'എഐ തൊഴിൽ മേഖലയെ വിഴുങ്ങും'; മുന്നറിയിപ്പുമായി ബിൽഗേറ്റ്സ്
മുൻകാല സാങ്കേതിക വിപ്ലവങ്ങളെ അപേക്ഷിച്ച് എഐ വളരെ വേഗതയേറിയതും ആഴമേറിയതുമായ സ്വാധീനം ചെലുത്തുന്നുണ്ടെന്നും ബിൽഗേറ്റ്സ്

ദാവോസ്: നിര്‍മിത ബുദ്ധിയുടെ വര്‍ധിച്ചുവരുന്ന ഉപയോഗം തൊഴിൽ മേഖലയെ സാരമായി ബാധിക്കുമെന്ന മുന്നറിയിപ്പുമായി മൈക്രോസോഫ്‌റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ്. ചൊവ്വാഴ്ച ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരുകൾ ഇതുവരെ ഈ മാറ്റത്തിന് പൂർണമായും സജ്ജമായിട്ടില്ലെന്നും വളരെ കുറച്ച് സമയമേ ബാക്കിയുള്ളൂവെന്നും ബിൽഗേറ്റ്സ് കൂട്ടിച്ചേർത്തു.
"അടുത്ത നാലോ അഞ്ചോ വർഷത്തിനുള്ളിൽ, വൈറ്റ് കോളർ ജോലികളിൽ മാത്രമല്ല, ബ്ലൂ കോളർ ജോലികളിലും എഐയുടെ ആഘാതം വ്യക്തമായി ദൃശ്യമാകും" ബിൽ ഗേറ്റ്സ് പറഞ്ഞു. ഇതുവരെ എഐയുടെ ആഘാതം പരിമിതമാണെന്ന് ഗേറ്റ്സ് സമ്മതിച്ചു, പക്ഷേ ഈ സാഹചര്യം അധികകാലം നിലനിൽക്കില്ല. മുൻകാല സാങ്കേതിക വിപ്ലവങ്ങളെ അപേക്ഷിച്ച് എഐ വളരെ വേഗതയേറിയതും ആഴമേറിയതുമായ സ്വാധീനം ചെലുത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സോഫ്റ്റ്‌വെയർ വികസനത്തിൽ എഐ ഇതിനകം തന്നെ ഉൽപാദനക്ഷമത വർധിപ്പിക്കുന്നുണ്ടെന്നും മേഖലകളിലെ കുറഞ്ഞ വൈദഗ്ധ്യമുള്ള ജോലികൾ ഇല്ലാതാക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ മാറ്റം ശരിയായി കൈകാര്യം ചെയ്തില്ലെങ്കിൽ, സമ്പന്നരും ദരിദ്രരും തമ്മിലുള്ള വിടവ് കൂടുതൽ വർധിക്കുമെന്ന് ബിൽ ഗേറ്റ്സ് പറഞ്ഞു.
ഇന്ത്യ-യുഎസ് ബന്ധത്തെക്കുറിച്ചും ബിൽ ഗേറ്റ്സ് പരാമര്‍ശിച്ചു. ഇരു രാജ്യങ്ങൾക്കും ശക്തമായ അടിത്തറയായി പ്രവർത്തിക്കാൻ കഴിയും. ഇന്ത്യയുടെ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളും വേഗത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്വീകരിക്കാനുള്ള കഴിവും രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ-യുഎസ് ബന്ധങ്ങളുടെ ശക്തി ആത്യന്തികമായി നിലനിൽക്കുമെന്ന് ഗേറ്റ്സ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
Adjust Story Font
16

