Quantcast

ഇസ്രായേലി​ന്‍റെ കടുംപിടിത്തം; ഗസ്സയില്‍​ വെടിനിർത്തൽ ചർച്ച വീണ്ടും വഴിമുട്ടി

ഹമാസിന്‍റെ സാങ്കൽപിക ഉപാധികളുമായി ഒത്തുപോകാനാവില്ലെന്ന്​ നെതന്യാഹു

MediaOne Logo

Web Desk

  • Published:

    16 Feb 2024 1:20 AM GMT

ഇസ്രായേലി​ന്‍റെ കടുംപിടിത്തം; ഗസ്സയില്‍​ വെടിനിർത്തൽ ചർച്ച വീണ്ടും വഴിമുട്ടി
X

ഗസ്സ: അമേരിക്കയുടെ ശക്​തമായ ഇടപെടലുണ്ടായിട്ടും ഇസ്രായേലി​ന്‍റെ കടുംപിടിത്തം കാരണം ഗസ്സയില്‍​ വെടിനിർത്തൽ ചർച്ച വീണ്ടും വഴിമുട്ടി. ഹമാസിന്‍റെ സാങ്കൽപിക ഉപാധികളുമായി ഒത്തുപോകാനാവില്ലെന്ന്​ വ്യക്തമാക്കിയ നെതന്യാഹു, ഇസ്രായേൽ സംഘത്തെ കൈറോയിൽ നിന്ന്​ തിരികെ വിളിക്കുമെന്ന് മുന്നറിയിപ്പ്​ നൽകി. ഇറാനിയൻ സൈനിക കപ്പലിനു നേരെ അമരിക്ക​ സൈബർ ആക്രമണം നടത്തിയതായി യു.എസ്​ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്​ എൻ.ബി.സി ചാനൽ റിപ്പോര്‍ട്ട് ചെയ്തു. ബ്രിട്ടീഷ്​ കപ്പലിനു നേരെ മിസൈൽ ആക്രമണം നടത്തിയതായി ഹൂതികൾ അറിയിച്ചു. ഇസ്രായേൽ സൈന്യം അതിക്രമിച്ചു കയറിയ ഗസ്സയിലെ അൽ നാസർ ആശുപത്രിയിൽ സ്ഥിതി അതീവ ദയനീയമായി തുടരുകയാണ്.

വെടിനിർത്തൽ കരാർ വ്യവസ്​ഥകൾ ചർച്ച ചെയ്യാൻ ​വിളിച്ചു ചേർത്ത യുദ്ധകാര്യ മന്ത്രിസഭയുടെയും വിപുലീകൃത സർക്കാറി​ന്‍റെയും യോഗങ്ങളിൽ തീരുമാനമായില്ലെന്ന്​ ഇസ്രായേൽ മാധ്യമങ്ങൾ അറിയിച്ചു. മന്ത്രിമാർക്കിടയിലും അഭിപ്രായ ഭിന്നത ശക്​തമാണ്​. ഗസ്സയിലേക്ക്​ കൂടുതൽ സഹായം എത്തിച്ച്​ സംഘർഷത്തിന്​ അയവു വരുത്തണമെന്ന മധ്യസ്​ഥ രാജ്യങ്ങളുടെ ആവശ്യവും ഇസ്രായേൽ അംഗീകരിച്ചില്ല. കൂടുതൽ ചർച്ചക്കായി സി.ഐ.എ മേധാവി ഖത്തറിൽ നിന്ന്​ ഇസ്രായേലിൽ എത്തി. ​ വെടിനിർത്തലിനു സർക്കാർ വഴങ്ങണമെന്നാവശ്യ​പ്പെട്ട്​ ​ ബന്ദികളുടെ ബന്​ധുക്കൾ തെൽ അവീവിലെ പ്രധാന റോഡ്​ ഉപരോധിച്ചു. മരണമുനമ്പിൽ നിന്ന്​ തങ്ങളുടെ ഉറ്റവരെ എത്രയും വേഗം മോചിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഗസ്സയി​ലെ അൽനാസർ ആശുപത്രിക്കു നേരെ നടന്ന ഇസ്രായേൽ അതിക്രമത്തെ യു.എന്നും വിവിധ രാജ്യങ്ങളും അപലപിച്ചു.

ആശുപത്രിയിൽ ഇരച്ചുകയറിയ സൈന്യം രോഗികളെയും അഭയാർഥികളെയും ബലം പ്രയോഗിച്ച്​ പുറന്തള്ളി. സൈന്യം നടത്തിയ വെടിവെപ്പിൽ നിരവധി പേർ കൊല്ലപ്പെട്ടു. ഹമാസി​െൻറ പ്രവർത്തന കേന്ദ്രമാണെന്ന പതിവു കുറ്റ​പ്പെടുത്തൽ നടത്തിയാണ്​ അൽനാസർ ആശുപത്രിക്കെതിരെ ഇസ്രായേലി​ന്‍റെ അതിക്രമം. ആരോഗ്യകേന്ദ്രങ്ങൾ തകർക്കാനും വംശീയ ഉൻമൂലനത്തിനും വേണ്ടി ഇസ്രായേൽ നടത്തുന്ന ആസൂത്രിത പ്രചാരണം മാത്രമാണിതെന്ന്​ ഹമാസ്​ പ്രതികരിച്ചു. പിന്നിട്ട 24 മണിക്കൂറിനിടയിൽ 87 പേർ കൂടി മരിച്ചതോടെ ഗസ്സയിലെ ആകെ മരണം 28,663 ആയി. ലബനാനിൽ നിന്ന്​ കിർയത്​ ഷ്​മോനക്കു നേരെ നിരവധി മിസൈലുകളയച്ച്​ ഹിസ്​ബുല്ല. ഇസ്രായേൽ സേന ദക്ഷിണ ലബനാനിൽ പ്രത്യാക്രമണം നടത്തി. ചെങ്കടലിലും സംഘർഷം രൂക്ഷമായി. ഇറാൻ ​സൈനിക കപ്പലിനു നേരെ സൈബർ ആക്രമണം നടത്തിയെന്ന്​ യു.എസ്​ ഉദ്യോഗസ്​ഥരെ ഉദ്ധരിച്ച്​ എൻ.ബി.സി ചാനൽ. എന്നാൽ ഇറാ​െൻറ പ്രതികരണം അറിവായിട്ടില്ല. ബ്രിട്ടീഷ്​ ചരക്കുകപ്പലിനു നേരെ ആക്രമണം നടത്തിയതായി ഹൂതികൾ. അടുത്ത ആഴ്​ച യു.എൻ രക്ഷാസമിതിയിൽ ഗസ്സ വെടിനിർത്തൽ പ്രമേയത്തിൽ വോ​ട്ടെടുപ്പ്​ നടക്കും

TAGS :

Next Story