Quantcast

ഗസ്സയിലെ വെടിനിർത്തൽ: മൂന്ന് ഘട്ട പദ്ധതി മുന്നോട്ടുവെച്ച് ഹമാസ്

135 ദിവസത്തെ വെടിനിർത്തൽ, 1500 ഫലസ്തീൻ തടവുകാരുടെ മോചനം, ഗസ്സയിലുടനീളം സ്വതന്ത്രമായ സഞ്ചാരം എന്നിവ നിർദേശത്തിലുണ്ട്

MediaOne Logo

Web Desk

  • Updated:

    2024-02-07 16:03:44.0

Published:

7 Feb 2024 3:55 PM GMT

gaza attack israel
X

ഗസ്സയിൽ വെടിനിർത്തലിന് മൂന്ന് ഘട്ട പദ്ധതി ഹമാസ് മുന്നോട്ടുവെച്ചതായി റിപ്പോർട്ട്. ബന്ദികളുടെ മോചനത്തിന് പകരമായി 135 ദിവസത്തെ വെടിനിർത്തലടക്കമുള്ള നിർദേശമാണ് നൽകിയത്. ഇസ്രയേലുമായുള്ള വെടിനിർത്തലിനും ബന്ദി കൈമാറ്റത്തിനുമുള്ള കരാറിൽ ഹമാസിൻ്റെ പ്രതികരണം ലഭിച്ചതായി ഖത്തറും ഈജിപ്തും അമേരിക്കയും ചൊവ്വാഴ്ച സ്ഥിരീകരിച്ചിരുന്നു.

45 ദിവസം നീളുന്ന മൂന്ന് ഘട്ടങ്ങളാണ് നിർദേശത്തിലുള്ളത്. ഈ ഘട്ടങ്ങളിൽ ഇരുകൂട്ടരും സൈനിക പ്രവർത്തനങ്ങൾ പൂർണ്ണമായും നിർത്തും. ഇതോടൊപ്പം തടവുകാരെയും മറ്റും കൈമാറും.

ആദ്യഘട്ടത്തിൽ 1500 ഫലസ്തീൻ തടവുകാരെ ഇസ്രായേൽ മോചിപ്പിക്കണം. ഇതിന് പകരമായി ഹമാസ് തടവിലാക്കിയ സ്ത്രീകളെയും കുട്ടികളെയും വൃദ്ധരെയും രോഗികളെയും മോചിപ്പിക്കും. കൂടാതെ 500ൽ കുറയാത്ത സഹായ ട്രക്കുകളുടെ പ്രവേശനം, കുടിയൊഴിപ്പിക്കപ്പെട്ട ആളുകളുടെ തിരിച്ചുവരവ്, ഗസ്സയിലുടനീളം സ്വതന്ത്രമായ സഞ്ചാരം എന്നിവയും നിർദേശത്തിലുണ്ട്. ഇതോടൊപ്പം 60,000 താൽക്കാലിക വീടുകളും 200,000 ടെൻ്റുകളും കൊണ്ടുവരാൻ അനുവദിക്കണമെന്നും ആവശ്യപ്പെടുന്നു.

അധിനിവേശ കിഴക്കൻ ജറുസലേമിലെ അൽ-അഖ്‌സ മസ്ജിദിലേക്കുള്ള ഇസ്രായേൽ കുടിയേറ്റക്കാരുടെ നുഴഞ്ഞുകയറ്റം അവസാനിപ്പിക്കാനും 2002ന് മുമ്പുള്ള നിലയിലേക്ക് കൊണ്ടുവരാനും ഹമാസ് ആവശ്യപ്പെടുന്നു. രണ്ടാം ഘട്ടം അവസാനിക്കും മുമ്പ് യുദ്ധം നിർത്താനുള്ള ചർച്ചകൾ പൂർത്തിയാക്കണമെന്നും വ്യവസ്ഥയിലുണ്ടെന്നാണ് റിപ്പോർട്ട്.

അതേസമയം, ഹമാസിന്റെ പ്രതികരണം അവലോകനം ചെയ്യുകയാണെന്ന് ഇസ്രായേൽ അറിയിച്ചു. ഏകദേശം 136 ഇസ്രായേലികൾ ഇപ്പോഴും ഹമാസിന്റെ കൈവശം ബന്ദികളായിട്ടുണ്ടെന്നാണ് വിവരം.

വെടിനിർത്തൽ കരാറുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇസ്രായേലിലുണ്ട്. ഒക്​ടോബർ ഏഴിലേതിന് സമാനമായ രീതിയിൽ ഇസ്രായേലിനെതിരെ ഭാവിയിൽ ആക്രമണം ഉണ്ടാകില്ലെന്ന അമേരിക്കയുടെ ഉറപ്പ്​ ബ്ലിൻകൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അറിയിച്ചു. കൂടാതെ റഫയിൽ തുടരുന്ന ഇസ്രായേൽ ആക്രമണത്തിൽ അദ്ദേഹം കടുത്ത ആശങ്ക പ്രകടിപ്പിച്ചതായാണ് വിവരം.

അതേസയം, അടിയന്തര വെടിനിർത്തൽ വേണമെന്ന്​ യു.എൻ സെക്രട്ടറി ജനറൽ അ​ന്റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു. ബന്ദികളെ നിരുപാധികം വിട്ടയക്കണമെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story