Quantcast

'സിൻവാറിന്റെ മൃതദേഹം കത്തിക്കണം'; ഭൗതികാവശിഷ്ടങ്ങൾ തിരികെ നൽകരുതെന്ന് നെതന്യാഹുവിനോട് ഇസ്രായേൽ മന്ത്രി

അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ രഹസ്യസ്ഥലത്ത് സൂക്ഷിക്കണമെന്ന പിടിവാശി ആവർത്തിച്ച ഇസ്രായേൽ, ഹമാസ് ആവശ്യം നിരസിച്ചു.

MediaOne Logo

Web Desk

  • Updated:

    2025-10-22 01:13:38.0

Published:

21 Oct 2025 10:36 PM IST

Burn Sinwar Body Israeli Minister Urges Netanyahu Not To Return Hamas Leaders Remains
X

Photo| Special Arrangement

തെൽഅവീവ്: കൊല്ലപ്പെട്ട ഹമാസ് തലവൻ യഹ്‌യ സിൻവാറിന്റെ മൃതദേഹം കത്തിക്കണമെന്നും ഭൗതികാവശിഷ്ടങ്ങൾ തിരികെ നൽകരുതെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് മന്ത്രി. ഇസ്രായേലി ​ഗതാ​ഗത മന്ത്രി മിരി റെ​ഗെവാണ് സിൻവാറിന്റെ മൃതദേഹം ദഹിപ്പിക്കണമെന്നാവശ്യപ്പെട്ടത്. ചില അടയാളങ്ങൾ‍ ഒരിക്കലും തിരികെ നൽകരുതെന്നും റെ​ഗെവ് പറഞ്ഞു.

ഉസാമ ബിൻ ലാദന്റെ ഭൗതികാവശിഷ്ടങ്ങളോടുള്ള അമേരിക്കൻ നടപടിയെ തന്റെ നിർദേശത്തോട് താരതമ്യം ചെയ്ത റെഗെവ്, സിൻവാറിനെ രക്തസാക്ഷിയാക്കുന്നത് ഒഴിവാക്കാൻ മൃതദേഹാവശിഷ്ടങ്ങൾ സംസ്‌കരിക്കാൻ വിട്ടുനൽകരുതെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. വെടിനിർത്തൽ കരാറിന്റെ ഭാ​ഗമായി സിൻവാറിന്റെ മൃതദേഹം തിരികെ നൽകുന്നത് സംബന്ധിച്ച് ഇസ്രായേൽ- ഹമാസ് ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് മന്ത്രിയുടെ വിവാദ പരാമർശം.

അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ രഹസ്യസ്ഥലത്ത് സൂക്ഷിക്കണമെന്ന പിടിവാശി ആവർത്തിച്ച ഇസ്രായേൽ, ഹമാസ് ആവശ്യം നിരസിച്ചു. കഴിഞ്ഞവർഷം ഒക്ടോബർ‍ 18നാണ് സിൻ‍വാറിന്റെ മരണം ഹമാസ് സ്ഥിരീകരിക്കുന്നത്. റഫയിലെ ഒരു കെട്ടിടത്തിനു നേരെ നടത്തിയ ആക്രമണത്തിൽ സിൻവാർ കൊല്ലപ്പെട്ടെന്ന് ഇസ്രായേൽ പറ‍ഞ്ഞ് 20 മണിക്കൂറിന് ശേഷമാണ് കൊലപാതകം ഹമാസ് സ്ഥിരീകരിച്ചത്.

ഇസ്രായേൽ പതിറ്റാണ്ടുകളായി നടത്തിവരുന്ന ഏകപക്ഷീയ ആക്രമണങ്ങൾക്കും ഉപരോധങ്ങൾക്കും തിരിച്ചടിയെന്നോണം ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ പ്രത്യാക്രമണത്തിന്റെ സൂത്രധാരനായിരുന്നു കൊല്ലപ്പെട്ട യഹ്‌യ സിൻവാർ. ഇതുൾപ്പെടെ എന്നും ഹമാസിന്റെ ഇസ്രായേൽ വിരുദ്ധ പോരാട്ടങ്ങൾക്ക് ചുക്കാൻ പിടിച്ച സുപ്രധാന നേതാക്കളിലൊരാളായിരുന്നു സിൻവാർ.

2024 ജൂലൈ 31ന് ഇറാനിൽ മുൻ തലവൻ ഇസ്മായിൽ ഹനിയ്യ കൊല്ലപ്പെട്ടതിനു ശേഷമാണ് അദ്ദേഹം ഹമാസ് നേതൃത്വം ഏറ്റെടുക്കുന്നത്. മരണത്തിന് തൊട്ടുമുൻപു പോലും സിൻവാർ ഇസ്രായേൽ സേനയ്ക്കെതിരെ ചെറുത്തുനിൽപ്പ് നടത്തിയെന്നത് തെളിയിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ആക്രമണത്തിൽ ​ഗുരുതരമായി പരിക്കേറ്റിട്ടും ഒരു കൈ തന്നെ തകർന്നിട്ടും ഇടതുകൈ കൊണ്ട് ആയുധമെടുത്ത് ഇസ്രായേൽ സൈനികർക്കു നേരെ എറിയുന്നത് വീഡിയോയിൽ വ്യക്തമായിരുന്നു.

ഹമാസ് തലവനായി തെരഞ്ഞെടുക്കപ്പെട്ടത് മുതൽ നിരന്തരം ഇസ്രായേലിന്റെ വധശ്രമങ്ങൾക്ക് വിധേയനായ നേതാവായിരുന്നു സിൻവാർ. വീടിനുമേൽ വ്യോമാക്രമണം നടന്നതിനു പിന്നാലെ നാലു തവണ പൊതുപരിപാടിയിൽ പങ്കെടുത്ത് ഇസ്രായേലിനെ അദ്ദേഹം വെല്ലുവിളിച്ചിരുന്നു. ധൈര്യമുണ്ടെങ്കിൽ തന്നെ വധിക്കൂവെന്ന് വാർത്താസമ്മേളനം വിളിച്ച് ആവശ്യപ്പെട്ടു. വീട്ടിലേക്ക് നടന്നുപോകുന്നുവെന്ന് പരസ്യപ്രഖ്യാപനം നടത്തിയ ശേഷം തെരുവിലേക്കിറങ്ങി നടന്നു. അവിടെവച്ച് സെൽഫിയെടുത്തും പോരാട്ടം ആഘോഷമാക്കി. അങ്ങനെ അവസരം കാത്തിരുന്ന ഇസ്രായേൽ ഒടുവിൽ പകവീട്ടുകയായിരുന്നു.

TAGS :

Next Story