Quantcast

'ചാര്‍ലിക്ക് നേരെയുള്ള വെടിവെപ്പ് കൂട്ടവെടിവെപ്പിനെക്കുറിച്ചുള്ള ചോദ്യത്തിനിടെ': അക്രമിയെ ഇതുവരെയും പിടികൂടാനായില്ല

രാജ്യത്ത് ഉടനീളമുള്ള യുഎസ് പതാകകൾ ചാർലിയോട് ഉള്ള അനുശോചന സൂചകമായി പകുതി താഴ്ത്തിക്കെട്ടാൻ പ്രസിഡന്റ് ട്രംപ് ഉത്തരവിട്ടു

MediaOne Logo

Web Desk

  • Published:

    11 Sept 2025 2:54 PM IST

ചാര്‍ലിക്ക് നേരെയുള്ള വെടിവെപ്പ് കൂട്ടവെടിവെപ്പിനെക്കുറിച്ചുള്ള ചോദ്യത്തിനിടെ: അക്രമിയെ ഇതുവരെയും പിടികൂടാനായില്ല
X

ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വിശ്വസ്തൻ ചാര്‍ലി കിര്‍ക്ക് വെടിയേറ്റ് മരിച്ചതിന്റെ ഞെട്ടലില്‍ യുഎസ്. രാജ്യത്തുടനീളമുള്ള യുഎസ് പതാകകൾ ചാർലിയോടുള്ള അനുശോചന സൂചകമായി പകുതി താഴ്ത്തിക്കെട്ടാൻ പ്രസിഡന്റ് ട്രംപ് ഉത്തരവിട്ടു. വലതുപക്ഷ ആക്ടിവിസ്റ്റും ഇന്ത്യാവിരുദ്ധ പ്രചാരകനുമൊക്കെയായാണ് ചാര്‍ലി കിര്‍ക്ക് അറിയപ്പെടുന്നത്.

യൂട്ടവാലി സര്‍വകലാശാലയില്‍ ബുധനാഴ്ച നടന്ന ചടങ്ങിനിടെയായിരുന്നു ചാർലി കിർക്കിന് വെടിയേറ്റത്. കൂട്ട വെടിവയ്പ്പിനെ കുറിച്ചുള്ള ഒരു വിദ്യാർഥിയുടെ ചോദ്യത്തിനു ചാർലി മറുപടി നൽകുന്നതിനിടെയാണ് സംഭവം.

കഴിഞ്ഞ 10 വർഷത്തിനിടെ എത്ര ട്രാൻസ്‌ജെൻഡർ അമേരിക്കക്കാർ കൂട്ട വെടിവയ്പ്പുകാരാണെന്ന് നിങ്ങൾക്കറിയാമോ എന്നായിരുന്നു ഒരു ചോദ്യം. കുറെയുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇതിന് സദസില്‍ നിന്ന് കയ്യടികള്‍ ഉയരുന്നുമുണ്ട്. കഴിഞ്ഞ 10 വർഷത്തിനിടെ അമേരിക്കയിൽ എത്ര കൂട്ട വെടിവയ്പ്പുകാർ ഉണ്ടായിട്ടുണ്ടെന്ന് നിങ്ങൾക്കറിയാമോ എന്നായിരുന്നു മറ്റൊരു ചോദ്യം. ഇതിനൊരു മറുചോദ്യം ചോദിച്ച് ഉത്തരം പറയാന്‍ തുടങ്ങുന്നതിനിടെ കസേരയില്‍ നിന്നും വീഴുന്നതാണ് വീഡിയോയിലുള്ളത്.

അതേസമയം താന്‍ ഏറെ സ്‌നേഹിച്ച രാജ്യത്തിന് വേണ്ടി ജീവിതം സമര്‍പ്പിച്ച ദേശസ്‌നേഹിയെയാണ് നഷ്ടമായതെന്ന് ട്രംപ് പറഞ്ഞു. യുഎസിലെ യുവാക്കളുടെ ഹൃദയത്തെ ചാര്‍ലിയേക്കാള്‍ നന്നായി മനസിലാക്കാന്‍ മറ്റാർക്കും കഴിഞ്ഞിട്ടില്ലെന്നും ട്രംപ് തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. അതേസമയം അക്രമിയെ ഇതുവരെയും പിടികൂടിയിട്ടില്ല.

യാഥാസ്ഥിതിക ആശയപ്രചാരണത്തിനായി കിർക്ക് തുടങ്ങിയ 'ടേണിങ് പോയിന്റ്' എന്ന സംഘടനയ്ക്ക് ഇന്ന് യുഎസിലെ 800ലേറെ ക്യാംപസുകളിൽ വേരുകളുണ്ട്. 2024ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യുവാക്കളുടെ വോട്ട് വൻതോതിൽ ട്രംപിന് ലഭിച്ചതിൽ ചാർലി കിർക്കിന്റെ പോഡ്കാസ്റ്റുകൾക്ക് വലിയ പങ്കുണ്ടായിരുന്നു. കുടിയേറ്റം അടക്കമുള്ള വിഷയങ്ങളിൽ ട്രംപിനെ പോലെ കടുത്ത നിലപാട് സ്വീകരിച്ചിരുന്ന കിർക്കിന്റെ വാക്കുകൾ പലപ്പോഴും വിവാദമായിട്ടുമുണ്ട്.

TAGS :

Next Story