ടൊറണ്ടോ യൂണിവേഴ്സിറ്റിക്ക് സമീപം വെടിയേറ്റ് ഇന്ത്യൻ വിദ്യാർഥിക്ക് ദാരുണാന്ത്യം; ഒരാഴ്ചക്കിടെ കാനഡയിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ ഇന്ത്യക്കാരൻ
മെഡിക്കൽ വിദ്യാർഥിയായ 20കാരൻ ശിവാങ്ക് അവസ്ഥിയെയാണ് വെടിയേറ്റ നിലയിൽ കണ്ടെത്തിയതെന്ന് ഇന്ത്യൻ കോൺസുലേറ്റ് ജനറൽ അറിയിച്ചു

ഒറ്റാവ: കാനഡയിലെ ടൊറണ്ടോ യൂണിവേഴ്സിറ്റിക്ക് സമീപം 20കാരനായ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റ് മരിച്ചു. കാനഡയില്‍ എംബിബിഎസിന് പഠിക്കുകയായിരുന്ന ശിവാങ്ക് അവസ്ഥിയെന്ന ഇന്ത്യക്കാരനെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടതെന്ന് കോണ്‍സുലേറ്റ് അറിയിച്ചു.
കിങ്സ്റ്റണ്‍ റോഡിന് സമീപം ഹൈലാന്‍ഡ് ക്രീക് ട്രെയിലില്‍ നിന്നാണ് വിദ്യാര്‍ഥിയെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് കോണ്‍സുലേറ്റ് വ്യക്തമാക്കി. സംഭവത്തില്‍ ഇതുവരെയും ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കൊലപാതകത്തില്‍ എത്ര പേര്‍ പങ്കാളികളാണെന്നത് വ്യക്തമല്ലെന്നും പൊലീസ് അറിയിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ടൊറണ്ടോ യൂണിവേഴ്‌സിറ്റിക്ക് സമീപത്ത് നിന്ന് വെടിയേറ്റ നിലയിലാണ് തങ്ങള്‍ക്ക് വിദ്യാര്‍ഥിയുടെ മൃതദേഹം ലഭിച്ചതെന്നാണ് പൊലീസ് ഭാഷ്യം. കൊലപാതകവുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരങ്ങള്‍ അറിയുന്നവരോ ലഭിക്കുന്നവരോ ഉണ്ടെങ്കില്‍ അന്വേഷണസംഘവുമായി ബന്ധപ്പെടാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റ് മരിച്ചതില്‍ അഗാധമായ ദുഖം രേഖപ്പെടുത്തിക്കൊണ്ട് ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ എക്‌സ് പോസ്റ്റിലൂടെ അനുശോചനമറിയിച്ചു. വിദ്യാര്‍ഥിയുടെ കുടുംബവുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും കോണ്‍സുലേറ്റ് ജനറല്‍ അറിയിച്ചു.
സമീപകാലത്ത്, ഇത് രണ്ടാം തവണയാണ് കാനഡയില്‍ ഇന്ത്യക്കാരന്‍ വെടിയേറ്റ് കൊല്ലപ്പെടുന്നത്. കഴിഞ്ഞ ആഴചയില്‍ 30കാരിയായ ഇന്ത്യന്‍ യുവതിയെയും ടൊറണ്ടോയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ പ്രതികളെ പിടികൂടുന്നതിനായി കാനഡയില്‍ വൈഡ് അറസ്റ്റ് വാറണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Adjust Story Font
16

