വെടിനിര്‍ത്തല്‍ ചര്‍ച്ചയിലൂടെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇരുപക്ഷവും തയ്യാറാകണം: ചൈനീസ് വിദേശകാര്യ മന്ത്രി
താൽക്കാലികമല്ല, സമഗ്രവും സ്ഥായിയുമായ യുദ്ധവിരാമമാണ് വേണ്ടതെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പ്രതികരിച്ചു

ബെയ്ജിങ്: വെടിനിര്‍ത്തല്‍ ചര്‍ച്ചയിലൂടെ പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇരുപക്ഷവും തയ്യാറാകണമെന്ന് ചൈന. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായി ഫോണില്‍ ചര്‍ച്ച നടത്തി. താല്‍ക്കാലികമല്ല, സമഗ്രവും സ്ഥായിയുമായ യുദ്ധവിരാമമാണ് വേണ്ടതെന്ന് അരാഗ്ചി ചൈനീസ് വിദേശകാര്യമന്ത്രിയെ അറിയിച്ചു.
'പരസ്പരം പോരടിക്കുന്നതിനേക്കാള്‍ എന്തുകൊണ്ടും നല്ലത് സംസാരിച്ച് വെടിനിര്‍ത്തലിലേക്കെത്തുകയാണ്. ചര്‍ച്ചകളിലൂടെ ഇരുപക്ഷവും സംഘര്‍ഷം അവസാനിപ്പിക്കാന്‍ തയ്യാറാകണം'. വാങ് വ്യക്തമാക്കി. സംഘര്‍ഷത്തിന് താല്‍ക്കാലികമായല്ല, മറിച്ച് സമഗ്രവും സ്ഥായിയുമായ യുദ്ധവിരാമവുമാണ് വേണ്ടതെന്നായിരുന്നു അരാഗ്ചിയുടെ പ്രതികരണം. സംഘർഷം അതിരൂക്ഷമായി തുടരുന്നതിനിടെ മനുഷ്യത്വപരമായ ഇടപെടലിന് ചൈനയോട് നന്ദിയുണ്ടെന്നും അരാഗ്ചി പ്രതികരിച്ചു.
അമേരിക്കന്‍-ഇസ്രായേല്‍ സംയുക്ത ആക്രമണം ആരംഭിച്ചതുമുതല്‍ ഇറാനില്‍ സൈനികരും സാധാരണക്കാരുമുള്‍പ്പെടെ 1,500ലധികം ആളുകള്‍ കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു. ചില മനുഷ്യാവകാശ സംഘടനകളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം മരണസംഖ്യ 3,000 കടന്നിരിക്കാം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 15 പ്രവിശ്യകളിലായി 206 ആക്രമണങ്ങളാണ് രേഖപ്പെടുത്തിയത്.
ഇറാനിലെ ആക്രമണങ്ങള്‍ക്ക് പുറമെ ലെബനനിലും ഇസ്രായേല്‍ തങ്ങളുടെ സൈനിക നീക്കം ശക്തമാക്കിയിട്ടുണ്ട്. തെക്കന്‍ ലെബനനിലെ ചില പ്രദേശങ്ങളുടെ പരമാധികാരം ഇസ്രായേല്‍ ഏറ്റെടുക്കണമെന്നും രാജ്യത്തിന്റെ പുതിയ അതിര്‍ത്തി ലിതാനി നദിയായിരിക്കണമെന്നും ഇസ്രായേലിന്റെ തീവ്ര വലതുപക്ഷ ധനമന്ത്രി ബെസലേല്‍ സ്‌മോട്രിച്ച് ആവശ്യപ്പെട്ടത് മേഖലയില്‍ കൂടുതല്‍ ആശങ്കകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിട്ടുണ്ട്.
Adjust Story Font
16

