Quantcast

'നിങ്ങൾ പാവപ്പെട്ട കുട്ടികളെ കൊല്ലുകയാണ്': ഇസ്രേയലിനെ പിന്തുണച്ചതിന് യുഎസ് സെനറ്റിൽ പ്രതിഷേധിച്ച ബെൻ & ജെറി സഹസ്ഥാപകൻ ബെൻ കോഹൻ അറസ്റ്റിൽ

ഗസ്സയിൽ കുട്ടികളെ കൊല്ലാൻ യുഎസ് കോൺഗ്രസ് ബോംബുകളയച്ചു എന്ന് പറഞ്ഞതിനാണ് ബെൻ & ജെറിയുടെ സഹസ്ഥാപകനായ ബെൻ കോഹനെ യുഎസ് സെനറ്റ് ഹിയറിംഗിൽ നിന്ന് വലിച്ചിഴച്ച് കൊണ്ടുപോയി അറസ്റ്റ് ചെയ്തത്

MediaOne Logo

Web Desk

  • Published:

    16 May 2025 2:49 PM IST

നിങ്ങൾ പാവപ്പെട്ട കുട്ടികളെ കൊല്ലുകയാണ്: ഇസ്രേയലിനെ പിന്തുണച്ചതിന് യുഎസ് സെനറ്റിൽ പ്രതിഷേധിച്ച ബെൻ & ജെറി സഹസ്ഥാപകൻ ബെൻ കോഹൻ അറസ്റ്റിൽ
X

വാഷിംഗ്‌ടൺ: ഗസ്സയിൽ കുട്ടികളെ കൊല്ലാൻ യുഎസ് കോൺഗ്രസ് ബോംബുകളയച്ചു എന്ന് പറഞ്ഞതിന് ബെൻ & ജെറിയുടെ സഹസ്ഥാപകനായ ബെൻ കോഹനെ ബുധനാഴ്ച യുഎസ് സെനറ്റ് ഹിയറിംഗിൽ നിന്ന് വലിച്ചിഴച്ച് കൊണ്ടുപോയി അറസ്റ്റ് ചെയ്തു. ഗസ്സയിൽ ഇസ്രയേലിന്റെ വംശഹത്യ യുദ്ധത്തെ അമേരിക്ക പിന്തുണക്കുന്നതിനെതിരെ പ്രതിഷേധിച്ചതിനാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. 'ബോംബുകൾ വാങ്ങി ഗസ്സയിലെ പാവപ്പെട്ട കുട്ടികളെ കൊല്ലുകയാണെന്ന് ഞാൻ കോൺഗ്രസിനോട് പറഞ്ഞതിനെ തുടർന്ന് ഇതായിരുന്നു അവരുടെ നിലപാട്.' അറസ്റ്റ് ചെയ്യന്ന വീഡിയോയോടൊപ്പം എക്‌സിലെ ഒരു പോസ്റ്റിൽ കോഹൻ പങ്കുവെച്ചു.

ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ, പെൻഷൻ കമ്മിറ്റിയുടെ ഒരു സെഷനിൽ യുഎസ് ആരോഗ്യ സെക്രട്ടറി റോബർട്ട് എഫ്. കെന്നഡി ജൂനിയർ സംസാരിക്കുന്നതിനിടെയാണ് പ്രതിഷേധം നടന്നത്. യുഎസ് കാപ്പിറ്റോൾ പൊലീസിന്റെ കണക്കനുസരിച്ച് തിരക്ക് കൂട്ടൽ, സെനറ്റ് തടസ്സപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട ഏഴ് പേരിൽ കോഹനും ഉൾപ്പെടുന്നു. മറ്റുള്ളവർക്കെതിരെയുള്ള അറസ്റ്റിനെ ചെറുത്തുനിന്നതും ഒരു പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതും തുടങ്ങിയ അധിക കുറ്റങ്ങൾ കോഹനെതിരെ ചുമത്തിയിട്ടുണ്ട്.

ജൂതനായ കോഹൻ വളരെക്കാലമായി യുഎസ്-ഇസ്രായേൽ ബന്ധത്തെക്കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്. 'ഇപ്പോൾ, അമേരിക്കക്കാരായിരിക്കുക എന്നതിന്റെ അർത്ഥം ലോകത്തിലെ ഏറ്റവും വലിയ ആയുധ കയറ്റുമതിക്കാരായിരിക്കുകയെന്നാണ്. ലോകത്തിലെ ഏറ്റവും വലിയ സൈന്യം നമുക്കുണ്ട്. ഗസ്സയിലെ ജനങ്ങളെ കൂട്ടക്കൊല ചെയ്യുന്നതിനെ നമ്മൾ പിന്തുണക്കുന്നു. ഗസ്സയിലെ ജനങ്ങളെ കൂട്ടക്കൊല ചെയ്യുന്നതിനെതിരെ ആരെങ്കിലും പ്രതിഷേധിച്ചാൽ, അവരെ നമ്മൾ അറസ്റ്റ് ചെയ്യുന്നു. നമ്മുടെ രാജ്യം എന്തിനു വേണ്ടിയാണ് നിലകൊള്ളുന്നത്?' മുൻ ഫോക്സ് ന്യൂസ് അവതാരകൻ ടക്കർ കാൾസണുമായുള്ള ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

TAGS :

Next Story