'മൂന്ന് സ്ത്രീകളുമായി രഹസ്യബന്ധമുണ്ടായിരുന്നു, വിവരങ്ങൾ ഉപയോഗിച്ച് എപ്സ്റ്റീൻ ബ്ലാക്ക്മെയിൽ ചെയ്തു'; വെളിപ്പെടുത്തലുമായി ബിൽ ഗേറ്റ്സ്
ജൂൺ 10ന് അന്വേഷണ സമിതിക്ക് നൽകിയ മൊഴിയിലാണ് ബിൽ ഗേറ്റ്സ് തന്റെ രഹസ്യബന്ധങ്ങളെക്കുറിച്ച് തുറന്നു സമ്മതിച്ചത്

- Published:
25 Jun 2026 7:45 AM IST

വാഷിംഗ്ടൺ: മൈക്രോസോഫ്റ്റ് സഹസ്ഥാപകനായ ബിൽ ഗേറ്റ്സ് യുഎസ് ജനപ്രതിനിധി സഭയുടെ മേൽനോട്ട സമിതിക്ക് മുൻപാകെ നടത്തിയ നിർണായക വെളിപ്പെടുത്തലുകൾ പുറത്ത്. തന്റെ വ്യക്തിജീവിതത്തിലെ രഹസ്യവിവരങ്ങൾ ഉപയോഗിച്ച് വിവാദ വ്യവസായിയായ ജെഫ്രി എപ്സ്റ്റീൻ തന്നെ സമ്മർദ്ദത്തിലാക്കാൻ ശ്രമിച്ചിരുന്നതായി അദ്ദേഹം സമിതിയെ അറിയിച്ചു. അടച്ചിട്ട മുറിയിൽ നടന്ന മൊഴിയെടുപ്പിലാണ് മൂന്ന് സ്ത്രീകളുമായുള്ള തന്റെ രഹസ്യബന്ധത്തെക്കുറിച്ചും എപ്സ്റ്റീന്റെ ബ്ലാക്ക്മെയിലിങ് ശ്രമങ്ങളെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞത്.
ജൂൺ 10ന് അന്വേഷണ സമിതിക്ക് നൽകിയ മൊഴിയിലാണ് ബിൽ ഗേറ്റ്സ് തന്റെ രഹസ്യബന്ധങ്ങളെക്കുറിച്ച് തുറന്നു സമ്മതിച്ചത്. റഷ്യൻ സ്വദേശികളായ മില അന്റോനോവ (ബ്രിഡ്ജ് പ്ലെയർ), കരീമ നിഗ്മതുലിന (ന്യൂക്ലിയർ ഫിസിസിസ്റ്റ്) എന്നിവർക്ക് പുറമെ മെഡിക്കൽ സംരംഭകയായ ആലീസ് ജേക്കബ്സ് നെസ്സൽറോഡ് എന്നിവരുമായാണ് തനിക്ക് ബന്ധമുണ്ടായിരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിൽ രണ്ട് റഷ്യൻ വനിതകളുമായുള്ള ബന്ധത്തെക്കുറിച്ച് ജെഫ്രി എപ്സ്റ്റീന് അറിവുണ്ടായിരുന്നുവെന്നും ഗേറ്റ്സ് വെളിപ്പെടുത്തി. ഈ ബന്ധങ്ങൾക്ക് എപ്സ്റ്റീനുമായുള്ള തന്റെ ഇടപാടുകളുമായി യാതൊരു ബന്ധവുമില്ലായിരുന്നെന്നും, എന്നാൽ ഇത് തന്റെ കുടുംബത്തിന് വലിയ വേദനയാണ് ഉണ്ടാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്നെ നേരിട്ട് ബ്ലാക്ക്മെയിൽ ചെയ്തിട്ടില്ലെങ്കിലും, അതിനുള്ള കൃത്യമായ ഉദ്ദേശം എപ്സ്റ്റൈന് ഉണ്ടായിരുന്നുവെന്ന് ഗേറ്റ്സ് സമിതിയെ അറിയിച്ചു. 'എന്റെ അവിഹിതബന്ധങ്ങളെക്കുറിച്ചുള്ള വിവരങ്ങളും അതിനൊപ്പം അദ്ദേഹം മെനഞ്ഞെടുത്ത മറ്റ് പല നുണകളും ചേർത്ത് എന്നെ വീണ്ടും അദ്ദേഹവുമായി ബന്ധപ്പെടാൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ള സമ്മർദ്ദങ്ങൾ എപ്സ്റ്റീൻ ചെലുത്തിയിരുന്നു,' ഗേറ്റ്സ് പറഞ്ഞു. 2013ൽ എപ്സ്റ്റീൻ തയ്യാറാക്കിയ ഒരു ഇമെയിൽ ഡ്രാഫ്റ്റ് ചൂണ്ടിക്കാട്ടിയാണ് ഗേറ്റ്സ് ഇക്കാര്യം വ്യക്തമാക്കിയത്. ബിൽ ഗേറ്റ്സിന്റെ വ്യക്തിജീവിതത്തെക്കുറിച്ചും മുൻ ജീവനക്കാരനായ ബോറിസ് നിക്കോളിക്കിനെക്കുറിച്ചുമുള്ള പരാമർശങ്ങൾ ആ ഇമെയിലിൽ ഉണ്ടായിരുന്നു. സത്യവും നുണയും കലർത്തി സ്വന്തം ആവശ്യങ്ങൾ നേടിയെടുക്കാനുള്ള ഒരു തരം ബ്ലാക്ക്മെയിലിങ് തന്ത്രമായിരുന്നു അതെന്നും അദ്ദേഹം വ്യക്തമാക്കി.
എപ്സ്റ്റീനുമായി ബന്ധപ്പെട്ട ചില രേഖകളിൽ, ബിൽ ഗേറ്റ്സിന് ലൈംഗിക രോഗങ്ങളെക്കുറിച്ച് ആശങ്കകളുണ്ടായിരുന്നതായി സൂചനകളുണ്ടായിരുന്നു. എന്നാൽ സമിതിയുടെ ചോദ്യങ്ങൾക്ക് മറുപടിയായി ഈ ആരോപണങ്ങൾ അദ്ദേഹം പൂർണമായും തള്ളി. തനിക്ക് ഒരിക്കലും ലൈംഗിക രോഗങ്ങൾ വന്നിട്ടില്ലെന്നും, അതുമായി ബന്ധപ്പെട്ട് ആർക്കെങ്കിലും രഹസ്യമായി മരുന്നുകൾ നൽകിയിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
എപ്സ്റ്റീനുമായി നാല് വർഷത്തിനിടെ 12 മുതൽ 14 തവണ വരെ നേരിട്ടും രണ്ട് തവണ വിഡിയോ കോളിലൂടെയും സംസാരിച്ചിട്ടുണ്ടെന്ന് ഗേറ്റ്സ് സമ്മതിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സമ്പന്നരായ ദാതാക്കളെ കണ്ടെത്താൻ സഹായിക്കാമെന്ന എപ്സ്റ്റീന്റെ വാഗ്ദാനത്തെ തുടർന്നായിരുന്നു ഈ കൂടിക്കാഴ്ചകൾ. എന്നാൽ അതൊന്നും യാഥാർഥ്യമായില്ല. എപ്സ്റ്റീൻ ശിക്ഷിക്കപ്പെട്ട വ്യക്തിയാണെന്ന് തനിക്ക് അറിവുണ്ടായിരുന്നുവെന്നും, എന്നിട്ടും അദ്ദേഹവുമായി ചുരുങ്ങിയ നിലയിലെങ്കിലും ബന്ധം സ്ഥാപിക്കാൻ തയ്യാറായത് ഒരു തെറ്റായിപ്പോയെന്നും ഗേറ്റ്സ് പറഞ്ഞു.
പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ, മുൻകാലങ്ങളിൽ എപ്സ്റ്റീനുമായി നടത്തിയിട്ടുള്ള ഇടപാടുകളെക്കുറിച്ച് ബാഹ്യ ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കാൻ ഗേറ്റ്സ് ഫൗണ്ടേഷൻ തീരുമാനിച്ചിട്ടുണ്ട്. ഫൗണ്ടേഷനിലെ ചില ജീവനക്കാരും എപ്സ്റ്റീനും തമ്മിൽ മുൻപ് നടന്ന ആശയവിനിമയങ്ങളുടെ വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് പുതിയ അന്വേഷണം.
Adjust Story Font
16
