Quantcast

'ന്യൂയോർക്ക് സിറ്റി വൈകാതെ മറ്റൊരു മുംബൈ ആയിത്തീരും'; മംദാനി കാരണം നാടുവിടാനൊരുങ്ങി ശതകോടീശ്വരന്‍ ബാരി സ്റ്റെർൺലിച്ച്

ന്യൂയോർക്ക് മേയർ‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി കുടിയേറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടുകൾ സ്വീകരിക്കുമെന്ന് മംദാനി പ്രതിജ്ഞയെടുത്തിരുന്നു

MediaOne Logo

Web Desk

  • Updated:

    2025-11-11 12:20:07.0

Published:

11 Nov 2025 4:47 PM IST

ന്യൂയോർക്ക് സിറ്റി വൈകാതെ മറ്റൊരു മുംബൈ ആയിത്തീരും; മംദാനി കാരണം നാടുവിടാനൊരുങ്ങി ശതകോടീശ്വരന്‍ ബാരി സ്റ്റെർൺലിച്ച്
X

വാഷിങ്ടൺ: ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പിൽ സൊഹ്റാൻ മംദാനി വിജയിച്ചതിന് പിന്നാലെ നാടുവിടാനൊരുങ്ങി ന്യൂയോർക്കിലെ ശതകോടീശ്വരൻ. പ്രമുഖ വ്യവസായിയായ ബാരി സ്റ്റേൺലിച്ചാണ് ന്യൂയോർക്കിൽ നിന്ന് തന്റെ സ്ഥാപനം മാറ്റാൻ തീരുമാനിച്ചത്. തനിക്ക് പിന്നാലെ കൂടുതൽ കമ്പനികളും അവരുടെ സ്ഥാപനം ന്യൂയോർക്കിൽ നിന്ന് പിഴുതുമാറ്റുമെന്ന് ബാരി പറഞ്ഞു. സിഎൻബിസിക്ക് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ.

സംഭാഷണത്തിനിടെ, ന്യൂയോർക്ക് സിറ്റിയെയും മുംബൈയെയും തമ്മിൽ വിവാദപരമായ ഒരു താരതമ്യം ബാരി നടത്തിയിരുന്നു.

'തീവ്ര ഇടതുപക്ഷക്കാർ ശരിക്കും ഭ്രാന്തന്മാരാണ്. കുടിയേറ്റക്കാർ ഇനിമുതൽ വാടക നൽകേണ്ടതില്ലെന്നാണ് അവർ പറയുന്നത്. ഇനിയങ്ങോട്ട് വാടക നൽകാത്തതിന്റെ പേരിൽ അവരെ പുറത്താക്കാൻ പറ്റുകയില്ല. ഇത് വൈകാതെ സിറ്റി മൊത്തം പ്രചരിക്കാൻ തുടങ്ങും. ഒരാൾ പൈസ നൽകുന്നില്ലായെന്ന് കണ്ടുകഴിഞ്ഞാൽ പിന്നെ കൂടുതലാളുകൾ വാടക തരാൻ മടിക്കും. പതിയെ, അടിസ്ഥാനപരമായി ന്യൂയോർക്ക് സിറ്റി മറ്റൊരു മുംബൈ ആയിമാറും.' ബാരി പറഞ്ഞു.

ഇത്തരമൊരു മനോഭാവം ന​ഗരത്തിന്റെ സാമ്പത്തിക സ്ഥിതിക്കും വാടകവിപണിക്കും ഒന്നിനുപുറകെ ഒന്നൊന്നായി ദോഷം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂയോർക്ക് മേയർ‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി കുടിയേറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടുകൾ സ്വീകരിക്കുമെന്ന് മംദാനി പ്രതിജ്ഞയെടുത്തിരുന്നു.

ലോകം ആകാംക്ഷയോടെ ഉറ്റുനോക്കിയ ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥിയായ സൊഹ്റാൻ മംദാനി ഉജ്ജ്വല വിജയം കൈവരിച്ചതോടെ അദ്ദേഹത്തിന്റെ രാഷ്ട്രീയവും ജീവിതവുമൊക്കെ വീണ്ടും ചർച്ചയായിരുന്നു. 10 ശതമാനത്തിലധികം വോട്ടിന്റെ, ഭൂരിപക്ഷത്തോടെയാണ് മംദാനി ന്യൂയോർക്കിൻറെ ആദ്യത്തെ മുസ്‌ലിം മേയറായി തെരഞ്ഞെടുക്കപ്പെടുന്നത്. ഇന്ത്യയിൽ ജനിച്ച ഉഗാണ്ടൻ അക്കാദമീഷ്യനായ മഹ്‌മൂദ് മംദാനിയുടെയും ഇന്ത്യൻ ചലച്ചിത്ര സംവിധായിക മീര നായരുടെയും മകനാണ് സൊഹ്റാൻ മംദാനി. സലാം ബോംബെ, മൺസൂൺ വെഡ്ഡിങ് തുടങ്ങിയ സിനിമകളുടെ സംവിധായികയാണ് ഓസ്‌കർ നോമിനി കൂടിയായ മീര നായർ. ഉഗാണ്ടയുടെ തലസ്ഥാനമായ കംപാലയിലാണ് സൊഹ്റാൻ മംദാനി ജനിച്ചതും തന്റെ കുട്ടിക്കാലം ചെലവഴിച്ചതും.

മംദാനിയുടെ തെരഞ്ഞെടുപ്പ് വിജയം അമേരിക്കൻ രാഷ്ട്രീയത്തിൽ ചലനങ്ങൾ സൃഷ്ടിക്കുകയാണ്. ട്രംപ് ഭരണകൂടത്തിൻറെ ആദ്യ ഘട്ട വിലയിരുത്തലാണ് തെരഞ്ഞെടുപ്പിലൂടെ പ്രതിഫലിക്കുന്നതെന്ന് ഡെമോക്രാറ്റിക് പാർട്ടി നേതാവും മുൻ പ്രസിഡന്റുമായ ബരാക് ഒബാമയുടെ പ്രതികരണം ആ വഴിക്കുള്ള സൂചനയാണ്.

TAGS :

Next Story