'എന്‍റെ ചിത്രങ്ങൾ ഇപ്പോഴും പ്രചരിക്കപ്പെടുകയും വിൽക്കപ്പെടുകയും ചെയ്യുന്നു'; ലിങ്കുകൾ നീക്കം ചെയ്യണമെന്ന് മസ്കിനോട് ആവശ്യപ്പെട്ട് ലൈംഗിക പീഡനത്തിനിരയായ പെൺകുട്ടി
ബാലപീഡനക്കേസില ഇരയാണ് പെൺകുട്ടി. 20 വര്‍ഷങ്ങൾക്ക് മുൻപാണ് പെൺകുട്ടി ആദ്യമായി പീഡനത്തിനിരയായത്

ന്യൂയോര്‍ക്ക്: തന്നെ ലൈംഗികമായി പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട ചിത്രങ്ങളിലേക്ക് നയിക്കുന്ന ലിങ്കുകൾ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പോസ്റ്റ് ചെയ്യുന്നതിന് തടയിടണമെന്ന് മേധാവി ഇലോൺ മസ്കിനോട് ആവശ്യപ്പെട്ട് അതിജീവിത. ബാലപീഡനക്കേസില ഇരയാണ് പെൺകുട്ടി. 20 വര്‍ഷങ്ങൾക്ക് മുൻപാണ് പെൺകുട്ടി ആദ്യമായി പീഡനത്തിനിരയായത്.
"എന്‍റെയും മറ്റ് പലരുടെയും പീഡനങ്ങളും ഇപ്പോഴും ഇവിടെ പ്രചരിപ്പിക്കപ്പെടുകയും കച്ചവടവസ്തുവാക്കപ്പെടുകയും ചെയ്യുന്നുവെന്ന് കേൾക്കുന്നത് എന്നെ രോഷാകുലയാക്കുന്നു," അമേരിക്കയിൽ താമസിക്കുന്ന സോറ (യഥാർത്ഥ പേരല്ല) പറയുന്നു."നിങ്ങളുടെ ഉടമസ്ഥതയിലുള്ള ആപ്പിൽ ഞങ്ങളുടെ വിവരങ്ങൾ ദുരുപയോഗം ചെയ്യുകയും വിൽക്കപ്പെടുകയും ചെയ്യുന്നു. നിങ്ങളുടെ സ്വന്തം കുട്ടികളെ സംരക്ഷിക്കാൻ നിങ്ങൾ ഒരു മടിയും കൂടാതെ പ്രവർത്തിക്കുമെങ്കിൽ, ബാക്കിയുള്ളവർക്കുവേണ്ടിയും അങ്ങനെ ചെയ്യണമെന്ന് ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു. നടപടിയെടുക്കേണ്ട സമയം ഇപ്പോഴാണ്." സോറ മസ്കിനയച്ച സന്ദേശത്തിൽ കുറിച്ചു.
ആരെങ്കിലും കുട്ടികളെ ദുരുപയോഗം ചെയ്യുന്ന സംഭവങ്ങൾ വരുമ്പോൾ യഥാര്‍ഥ ചിത്രങ്ങൾ നൽകുകയാണെന്നു അവര്‍ ചൂണ്ടിക്കാട്ടി. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കങ്ങളോട് വിട്ടുവീഴ്ച ഇല്ലെന്നും കുട്ടികളെ ചൂഷണം ചെയ്യുന്നവരെ നേരിടേണ്ടതിനാണ് മുൻഗണനയെന്നും എക്സ് വ്യക്തമാക്കുന്നു. കുട്ടികളുടെ പീഡനവുമായി ബന്ധപ്പെട്ട വിവരങ്ങൾ അന്വേഷിക്കുന്നതിനിടെയാണ് ബിബിസി സോറയുടെ ചിത്രങ്ങൾ കണ്ടെത്തിയത്. ഒരു എക്സ് അക്കൗണ്ടിൽ വിൽപനയ്ക്ക് വച്ചിരുന്ന ആയിരക്കണക്കിന് സമാനമായ ഫോട്ടോകളുടെയും വീഡിയോകളുടെയും കൂട്ടത്തിൽ സോറയുടെ ചിത്രങ്ങളും ഉണ്ടായിരുന്നു.സോറയെ ദുരുപയോഗം ചെയ്ത പ്രതിയെ ജയിലിൽ അടച്ചെങ്കിലും വർഷങ്ങൾക്ക് മുമ്പ്, എന്നാൽ അതിനു മുമ്പുതന്നെ പീഡനത്തിന്റെ ദൃശ്യങ്ങൾ ലോകമെമ്പാടും പങ്കുവെക്കപ്പെടുകയും വിൽക്കപ്പെടുകയും ചെയ്തിരുന്നു.
ടെലിഗ്രാം വഴി ബിബിസി അക്കൌണ്ടിൽ ബന്ധപ്പെട്ടപ്പോൾ ഇന്തോനേഷ്യയിലെ ജക്കാർത്തയിലുള്ള ഒരു വ്യക്തിയുമായി ലിങ്ക് ചെയ്തിട്ടുള്ള ഒരു ബാങ്ക് അക്കൗണ്ടിന്‍റെ വിവരങ്ങളാണ് ലഭിച്ചത്. ''എന്‍റെ ശരീരം ഒരു ഉപഭോഗവസ്തുവല്ല, നേരത്തെയും ഇപ്പോഴും അങ്ങനെയല്ല. ഇത്തരം വിവരങ്ങൾ പ്രചരിപ്പിക്കുന്നത് നിഷ്ക്രിയരായ കാഴ്ചക്കാരല്ല, അവർ കുറ്റവാളികൾക്ക് കൂട്ടുനിൽക്കുന്നവരാണ്." സോറ രോഷാകുലയായി. സോറയുടെ പീഡനത്തിന്‍റെ ചിത്രങ്ങൾ ആദ്യം ഡാർക്ക് വെബിൽ മാത്രമേ ലഭ്യമായിരുന്നുള്ളൂ, എന്നാൽ ഇപ്പോൾ എക്സിൽ ലിങ്കുകൾ പരസ്യമായി പ്രമോട്ട് ചെയ്യപ്പെടുകയാണ്.
ഒരു കുടുംബാംഗമാണ് സോറയെ ആദ്യമായി പീഡനത്തിന് ഇരയാകുന്നത്. കുട്ടിയുടെ പീഡനവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ പീഡോഫൈലുകൾക്കിടയിൽ ഇപ്പോഴും പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. തന്‍റെ ഭൂതകാലത്തെക്കുറിച്ച് മറന്ന് പുതിയൊരു ജീവിതം നയിക്കാൻ ശ്രമിക്കുമ്പോൾ ഇത്തരം ചിത്രങ്ങൾ പ്രചരിക്കുന്നത് തന്‍റെ ഭാവിയെ തന്നെ മാറ്റിമറിക്കുകയാണെന്ന് സോറ പറയുന്നു. സോറ വളര്‍ന്നപ്പോൾ പെൺകുട്ടിയെ പിന്തുടരുന്നവർ ആരാണെന്ന് തിരിച്ചറിയുകയും ഓൺലൈനിൽ ബന്ധപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
സോറ മാത്രമല്ല, മുൻപ് പീഡനത്തിന് ഇരയായ നിരവധി കുട്ടികൾ ഈ അവസ്ഥയെ അഭിമുഖീകരിക്കുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഓൺലൈൻ സൈറ്റുകളിലൂടെ വിൽപന നടത്തുകയാണ് ഇത്തരക്കാര്‍ ചെയ്യുന്നത്. ഇന്തോനേഷ്യ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരാളുടെ ഒന്നിലധികം അക്കൌണ്ടുകൾ താൻ നിരന്തരം റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുകയാണെന്ന് അജ്ഞാതനായ ഒരു ആക്ടിവിസ്റ്റ് വെളിപ്പെടുത്തുന്നു. എന്നാൽ ഓരോ തവണയും അക്കൌണ്ടുകൾ നീക്കം ചെയ്യുമ്പോൾ ഇയാളുടെ പുതിയ അക്കൌണ്ടുകൾ പ്രത്യക്ഷപ്പെടുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏതാണ്ട് സമാനമായ നൂറിലധികം അക്കൗണ്ടുകൾ ഇയാളുടെ പേരിലുണ്ടായിരുന്നു.
ടെലിഗ്രാം വഴി പ്രസ്തുത ഇന്തോനേഷ്യക്കാരനുമായി ബന്ധപ്പെട്ടപ്പോൾ, ആയിരക്കണക്കിന് വീഡിയോകളും ചിത്രങ്ങളും വിൽപ്പനയ്ക്ക് വച്ചിട്ടുണ്ടെന്ന് മറുപടി നൽകിയതായി ആക്ടിവിസ്റ്റ് ബിബിസിയോട് പറഞ്ഞു.
കുറ്റവാളികൾ ഇത്തരത്തിൽ ആവർത്തിച്ച് പോസ്റ്റുകൾ ഇടുന്നത് തടയാൻ എക്സിന് മാത്രമല്ല, മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കും കൂടുതൽ കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് കനേഡിയൻ സെന്‍റര്‍ ഫോർ ചൈൽഡ് പ്രൊട്ടക്ഷനിലെ ലോയ്ഡ് റിച്ചാർഡ്‌സൺ പറയുന്നു."സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്ക് ഒരു നീക്കം ചെയ്യൽ നോട്ടീസ് അയക്കാൻ കഴിയുന്നത് വളരെ മികച്ചതാണ്, അവർ അക്കൗണ്ട് നീക്കം ചെയ്യും, പക്ഷേ അതാണ് ഏറ്റവും കുറഞ്ഞ കാര്യം"അവര്‍ കൂട്ടിച്ചേര്‍ത്തു. "ടെലിഗ്രാം പ്ലാറ്റ്‌ഫോമിലുടനീളമുള്ള പൊതു ഉള്ളടക്കം മുൻകൂട്ടി നിരീക്ഷിക്കുകയും ഉപയോക്താക്കളിലേക്ക് എത്തുന്നതിനോ റിപ്പോർട്ട് ചെയ്യപ്പെടുന്നതിനോ മുമ്പ് ആക്ഷേപകരമായ കാര്യങ്ങൾ നീക്കം ചെയ്യുകയും ചെയ്യുന്നു," ഒരു വക്താവ് പറഞ്ഞു.
Adjust Story Font
16

