ചാർളി കിർക്കിന്റെ കൊലപാതകം: എഫ്ബിഐ ഡയരക്ടർ സ്ഥാനത്ത് നിന്നും കാശ്പട്ടേലിനെ പുറത്താക്കിയേക്കും
കിർക്കിന്റെ കൊലപാതകം നടന്ന രാത്രിയിൽ പട്ടേൽ എവിടെയായിരുന്നു എന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകളും സജീവമായിരുന്നു

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിൻ്റെ അടുത്ത സുഹൃത്ത് ചാർളി കിർക്കിൻ്റെ കൊലപാതകത്തെ തുടർന്ന് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) ഡയറക്ടറും ഇന്ത്യന്‍ വംശജനുമായ കാശ് പട്ടേലിനെ പുറത്താക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.
ചാർളി കിർക്കിന്റെ കൊലയാളിക്കായുള്ള തെരച്ചിലിനിടെ പട്ടേലിന്റെ ഭാഗത്തുനിന്നു പാളിച്ച ഉണ്ടായതായി വൈറ്റ് ഹൗസ് കരുതുന്നുണ്ട്. ഈ പശ്ചാതലത്തിലാണ് അദ്ദേഹത്തിന്റെ സ്ഥാനം തെറിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. ഡൊണാൾഡ് ട്രംപുമായും പട്ടേലുമായും അടുത്ത ബന്ധമുള്ള ഉറവിടങ്ങളെ ഉദ്ധരിച്ച് ഫോക്‌സ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ചാർളി കിർക്കിന്റെ കൊലപാതകം നടന്ന് മണിക്കൂറുകൾക്ക് ശേഷം, പ്രതി പിടിയലാണെന്ന് എഫ്ബിഐ ഡയറക്ടർ കാശ് പട്ടേൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ അന്നേരം പ്രതി പിടിയിലായിരുന്നില്ല. കൊലപാതകം നടന്ന് മണിക്കൂറുകൾക്കകം കൊലയാളികളെന്ന് തെറ്റിദ്ധരിച്ചു രണ്ടുപേരെ പിടികൂടിയതും ഇവരെ പിന്നീട് വിട്ടയക്കേണ്ടിവന്നതും എഫ്ബിഐയ്ക്ക് നാണക്കേടാകുകയും ചെയ്തിരുന്നു.
കിർക്കിന്റെ കൊലപാതകം നടന്ന രാത്രിയിൽ പട്ടേൽ എവിടെയായിരുന്നു എന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകളും സജീവമായിരുന്നു. ഇതൊക്കെയാണ് അദ്ദേഹത്തെ പുറത്താക്കുന്നതിലേക്കായി പറയുപ്പെടുന്ന കാരണങ്ങള്‍. യൂറ്റാ വാലി യൂണിവേഴ്സിറ്റിയിൽ സെപ്റ്റംബർ 10ന് നടന്ന പരിപാടിയിൽ പങ്കെടുക്കവെയാണ് ചാർളി കിർക്കിന് വെടിയേറ്റത്. 33 മണിക്കൂർ നീണ്ട അന്വേഷണത്തിനൊടുവിൽ 22കാരനായ ടൈലർ റോബിൻസണെ എഫ്ബിഐ പിടികൂടുകയായിരുന്നു. നിലവിൽ യൂറ്റാ കൗണ്ടി ഷെരീഫ് ഡിപ്പാർട്ട്മെൻ്റിൻ്റെ കസ്റ്റഡിയിലാണ് പ്രതി ഉള്ളത്.
Adjust Story Font
16

