെയാണ് യൂനുസ് രാജി സന്നദ്ധത പ്രകടിപ്പിച്ചത്. വിദ്യാര്‍ഥികള്‍ നയിക്കുന്ന നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി നേതാവ് നാഹിദ് ഇസ്ലാമിനെ ഉദ്ധരിച്ച് ബിബിസി ബംഗ്ലയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രധാന പരിഷ്‌കാരങ്ങളില്‍ സമവായത്തിലെത്താത്തതിനാല്‍ മുഹമ്മദ് യൂനുസ് സമ്മര്‍ദത്തിലാണെന്ന് അന്‍ഹിദ് ഇസ്ലാം പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ പാര്‍ട്ടികളില്‍ നിന്നുള്ള വര്‍ദ്ധിച്ചുവരുന്ന സമ്മര്‍ദം കാരണം പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ സമവായത്തിലെത്തുന്നതില്‍ പരാജയപ്പെട്ടെന്നും യൂനുസ് പറഞ്ഞതായി അന്‍ഹിദ് ഇസ്ലാം കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയ പാര്‍ട്ടികള്‍ പൂര്‍ണ പിന്തുണ നല്‍കിയില്ലെങ്കില്‍ രാജിവെക്കുമെന്ന് തന്റെ മന്ത്രിസഭാംഗങ്ങളോട് യൂനുസ് പറഞ്ഞതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. കഴിഞ്ഞ ദിവസം ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി) യൂനുസിനെതിരെ ധാക്കയില്‍ വലിയ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ അധികാരമേറ്റ യൂനുസ് വേഗത്തിലുള്ള പരിഷ്‌കാരങ്ങളും ജനാധിപത്യ ഭരണത്തിലേക്കുള്ള തിരിച്ചുവരവും വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് നടത്താന്‍ വൈകുന്നതിലടക്കം വലിയ പ്രതിഷേധങ്ങള്‍ യൂനുസിന് നേരിടേണ്ടിവന്നു. രാജി സംബന്ധിച്ച് യൂനുസിന്റെ ഓഫീസില്‍ നിന്ന് ഔദ്യോഗിക പ്രസ്താവനകളൊന്നും വന്നിട്ടില്ല.
Adjust Story Font
16

