ലൈബ്രറി ബുക്ക് തിരിച്ചേൽപ്പിച്ചത് 100 വർഷങ്ങൾക്ക് ശേഷം; പിഴയോ...
ബെൻസൺ ലോസിങ്ങിന്റെ, 'എ ഹിസ്റ്ററി ഓഫ് ദി യുണൈറ്റഡ് സ്റ്റേറ്റ്‌സ്' എന്ന ബുക്കാണ് ഒരു നൂറ്റാണ്ടോളം വായനക്കാരന്റെ കയ്യിലിരുന്നത്

ലൈബ്രറിയിൽ നിന്ന് ബുക്ക് എടുത്താൽ അത് തിരിച്ചേൽപ്പിക്കുന്നതിന് അത്രയും ഉത്തരവാദിത്തമുണ്ട്. ബുക്ക് തിരിച്ചേൽപ്പിക്കാൻ ദിവസങ്ങളോ ആഴ്ചകളോ ചിലപ്പോൾ ഒന്നോ രണ്ടോ മാസങ്ങളോ ഒക്കെ തന്നെ എടുക്കുന്നവരാണധികവും. എന്നാൽ സകല റെക്കോർഡുകളും തകർത്ത് കാലിഫോർണിയയിൽ ഒരു ബുക്ക് ലൈബ്രറിയിലേക്ക് തിരികെയെത്തി. കൗതുകമെന്തെന്നാൽ ബുക്ക് തിരിച്ചേൽപ്പിക്കേണ്ടതിന് 100 വർഷങ്ങൾക്ക് ശേഷമായിരുന്നു ലൈബ്രറിയിലേക്കുള്ള ഇതിന്റെ തിരിച്ചുവരവ്.
ബെൻസൺ ലോസിങ്ങിന്റെ, എ ഹിസ്റ്ററി ഓഫ് ദി യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്ന ബുക്കാണ് ഒരു നൂറ്റാണ്ടോളം വായനക്കാരന്റെ കയ്യിലിരുന്നത്. നാപ വാലിയിലെ സെന്റ്. ഹെലേന പബ്ലിക്ക് ലൈബ്രറിയിൽ നിന്ന് 1927 ഫെബ്രുവരിയിലായിരുന്നു ബുക്കിന്റെ ചെക്ക് ഔട്ട്. ഈ മാസമാദ്യം നാപ വാലി സ്വദേശിയായ ജിം പെറിയാണ് ബുക്ക് ലൈബ്രറിയിൽ തിരികെയേൽപ്പിച്ചത്. ജിമ്മിന്റെ ഭാര്യാപിതാവിന്റെ കൈവശമായിരുന്നു ബുക്ക്. ഇത് ജിമ്മിന്റെ കൈകളിലെത്തുന്നതാകട്ടെ അഞ്ച് തലമുറകൾ കടന്നും.
ജിമ്മിന്റെ കുടുംബത്തിലാർക്കും തന്നെ ബുക്കിന്റെ ചരിത്രപ്രാധാന്യം അറിയുമായിരുന്നില്ല. 2015ൽ ജിമ്മിന്റെ ഭാര്യ സാൻഡ്രയുടെ മരണത്തോടെയാണ് ബുക്ക് ജിം കാണുന്നത്. അടുത്തിടെ ബുക്കിൽ ലൈബ്രറിയുടെ സ്റ്റാംപ് കണ്ടതോടെ ഇത് തിരിച്ചേൽപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ ബുക്ക് തിരിച്ചേൽപ്പിക്കുമ്പോൾ ഇതൊരു പഴയ ബുക്ക് ആണെന്നതല്ലാതെ ബുക്കിന്റെ പ്രത്യേകത ലൈബ്രറിയിലെ സ്റ്റാഫ് പോലും തിരിച്ചറിഞ്ഞില്ലെന്നും ലൈബ്രറേറിയൻ ക്രെയ്ഡൻ പറയുന്നു. പിന്നീട് ക്രെയ്ഡനെത്തി ബുക്ക് വിശദമായി പരിശോധിച്ചപ്പോഴാണ് ഇത് തങ്ങളുടെ ഒറിജിനൽ കളക്ഷനിലുള്ള ബുക്ക് ആണെന്ന് മനസ്സിലാകുന്നത്.
എന്തായാലും തിരിച്ചേൽപ്പിക്കാത്ത ബുക്കിന് പിഴ ഈടാക്കുന്ന പരിപാടി 2019ൽ അവസാനിപ്പിച്ചത് കാരണം ജിമ്മിന് ഇത്രയും നാളത്തെ പിഴ ഒടുക്കേണ്ടി വന്നില്ല. അല്ലെങ്കിൽ ലക്ഷങ്ങൾ ബുക്കിന് വിലയായി നൽകേണ്ടി വന്നേനെ. 1892 വരെ ഒരു മാസത്തേക്ക് 25 സെന്റ് ആയിരുന്നു ബുക്കിന് നൽകേണ്ടിയിരുന്ന തുക. പിന്നീട് പ്രദേശവാസികൾക്ക് ബുക്ക് സൗജന്യമായി നൽകിത്തുടങ്ങി.
Adjust Story Font
16