Quantcast

കനേഡിയൻ മെക്സിക്കൻ ഉത്പന്നങ്ങൾക്ക് അധിക ഇറക്കുമതി തീരുവ ചുമത്തിയുള്ള തീരുമാനം നീട്ടി; മലക്കം മറിഞ്ഞ് ട്രംപ്

തീരുവ തീരുമാനത്തിലുള്ള ട്രംപിന്‍റെ മലക്കം മറിച്ചിലിനിടെ അമേരിക്കൻ ഓഹരി വിപണിയിൽ വൻ ഇടിവ്

MediaOne Logo

Web Desk

  • Published:

    7 March 2025 9:03 AM IST

കനേഡിയൻ മെക്സിക്കൻ ഉത്പന്നങ്ങൾക്ക് അധിക ഇറക്കുമതി തീരുവ ചുമത്തിയുള്ള തീരുമാനം നീട്ടി; മലക്കം മറിഞ്ഞ് ട്രംപ്
X

വാഷിംഗ്ടണ്‍: കാനഡയിൽ നിന്നും മെക്സിക്കോയിൽ നിന്നുമുള്ള ചില ഉത്പന്നങ്ങൾക്ക് അധിക ഇറക്കുമതി തീരുവ ചുമത്താനുള്ള തീരുമാനം വൈകിപ്പിച്ച് അമേരിക്ക. ഏപ്രിൽ രണ്ട് വരെ അധിക തീരുവ ചുമത്തേണ്ടെന്നാണ് ഡൊണാൾഡ് ട്രംപിന്‍റെ പുതിയ തീരുമാനം. യുഎസ് - മെക്സിക്കോ - കാനഡ വ്യാപാര കരാറനുസരിച്ചുള്ള ഉത്പന്നങ്ങൾക്കാണ് തീരുവ ഇളവ് പ്രഖ്യാപിച്ചത്.തീരുവ തീരുമാനത്തിലുള്ള ട്രംപിന്‍റെ മലക്കം മറിച്ചിലിനിടെ അമേരിക്കൻ ഓഹരി വിപണിയിൽ വൻ ഇടിവ് രേഖപ്പെടുത്തി.

ട്രംപിന്‍റെ 25 ശതമാനം വരെയുള്ള തീരുവ നയം ചൊവ്വാഴ്ച പ്രാബല്യത്തിൽ വന്നതിനെത്തുടർന്ന് ഓഹരി വിപണിയെ വലിയ തോതില്‍ ബാധിക്കുകയായിരുന്നു. ഈ സാഹചര്യം അമേരിക്കയുടെ സാമ്പത്തിക വളർച്ചയെ ബാധിക്കുമെന്നും പണപ്പെരുപ്പം വർധിപ്പിക്കുമെന്നും സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകിയതോടെ നിലവില്‍ വന്ന് രണ്ട് ദിവസത്തിനുള്ളില്‍ തന്നെ തീരുവ പ്രഖ്യാപനം നടപ്പിലാക്കുന്നത് ട്രംപ് നീട്ടിവെക്കുകയായിരുന്നു.

25 ശതമാനം തീരുവ ചുമത്തിയാൽ രാജ്യം അതിനെ നേരിടാൻ തയ്യാറാണെന്ന് മെക്സിക്കോ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം വ്യക്തമാക്കിയിരുന്നു. അയൽ രാജ്യങ്ങൾക്ക്​ ഉയർന്ന ഇറക്കുമതി തീരുവ ചുമത്തുന്നതിൽനിന്ന്​ പിന്മാറൻ അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ വിസമ്മതിച്ചതോടെ യുഎസ്​ ഉൽപന്നങ്ങൾക്കും ‘പ്രതികാര’ തീരുവ ചുമത്തുമെന്ന്​ കാനഡയും അറിയിച്ചിരുന്നു. ട്രംപ് ഭരണകൂടം പദ്ധതിയുമായി മുന്നോട്ടുപോയാൽ ചൊവ്വാഴ്ച മുതൽ 30 ബില്യൺ കനേഡിയൻ ഡോളർ വിലമതിക്കുന്ന യുഎസ് ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് കനേഡിയൻ പ്രസിഡൻറ്​ ജസ്​റ്റിൻ ട്രൂഡോ പറഞ്ഞു. 125 ബില്യൺ കനേഡിയൻ ഡോളറി​ന്‍റെ യുഎസ് ഉൽപ്പന്നങ്ങൾക്ക് 21 ദിവസത്തിനുള്ളിൽ അധിക തീരുവ ഈടാക്കുമെന്നും ട്രൂഡോ പറഞ്ഞിരുന്നു.

TAGS :

Next Story