Quantcast

വന്‍ തീപ്പിടുത്തം, 3000ലധികം കാറുകളടങ്ങിയ കപ്പല്‍ തീരത്ത് ഉപേക്ഷിച്ച് കമ്പനി

ഇലക്ട്രിക് വാഹനങ്ങള്‍ നിറച്ച ഡക്കില്‍ നിന്നാണ് ആദ്യം തീ ഉയര്‍ന്നത്

MediaOne Logo

Web Desk

  • Updated:

    2025-06-10 14:15:16.0

Published:

10 Jun 2025 4:24 PM IST

വന്‍ തീപ്പിടുത്തം, 3000ലധികം കാറുകളടങ്ങിയ കപ്പല്‍ തീരത്ത് ഉപേക്ഷിച്ച് കമ്പനി
X

അലാസ്‌ക: വന്‍ തീപ്പിടിത്തമുണ്ടായതിനെ തുടര്‍ന്ന് കപ്പല്‍ കടല്‍ തീരത്ത് ഉപേക്ഷിച്ച് കമ്പനി. അലാസ്‌ക കടല്‍തീരത്താണ് സംഭവം. 800 ഇലക്ട്രിക് വാഹനങ്ങള്‍ ഉള്‍പ്പെടെ 3000 വാഹനങ്ങളെ വഹിച്ചെത്തിയ മോര്‍ണിങ് മിഡാസ് എന്ന കാര്‍ഗോ ഷിപ്പിനാണ് തീപിടിച്ചത്. അണയ്ക്കാന്‍ കഴിയാത്ത വിധം തീ വ്യാപിച്ചതിനെ തുടര്‍ന്നാണ് കപ്പല്‍ കടലില്‍ ഉപേക്ഷിച്ചത്. സോഡിയാക് മാരിടൈം എന്ന കമ്പനിയുടെ ഓപ്പറേറ്ററാണ് ബുധനാഴ്ച ഈ വിവരം സ്ഥിരീകരിച്ചത്.

ലൈബീരിയ പതാകയേന്തിയ കപ്പല്‍ മെയ് 26 ന് ചൈനയിലെ യാന്റായി തുറമുഖത്ത് നിന്ന് പുറപ്പെട്ട് മെക്സിക്കോയിലെ ലസാരോ കാര്‍ഡെനാസിലേക്ക് പോവുകയായിരുന്നു. തുടര്‍ന്നാണ് ഇലക്ട്രിക് വാഹനങ്ങള്‍ നിറച്ച ഡെക്കില്‍ നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തീകെടുത്താന്‍ സാധിക്കാതെ വന്നതോടെ കപ്പലിലെ 22 ജീവനക്കാരെ സുരക്ഷിതമായി പുറത്തിറക്കി. ലൈഫ് ബോട്ട് വഴിയാണ് 22 ജീവനക്കാരെയും കപ്പലില്‍ നിന്നും രക്ഷിച്ചത്. തുടര്‍ന്ന് യുഎസ് കോസ്റ്റ്ഗാര്‍ഡിന്റെ സഹായത്തോടെ അടുത്തുള്ള വ്യാപാര കപ്പലിലേക്ക് ജീവനക്കാരെ സുരക്ഷിതമായി മാറ്റി.

അലാസ്‌കയിലെ അഡാക്കില്‍ നിന്നും 300 മൈല്‍ തെക്കുപടിഞ്ഞാറായാണ് കപ്പലുള്ളതെന്ന് കോസ്റ്റ്ഗാര്‍ഡ് എക്സിലൂടെ അറിയിച്ചു. എന്നാല്‍ ഏത് ബ്രാന്‍ഡ് വാഹനമാണ് കപ്പലില്‍ ഉള്ളതെന്ന് വ്യക്തമല്ല. ഇലക്ട്രിക് വാഹനങ്ങള്‍ വഹിച്ചെത്തുന്ന കപ്പലുകള്‍ക്ക് തീപ്പിടിച്ചാല്‍ തീ അണക്കുന്നത് വലിയ വെല്ലുവിളിയാണ്. തീ ദിവസങ്ങളോളം നിലനില്‍ക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

മൂന്ന് കപ്പലുകള്‍ ഇതിനകം സംഭവ സ്ഥലത്തിലേക്ക് എത്തിയിട്ടുണ്ടെന്ന് കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു. എയര്‍ക്രൂവും കട്ടര്‍ ഷിപ്പും സ്ഥിതിഗതികള്‍ വിലയിരുത്താന്‍ സംഭവസ്ഥലത്തുണ്ട്. നേരത്തെ 2022ലും ഇലക്ട്രിക് വാഹനവുമായി എത്തിയ കപ്പലിന് തീപിടിച്ചിരുന്നു. പോര്‍ഷെ, ബെന്റ്ലി എന്നിവയുള്‍പ്പെടെ 4,000 ആഡംബര കാറുകള്‍ കപ്പലില്‍ ഉണ്ടായിരുന്നു. തീ കെടുത്താന്‍ സാധിക്കാതെ ഏകദേശം രണ്ടാഴ്ചയോളം കപ്പലില്‍ നിന്നും ആളിപ്പടര്‍ന്നു. പിന്നീട് പോര്‍ച്ചുഗീസ് അസോറസ് ദ്വീപസമൂഹത്തിന് സമീപം കപ്പല്‍ മുങ്ങി. കണ്ടെയ്നര്‍ കപ്പലുകള്‍, കാര്‍ കാരിയേര്‍സ്, റോള്‍ ഓണ്‍ റോള്‍ ഓഫ് കപ്പലുകള്‍ തുടങ്ങിയവക്ക് തീപിടിക്കുന്നത് ഇന്‍ഷുറേഴ്സിനെ സംബന്ധിച്ച് വലിയ ആശങ്കയാണ്. 2024 വരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കപ്പലുകള്‍ക്ക് തീപിടിക്കുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

TAGS :

Next Story