Quantcast

ഗസ്സയിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ മൃതദേഹങ്ങൾ, 24 മണിക്കൂറിനിടെ കണ്ടെത്തിയത് 63 മൃതദേഹങ്ങൾ

ഇസ്രായേൽ തകർത്ത കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കടിയിൽ ഇനിയും മൃതദേഹങ്ങൾ ഉണ്ടാകാമെന്നാണ് വിലയിരുത്തൽ.ആയിരക്കണക്കിനാളുകളെക്കുറിച്ച് ഇപ്പോഴും വിവരമില്ല

MediaOne Logo

Web Desk

  • Updated:

    2025-01-30 08:00:03.0

Published:

30 Jan 2025 7:33 AM GMT

ഗസ്സയിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ മൃതദേഹങ്ങൾ, 24 മണിക്കൂറിനിടെ കണ്ടെത്തിയത് 63 മൃതദേഹങ്ങൾ
X

ഗസ്സസിറ്റി: ഗസ്സയിൽ ഇസ്രായേല്‍ തകർത്ത കെട്ടിടങ്ങൾക്കിടയിൽ കൂടുതൽ മൃതദേഹങ്ങൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 63 മൃതദേഹങ്ങളാണ് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും കണ്ടെടുത്തത്. ഗുരുതരമായി പരിക്കേറ്റ എട്ട് പേരെയും കണ്ടെത്തി.

ഫലസ്തീൻ ആരോഗ്യമന്ത്രാലയം ബുധനാഴ്ച പുറത്തുവിട്ടതാണ് ഈ കണക്കുകൾ. 2023 ഒക്ടോബർ 7ന് ഇസ്രായേൽ വംശഹത്യ യുദ്ധം ആരംഭിച്ചതിനുശേഷം ഗസ്സയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 47,417 ആയി ഉയർന്നതായും പരിക്കേറ്റവരുടെ എണ്ണം 111,571 ആയതായും മന്ത്രാലയം വ്യക്തമാക്കുന്നു.

തകർത്ത കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കടിയിൽ ഇനിയും മൃതദേഹങ്ങള്‍ ഉണ്ടാകാമെന്നാണ് വിലയിരുത്തല്‍. ആയിരക്കണക്കിനാളുകളെക്കുറിച്ച് ഇപ്പോഴും വിവരമില്ല.

അതേസമയം വെടിനിര്‍ത്തലിന് പിന്നാലെ വടക്കന്‍ ഗസ്സയിലേക്ക് കൂടുതല്‍ ഫലസ്തീനികള്‍ എത്തിത്തുടങ്ങി. ഇതിനകം അഞ്ച് ലക്ഷത്തിലേറെ ഫലസ്തീനികളാണ്​ വടക്കൻ ഗസ്സയിൽ തിരിച്ചെത്തിയത്​. പതിനഞ്ചു മാസം നീണ്ട യുദ്ധത്തിലൂടെ ഇസ്രായേൽ തകർത്തെറിഞ്ഞ പ്രദേശത്ത്​ തിരിച്ചെത്തിയ ഇവരുടെ ജീവിതം കൂടുതൽ ദുരിതപൂർണമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒരു വർഷത്തിലേറെയായ അഭയാർത്ഥികളായ കഴിഞ്ഞവർ മടങ്ങിയെത്തിയത് പൂർണമായും തകർക്കപ്പെട്ട വീടുകളിലേക്കാണ്. 2023 ഒക്ടോബർ ഏഴിന് ശേഷം വടക്കൻ ഗസ്സയിൽനിന്ന് പത്തുലക്ഷത്തോളം പേരെ ഇസ്രായേൽ ഭീഷണി​പ്പെടുത്തി ആട്ടിയോടിച്ചുവെന്നാണ് കണക്കുകൾ.

ഗസ്സയിൽ അഭയാർഥികൾക്ക് സഹായമെത്തിക്കുന്ന ഐക്യരാഷ്ട്ര സഭയുടെ 'യുനർവ' ഏജൻസിക്ക്​ ഇസ്രായേൽ വിലക്ക്​ ഏർപ്പെടുത്തിയത്​ ഗസ്സയിലുടനീളം ഭക്ഷ്യസഹായ വിതരണവും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. യുനർവ വിലക്ക്​ ഉടൻ പിൻവലിക്കണമെന്ന്​ യു.എന്നും അറബ്​ മുസ്​ലിം രാജ്യങ്ങളും ആവശ്യപ്പെട്ടു.

TAGS :

Next Story