ഒടിഞ്ഞ എല്ലുകൾ 3 മിനിറ്റിൽ ഒട്ടിക്കാം; ചൈനയുടെ നിർണായക കണ്ടുപിടിത്തം !
എല്ലുകൾ എളുപ്പത്തിൽ ഒട്ടിക്കുന്ന ഒരു 'പശ' കണ്ടുപിടിച്ചതായാണ് ചൈനീസ് ശാസ്ത്രജ്ഞരുടെ അവകാശവാദം..

ആരോഗ്യരംഗത്ത് ഒരു നിർണായക കണ്ടുപിടിത്തവുമായി എത്തിയിരിക്കുകയാണ് ചൈന. ഒടിഞ്ഞ എല്ലുകൾ മൂന്ന് മിനിറ്റ് കൊണ്ട് ഒട്ടിക്കുന്ന ഒരു പശ കണ്ടുപിടിച്ചതായാണ് ചൈനീസ് ശാസ്ത്രജ്ഞരുടെ അവകാശവാദം. എല്ലുകൾ പെട്ടെന്ന് കൂട്ടിച്ചേർക്കാൻ കഴിയുന്ന വിദ്യയ്ക്കായി ഏറെക്കാലമായി കഠിനപരിശ്രമത്തിലായിരുന്നു ലോകമെങ്ങുമുള്ള ശാസ്ത്രജ്ഞർ. അതാണിപ്പോൾ ചൈന സാധ്യമാക്കിയിരിക്കുന്നത്.
ബോൺ 02 എന്നാണ് എല്ലുകൾ കൂട്ടിച്ചേർക്കാൻ ചൈന കണ്ടെത്തിയിരിക്കുന്ന പശയ്ക്ക് പേര്. കിഴക്കൻ ചൈനയിലെ ഷെജിയാങ് യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള സർ റൺ റൺ ഷാ ആശുപത്രിയിലെ ഫിസിഷ്യൻ ഡോ.ലിൻ ഷിയാൻഫെങിന്റെ നേതൃത്വത്തിൽ നടന്ന ക്ലിനിക്കൽ സ്റ്റഡിയിലാണ് ഈ പശ വികസിപ്പിച്ചെടുത്തത്. മറ്റ് ചില വിദ്യാഭ്യാസ സ്ഥാപനങ്ങളും ഗവേഷണത്തിൽ പങ്കെടുത്തിരുന്നു. ഏകദേശം 150 പേരിലധികം പരീക്ഷണം നടത്തി, സുരക്ഷയും കാര്യക്ഷമതയും ഉറപ്പാക്കിയ ശേഷമാണ് ഗവേഷകർ റിപ്പോർട്ട് പുറത്ത് വിട്ടത്.
എല്ലുകൾ കൂട്ടിച്ചേർക്കാൻ കഴിയുന്ന ഒരു ബയോമെറ്റീരിയലാണ് നിലവിൽ വികസിപ്പിച്ചെടുത്തിരിക്കുന്ന പശ. എല്ലുകളുടെ ഒടിഞ്ഞ അഗ്രത്തിൽ ഇവ നേരിട്ട് തേച്ച ശേഷം ഒട്ടിച്ചുവെച്ചാൽ പെട്ടെന്ന് തന്നെ എല്ലുകൾ കൂടിച്ചേരുമെന്നാണ് ശാസ്ത്രജ്ഞർ അവകാശപ്പെടുന്നത്. ഇപ്പോൾ ചെയ്യുന്നത് പോലെ, പ്ലേറ്റുകളോ സ്‌ക്രൂകളോ ആവശ്യമായി വരില്ല. അതായത്, ഓർത്തോപീഡിക് ചികിത്സയിൽ വിപ്ലവകരമായ ഒരു കണ്ടുപിടിത്തം.
ഈ നിർണായക കണ്ടുപിടിത്തത്തിലേക്ക് ഡോ.ലിന്നിനെ നയിച്ചത് കടലിനടിയിലുള്ള മുത്തുച്ചിപ്പികളാണെന്നാണ് അദ്ദേഹം പറയുന്നത്. ശക്തിയേറിയ തിരമാലകളെയും നീരൊഴുക്കിനെയും അതിജീവിച്ച്, മുത്തുച്ചിപ്പികൾക്ക് വെള്ളത്തിനടിയിൽ പറ്റിപ്പിടിച്ച് ഇരിക്കാമെങ്കിൽ, രക്തയോട്ടം നടക്കുന്ന ശരീരത്തിൽ എല്ലുകളെ പരസ്പരം ബന്ധിപ്പിക്കാൻ ഒരു പശ എന്തുകൊണ്ട് വികസിപ്പിച്ചുകൂട എന്നദ്ദേഹം ചിന്തിച്ചു. അങ്ങനെയാണ് തന്റെ പരീക്ഷണത്തിലേക്ക് അദ്ദേഹം കടക്കുന്നത്. വർഷങ്ങൾ നീണ്ട ആ പരീക്ഷണം ഒടുവിൽ വിജയം കാണുകയും ചെയ്തു.
പശയ്ക്ക് പറ്റിയ മെറ്റീരിയൽ കണ്ടെത്തുകയായിരുന്നു ഏറ്റവും ദുർഘടമായ ഘട്ടം. കാരണം, ഒന്നാമത് എല്ലുകളെ ഒട്ടിച്ച് ചേർക്കാൻ കഴിയുന്ന, ജൈവമായ മെറ്റീരിയൽ ആയിരിക്കണം പശയ്ക്കായി വേണ്ടത്. രണ്ടാമത്, കോശങ്ങൾ നശിക്കുന്നത് ഒഴിവാക്കുന്നതിന് താപനിലയിലെ വ്യതിയാനങ്ങൾ തരണം ചെയ്യാൻ ഈ മെറ്റീരിയലിന് കഴിയണം. പിന്നെ, സർജിക്കൽ ഉപയോഗത്തിന് വേണ്ട മാനദണ്ഡങ്ങളെല്ലാം പാലിക്കുകയും വേണം.
ഇതൊക്കെ കണക്കിലെടുത്ത്, ഏകദേശം 50ഓളം സാംപിളുകൾ പല വർഷങ്ങളിലായി ഗവേഷകസംഘം വികസിപ്പിച്ചിരുന്നു. മൃഗങ്ങളിൽ നൂറിലധികം പരീക്ഷണങ്ങൾ നടത്തി വിജയിച്ചശേഷമാണ് മനുഷ്യരിൽ ബോൺ 02 പരീക്ഷിച്ച് നോക്കിയത്.
2 അല്ലെങ്കിൽ 3 മിനിറ്റിനുള്ളിൽ ബോൺ 02 എല്ലുകളെ കൂട്ടിച്ചേർക്കുമെന്നാണ് ഡോ.ലിന്നിന്റെ അവകാശവാദം. അപ്ലൈ ചെയ്യാൻ വളരെ എളുപ്പവുമാണിത്. പിന്നെ പ്ലേറ്റുകളും സ്‌ക്രൂകളും ശരീരത്തിൽ കടത്തുമ്പോഴുണ്ടാകുന്ന പാടുകളോ മറ്റ് ബുദ്ധിമുട്ടുകളോ ബോൺ 02 മൂലം ഉണ്ടാകുന്നില്ല. സ്‌ക്രൂ ഒക്കെ ഉപയോഗിച്ചാൽ പിന്നീട് ഒരു സർജറി കൂടി വേണ്ടി വരും എന്നതിനാൽ ബോൺ 02 ഇതിനും ഒരു ശാശ്വത പരിഹാരമാണ്. ബോൺ 02 വെച്ച് എല്ലുകൾ കൂട്ടിച്ചേർക്കപ്പെട്ട ഒരാളിൽ 3 മാസം കൊണ്ട് കൈ പഴയത് പോലെ പ്രവർത്തനക്ഷമമായതായി ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു. ഒരു പാട് പോലും അവശേഷിപ്പിക്കാതെ പൂർണമായും കൈ ഭേദമാവുകയും ചെയ്തു.
ഇനി ഈ പശ എത്രനാൾ നിലനിൽക്കും എന്ന കാര്യത്തിൽ ഒരു സംശയമുണ്ടാകും അല്ലേ.. എന്നാലിതിനും ലിന്നിന്റെയും ടീമിന്റെയും പക്കൽ ഉത്തരമുണ്ട്. 400 പൗണ്ട് പുൾ ഫോഴ്സ് ആണ് ഇവർ അവകാശപ്പെടുന്നത്. അതായത്, 181.4 കിലോ ഭാരമുള്ള വസ്തുവിനാൽ അതിശക്തിയായി വലിക്കപ്പെട്ടാലേ ഈ പശ കൊണ്ട് ഒട്ടിക്കപ്പെട്ട എല്ലുകൾ വിട്ടുപോരുകയുള്ളൂ.. അങ്ങനെയാണെങ്കിൽ ഇത് മെറ്റൽ ഫിക്സേഷൻ ഡിവൈസുകളേക്കാൾ ബലപ്രദമാണ്.
നിലവിൽ, തിരഞ്ഞെടുക്കപ്പെട്ട രോഗികളിലേ ഈ വിദ്യ പരീക്ഷിച്ച് നോക്കിയിട്ടുള്ളൂ. നട്ടെല്ലിന്റെ ഓപ്പറേഷനിലടക്കം ബോൺ 02 പരീക്ഷിച്ച് നോക്കാനൊരുങ്ങുകയാണ് ലിന്നും സംഘവും. അതും വിജയകരമാണ് എങ്കിൽ ഓർത്തോപീഡിക് രംഗത്ത് ശാസ്ത്രജ്ഞർക്ക് ഒരു തിരിഞ്ഞുനോട്ടം വേണ്ടി വരില്ല.
Adjust Story Font
16

