Quantcast

ഇസ്രായേലുമായി എല്ലാ ബന്ധവും വിച്ഛേദിച്ച് ബാഴ്‌സലോണ; യൂറോപ്പിലെ ആദ്യ നഗരം

"ഫലസ്തീന്‍റെ മണ്ണില്‍ നടത്തിയ അധിനിവേശവും കോളനിവൽക്കരണവും സമാധാനത്തിന് തടസ്സം"

MediaOne Logo

Web Desk

  • Updated:

    2023-11-25 13:44:32.0

Published:

25 Nov 2023 10:14 AM GMT

ഇസ്രായേലുമായി എല്ലാ ബന്ധവും വിച്ഛേദിച്ച് ബാഴ്‌സലോണ; യൂറോപ്പിലെ ആദ്യ നഗരം
X

ബാഴ്‌സലോണ: ഗസ്സയിലെ നിഷ്ഠുരമായ കൂട്ടക്കുരുതിക്കിടെ ഇസ്രായേൽ ഗവൺമെന്റുമായുള്ള എല്ലാ നയതന്ത്ര ബന്ധവും വിച്ഛേദിച്ച് സ്‌പാനിഷ് നഗരമായ ബാഴ്‌സലോണ. നഗര കൗൺസിൽ യോഗമാണ് ഇതു സംബന്ധിച്ച പ്രമേയം പാസാക്കിയത്. ഇസ്രായേലുമായി നയതന്ത്ര ബന്ധം വിച്ഛേദിക്കുന്ന ആദ്യ യൂറോപ്യൻ നഗരമാണ് ബാഴ്‌സലോണ.

ഇസ്രായേൽ നഗരമായ തെൽ അവീവുമായി വിവിധ വിഷയങ്ങളില്‍ സഹകരണ കരാറുള്ള നഗരമാണ് ബാഴ്‌സലോണ. മുൻ മേയർ എഡ കലോവിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ചായ്‌വുള്ള ബാഴ്‌സലോണ എൻ കൊമൻ പാർട്ടി കൊണ്ടുവന്ന പ്രമേയത്തെ ഭരണകക്ഷിയായ സോഷ്യലിസ്റ്റ് പാർട്ടിയും ഇടതു വിഘടന പാർട്ടിയായ ഇആർസിയും പിന്തുണച്ചു. ഏതു തരത്തിലുള്ള കൂട്ടശിക്ഷയും ഗസ്സ മുനമ്പിൽ അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കുന്നതും പരിഷ്‌കൃത സമൂഹത്തിന് ചേർന്നതല്ലെന്ന് പ്രമേയം പറയുന്നു. ഫലസ്തീൻ ഭൂമിയിൽ നടത്തിയ അധിനിവേശവും കോളനിവൽക്കരണവുമാണ് സമാധാനത്തിന് വിഘാതമായി നിൽക്കുന്നതെന്നും പ്രമേയം കുറ്റപ്പെടുത്തി.

ഇത്തരമൊരു തീരുമാനമെടുക്കാൻ യൂറോപ്പ് വൈകിയതിൽ ലജ്ജ തോന്നുന്നുവെന്ന് കൌണ്‍സിലില്‍ സംസാരിക്കവെ എഡ കലോവ് പ്രതികരിച്ചു. 'യൂറോപ്പ് ഇത്രയും വൈകിയത് ലജ്ജാകരമാണ്. യൂറോപ്യൻ സ്ഥാപനങ്ങൾ നമ്മെ നിരാശപ്പെടുത്തിക്കൊണ്ടിരിക്കുന്നു എന്നതിൽ ഞങ്ങൾ ഫലസ്തീൻ ജനതയോട് മാപ്പു ചോദിക്കുന്നു. അധികം വൈകാതെ ഇതിൽ മാറ്റം വരുമെന്നാണ് എന്റെ പ്രതീക്ഷ. ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങൾക്കും വേണ്ടി നില കൊള്ളുന്ന യൂറോപ്പാണ് ഞങ്ങൾക്കു വേണ്ടത്. വംശഹത്യ നടത്തുന്ന ഒരു ഭരണകൂടവുമായുള്ള ബന്ധം പൂർണമായ വെടിനിർത്തൽ ഉണ്ടാകുന്നതു വരെ വിച്ഛേദിക്കുകയാണ്.' - മുൻ മേയർ പറഞ്ഞു.

മനുഷ്യാവകാശ ധ്വംസനങ്ങൾ കണ്ട് നിശ്ശബ്ദമായി നിൽക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു.



' ക്യാമറയ്ക്കു മുമ്പില്‍ കാണുന്ന ഒരുപാട് നിരപരാധികളായ ഫലസ്തീനികൾ നിങ്ങൾ ഞങ്ങളെ കാണുന്നില്ലേ എന്നാണ് ചോദിക്കുന്നത്. ഫലസ്തീനിലെ പ്രതിരോധത്തിന് ശേഷിയില്ലാത്ത സാധാരണക്കാർ ഇന്നും ഇത് ചോദിച്ചു കൊണ്ടേയിരിക്കുന്നു. അതേ, ഇന്ന് ബാഴ്‌സലോണ നഗരം അവരോട് പറയുന്നു, ഞങ്ങൾ നിങ്ങളെ കാണുന്നുണ്ട്. ഞങ്ങൾ നിശ്ശബ്ദരായി നിൽക്കില്ല. അതുമാത്രമല്ല, ഞങ്ങൾ ഇക്കാര്യത്തിലൊരു നിലപാട് സ്വീകരിക്കും. മനുഷ്യാവകാശത്തോടുള്ള പ്രതിബദ്ധതയെ ബാഴ്‌സലോണ വീണ്ടെടുക്കുകയാണ്. ഇസ്രായേലുമായി എല്ലാ ബന്ധവും വിച്ഛേദിക്കുന്നതായി പ്രഖ്യാപിക്കുന്നു. ഫലസ്തീനിലെ ജനം, ഇസ്രായേലിലെ ജനം, ലോകത്തുടനീളമുള്ള ആളുകൾ, എല്ലാവരുടെയും മനുഷ്യാവകാശങ്ങൾക്കായി ഞങ്ങൾ നിലകൊള്ളുന്നു.' - എഡ കലോവ് കൂട്ടിച്ചേർത്തു.

ഈയിടെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ എഡ കലോവിന്റെ പാർട്ടി തോറ്റിരുന്നു. എട്ടു വർഷം അധികാരത്തിലിരുന്ന ശേഷമായിരുന്നു തോൽവി. 25 വർഷമായി ടെൽ അവീവുമായുള്ള ട്വിൻ സിറ്റി കരാറിൽ നിന്ന് പിന്മാറുന്നതായി ഫെബ്രുവരിയിൽ അവർ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ബാഴ്‌സലോണയ്ക്ക് മാത്രമല്ല, സ്‌പെയിനിലെ പെഡ്രോ സാഞ്ചസ് ഭരണകൂടത്തിനും ഫലസ്തീൻ വിഷയത്തിൽ ഇസ്രായേൽ വിരുദ്ധനിലപാടാണ് ഉള്ളത്.

TAGS :

Next Story