'വരൂ എന്നെ നരകത്തിൽ കാണാം'; കാഴ്ചക്കാരെ ആശയക്കുഴപ്പത്തിലാക്കി '140 വര്‍ഷം' ദൈര്‍ഘ്യമുള്ള നിഗൂഢ വീഡിയോ
എന്നാൽ പ്ലേ ചെയ്യുമ്പോൾ 12 മണിക്കൂർ 34 മിനിറ്റ് 56 സെക്കൻഡ് ദൈർഘ്യമുള്ളതാണ്

- Published:
13 Jan 2026 10:53 AM IST

ഡൽഹി: 2026 ജനുവരി 5ന് യുട്യൂബിൽ പ്രത്യക്ഷപ്പെട്ട വിചിത്രമായ ഒരു വീഡിയോ ദശലക്ഷക്കണക്കിന് ഉപയോക്താക്കളെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. മിനിറ്റുകളും മണിക്കൂറുകളും ദിവസങ്ങളുമല്ല, 140 വര്‍ഷം ദൈര്‍ഘ്യമുണ്ടെന്നാണ് വീഡിയോയുടെ തമ്പ്നെയിലിൽ കാണിക്കുന്നത്.
എന്നാൽ പ്ലേ ചെയ്യുമ്പോൾ 12 മണിക്കൂർ 34 മിനിറ്റ് 56 സെക്കൻഡ് ദൈർഘ്യമുള്ളതാണ്. വീഡിയോയെക്കുറിച്ചുള്ള മറ്റൊരു വിചിത്രമായ കാര്യം വീഡിയോയുടെ വിവരണം അറബിയിലാണ് എഴുതിയിരിക്കുന്നത്. 'വരൂ എന്നെ നരകത്തിൽ കാണാം' എന്നാണ് ഇതിനര്‍ഥം. വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കിട്ടത് ദശലക്ഷക്കണക്കിന് ആളുകളെ ആശയക്കുഴപ്പത്തിലാക്കുകയും ചർച്ചകൾക്ക് വഴിയൊരുക്കുകയും ചെയ്തു.
മറ്റൊരു അസാധാരണമായ കാര്യം എന്താണെന്ന് വച്ചാൽ അതിൽ ദൃശ്യങ്ങളോ ശബ്ദങ്ങളോ ഇല്ല എന്നതാണ്. സന്ദേശമോ സൗണ്ട് ഇഫക്റ്റുകളോ വിഷ്വലുകളോ ഇല്ലാത്ത ഒരു ശൂന്യമായ സ്‌ക്രീനാണ് വീഡിയോയിൽ കാണിക്കുന്നത്. ഇത് യുട്യൂബിന്‍റെ പരീക്ഷണ പേജാണോ അതോ ഒരു ആൾട്ടർനേറ്റ് റിയാലിറ്റി ഗെയിമിന്റെ (ARG) ഭാഗമാണോ എന്നാണ് ചിലരുടെ സംശയം.
2021 ജൂലൈ 31ന് യൂട്യൂബിൽ ചേർന്നതും ഏകദേശം 157,000 സബ്‌സ്‌ക്രൈബർമാരുള്ളതുമായ @shinywr എന്ന അക്കൗണ്ടിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 294 മണിക്കൂർ വീഡിയോയും 300 മണിക്കൂർ സ്ട്രീമും ഉൾപ്പെടെ മറ്റ് ദൈർഘ്യമേറിയ വീഡിയോകളും ചാനലിലുണ്ട്. 2.5 ദശലക്ഷത്തിലധികം പേര്‍ ഇതിനോടകം വീഡിയോ കണ്ടിട്ടുണ്ട്. “ഈ വീഡിയോ 1.2 ദശലക്ഷം മണിക്കൂർ ദൈർഘ്യമുള്ളതാണെന്ന് തംബ്‌നെയിൽ എങ്ങനെ കാണിക്കുന്നു എന്നതാണ് കൂടുതൽ അസ്വസ്ഥത ഉണ്ടാക്കുന്നത്, പക്ഷേ കാണുമ്പോൾ അത് 12 മണിക്കൂറായി കുറയുന്നു'' കമന്‍റുകൾ പറയുന്നു. “എന്തെങ്കിലും സംഭവിക്കുമെന്ന് പ്രതീക്ഷിച്ച് ഞാൻ രാത്രി മുഴുവൻ ഉണർന്നിരുന്നു, ഒന്നും സംഭവിച്ചില്ല.” മറ്റൊരാൾ അഭിപ്രായപ്പെട്ടു.
യുട്യൂബിൽ ദൈര്‍ഘ്യമേറിയ നിരവധി വീഡിയോകൾ ഇതിനു മുൻപും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2011-ൽ ജോനാഥൻ ഹാർച്ചിക്ക് അപ്‌ലോഡ് ചെയ്ത 596 മണിക്കൂർ ദൈർഘ്യമുള്ള വീഡിയോക്കാണ് നിലവിൽ റെക്കോഡ്. 23 ദിവസത്തെ വീഡിയോയും 19 മണിക്കൂർ ദൈർഘ്യമുള്ള അഞ്ച് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയും ഉണ്ട്. "ആ വീഡിയോയിലൂടെ എത്ര പരസ്യങ്ങൾ വരുമെന്നോ അത് പോസ്റ്റ് ചെയ്തയാൾക്ക് എത്ര പണം ലഭിക്കുമെന്നോ എനിക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല," മറ്റൊരു ഉപയോക്താവ് ആശ്ചര്യപ്പെട്ടു.
Adjust Story Font
16
