കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി മാര്‍ച്ചില്‍ ഇന്ത്യ സന്ദര്‍ശിച്ചേക്കും
ഫെബ്രുവരി ഒന്നിന് ആരംഭിക്കുന്ന കേന്ദ്ര ബജറ്റ് അവതരണത്തിന് പിന്നാലെ മാര്‍ച്ച് ആദ്യവാരത്തിലായിരിക്കും കനേഡിയന്‍ പ്രധാനമന്ത്രി ഇന്ത്യയിലെത്തുകയെന്നാണ് വിവരം

- Published:
26 Jan 2026 9:49 PM IST

ന്യൂഡല്‍ഹി: കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി മാര്‍ച്ച് ആദ്യവാരത്തില്‍ ഇന്ത്യയിലെത്തിയേക്കും. ഇന്ത്യന്‍ ഹൈക്കമ്മീഷ്ണര്‍ ദിനേഷ് പട്‌നായിക്കാണ് കാര്‍ണിയുടെ വരവിനെ കുറിച്ചുള്ള സൂചന നല്‍കിയത്. ഫെബ്രുവരി ഒന്നിന് ആരംഭിക്കുന്ന കേന്ദ്ര ബജറ്റ് അവതരണത്തിന് പിന്നാലെ മാര്‍ച്ച് ആദ്യവാരത്തിലായിരിക്കും കനേഡിയന്‍ പ്രധാനമന്ത്രി ഇന്ത്യയിലെത്തുകയെന്നാണ് വിവരം. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ യുറേനിയം, ഊര്‍ജം, ധാതുക്കള്‍, നിര്‍മിതബുദ്ധി തുടങ്ങിയവയുമായി ബന്ധപ്പെട്ട കരാറുകളില്‍ കാര്‍ണി ഒപ്പുവെച്ചേക്കും.
ട്രംപിന്റെ അമിതമായ തീരുവ ഭീഷണി നേരിടുന്ന ഇന്ത്യയ്ക്ക് യൂറോപ്യന്‍ യൂണിയനുമായുള്ള കരാറുകള്‍ക്ക് പിന്നാലെ കാനഡയുടെ നീക്കം വലിയ ആശ്വാസമായിരിക്കും. ഇന്ത്യയുടെ 77ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറുമായുള്ള കനേഡിയന്‍ വിദേശകാര്യ മന്ത്രി അനിതയുടെ സംഭാഷണം ഫലപ്രദമായി അവസാനിച്ചതിന് പിന്നാലെയാണ് ഡല്‍ഹി-ഒറ്റാവ കരാറുകളുടെ സാധ്യതയിലേക്ക് വഴിതുറന്നിട്ടത്.
നിര്‍മിതബുദ്ധി, സാമ്പത്തിക മേഖലയിലെ പങ്കാളിത്തം തുടങ്ങിയ വിഷയങ്ങളില്‍ ആഴത്തിലുള്ള സഹകരണം പരസ്പരം ഉറപ്പുവരുത്തുന്നതിനെ കുറിച്ച് ഇരുവരും സംസാരിച്ചിരുന്നു.
'യുഎസിന്റെ ഭീഷണികള്‍ക്ക് മുകളിലായി കാനഡയുടെ സഖ്യങ്ങള്‍ വിപുലീകരിക്കാന്‍ മാര്‍ക്ക് കാര്‍ണി ശ്രമങ്ങള്‍ നടത്തുകയാണ്. പഴയ നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള ശ്രമം അവസാനിച്ചുവെന്നാണ് കാര്‍ണി അടുത്തിടെ പ്രസംഗിച്ചത്. കാനഡയ്ക്ക് സമാനമായ ഇടത്തരം രാജ്യങ്ങളോട് കൂടുതല്‍ നീതിയുക്തവും കരുത്തുള്ളതുമായ ലോകത്തെ രൂപീകരിക്കാന്‍ സഖ്യങ്ങള്‍ രൂപീകരിക്കണം'. പട്‌നായിക്ക് കൂട്ടിച്ചേര്‍ത്തു.
ട്രംപിന്റെ തീരുവ ഭീഷണികളില്‍ കാനഡ ഭയക്കുന്നില്ലെന്നും അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ യുഎസ് ഇതര ഉത്പന്നങ്ങളുടെ കയറ്റുമതി ഇരട്ടിപ്പിക്കുകയല്ലാതെ മുന്നില്‍ മറ്റുവഴികളില്ലെന്നും നേരത്തെ കനേഡിയന്‍ മന്ത്രി വ്യക്തമാക്കിയിരുന്നു.
2023 ല്‍ സിഖ് വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിനെ കൊലപ്പെടുത്തിയതില്‍ ബന്ധമുണ്ടെന്ന് ആരോപിച്ച് പോയവര്‍ഷം സെപ്തംബറില്‍ ഇന്ത്യന്‍ നയതന്ത്രജ്ഞ ഉദ്യോഗസ്ഥരെ കാനഡ പുറത്താക്കിയിരുന്നു. ഇതിന് മറുപടിയായി ഇന്ത്യയിലുള്ള കനേഡിയന്‍ ഉദ്യോഗസ്ഥരെയും പുറത്താക്കുകയുണ്ടായി. ഇതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു.
Adjust Story Font
16
