Quantcast

മുതിര്‍ന്നവരെയും കുട്ടികളെയും സൈക്കിൾ ചവിട്ടാൻ പഠിപ്പിച്ച് വിദ്യാര്‍ഥി സമ്പാദിച്ചത് 35 ലക്ഷം

800 (10,427 രൂപ) യുവാന്‍റെ സൈക്കിൾ പാക്കേജിലൂടെ കോഴ്സ് തീരുന്നതോടെ സൈക്കിൾ ഓടിക്കാൻ പഠിക്കുമെന്ന് ലീ ഉറപ്പുനൽകുന്നു

MediaOne Logo
മുതിര്‍ന്നവരെയും കുട്ടികളെയും സൈക്കിൾ ചവിട്ടാൻ പഠിപ്പിച്ച് വിദ്യാര്‍ഥി സമ്പാദിച്ചത് 35 ലക്ഷം
X

ബീജിങ്: മുതിര്‍ന്നവരെയും കുട്ടികളെയും സൈക്കിൾ ചവിട്ടാൻ പഠിപ്പിച്ച് വിദ്യാര്‍ഥി സമ്പാദിച്ചത് ലക്ഷങ്ങൾ. ചൈനയിലെ ബിരുദാനന്തര വിദ്യാര്‍ഥിയാണ് സൈക്കിൾ ഓടിക്കാൻ പഠിപ്പിച്ചതിലൂടെ ഏകദേശം 39,000 ഡോളർ (ഏകദേശം 35 ലക്ഷത്തിലധികം രൂപ )രണ്ട് വര്‍ഷത്തിനുള്ളിൽ സമ്പാദിച്ചത്.

ഷാങ്ഹായ് യൂണിവേഴ്‌സിറ്റി ഓഫ് സ്‌പോർട്‌സിൽ സ്‌പോർട്‌സ് മാസ്റ്റേഴ്സ് വിദ്യാര്‍ഥിയായ ലീ ആണ് വ്യത്യസ്തമായ മാര്‍ഗത്തിലൂടെ പണം സമ്പാദിച്ചതെന്ന് സൗത്ത് ചൈന മോർണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. യാത്രക്കും വിനോദത്തിനുമായി ചൈനയിൽ സൈക്ലിംഗിൽ താൽപര്യം വര്‍ധിച്ചുവരികയാണെങ്കിലും നഗരങ്ങളിലെ പലര്‍ക്കും സൈക്കിൾ ചവിട്ടാൻ അറിയുന്നില്ലെന്ന് മനസിലാക്കിയതിനെ തുടര്‍ന്നാണ് ഒഴിവുസമയങ്ങളിൽ സൈക്കിൾ പഠിപ്പിക്കാൻ തുടങ്ങിയത്.

വർഷങ്ങൾക്ക് മുമ്പ് താനും ഒരു സുഹൃത്തും പ്രൊഫഷണൽ ബൈക്ക് റൈഡിങ് പരിശീലനവുമായി ബന്ധപ്പെട്ട ചെറിയ ബിസിനസ് ആരംഭിക്കാൻ തീരുമാനിക്കുകയും ചെയ്തപ്പോഴാണ് ഈ ആശയം രൂപപ്പെട്ടതെന്ന് ലീ പറഞ്ഞു. എന്നാൽ സുഹൃത്തിന് ഷാങ്ഹായിൽ സ്ഥിര ജോലി ലഭിച്ചപ്പോൾ ലീ ഒറ്റക്കായി. യൂണിവേഴ്സ്റ്റിയിൽ ചേര്‍ന്നതിന് ശേഷം എന്തുകൊണ്ട് തനിക്ക് ഒറ്റക്ക് ഒരു 'സൈക്കിൾ സ്കൂൾ' തുടങ്ങിക്കൂടാ എന്ന് ചിന്തിച്ച ലി സോഷ്യൽമീഡിയയിൽ സൈക്ലിംഗുമായി ബന്ധപ്പെട്ട വീഡിയോകൾ പോസ്റ്റ് ചെയ്യാൻ തുടങ്ങി. രണ്ട് മാസത്തിനുള്ളിൽ നിരവധി പേര്‍ ലീയെ സമീപിച്ചുതുടങ്ങി. ഇതോടെ പഠനത്തിനൊപ്പം സൈക്കിൾ പഠിപ്പിക്കലും സൈഡ് ബിസിനസായി വളര്‍ന്നു.

800 (10,427 രൂപ) യുവാന്‍റെ സൈക്കിൾ പാക്കേജിലൂടെ കോഴ്സ് തീരുന്നതോടെ സൈക്കിൾ ഓടിക്കാൻ പഠിക്കുമെന്ന് ലീ ഉറപ്പുനൽകുന്നു. മുതിർന്നവർക്കായി രണ്ട് ക്ലാസുകളാണുണ്ടാകുക. ഓരോ സെഷനും ഒന്നര മുതൽ രണ്ടുമണിക്കൂർ വരെയാണ് നീളുക. കുട്ടികൾക്ക് കൂടുതൽ സെഷനുകൾ ഉണ്ടായിരിക്കും. ലീ ഇതുവരെ 4 നും 68 നും ഇടയിൽ പ്രായമുള്ള 700 ഓളം ആളുകളെ പഠിപ്പിച്ചിട്ടുണ്ട്. ഭൂരിഭാഗവും 20 നും 30 നും ഇടയിൽ പ്രായമുള്ളവരാണ്, ഏകദേശം 70% സ്ത്രീകളാണ്. തന്‍റെ ആശയത്തിന് ഇത്രത്തോളം പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ലീ പറയുന്നു. ജോലിസ്ഥലത്തേക്കുള്ള യാത്ര കൂടുതൽ സൗകര്യപ്രദമാക്കുന്നതിനായി ചൈനയിൽ ഭൂരിഭാഗം പേരും ഇപ്പോൾ സൈക്കിൾ പഠിക്കുകയാണ്.

കുട്ടിക്കാലത്ത് സൈക്കിൾ ഓടിക്കാൻ സാധിക്കാത്തതിന്‍റെ സങ്കടം തീര്‍ക്കാനാണ് താൻ സൈക്കിൾ പഠിച്ചതെന്ന് ലീയുടെ വിദ്യാര്‍ഥികളിലൊരാൾ പറയുന്നു. “ചെറുപ്പത്തിൽ ഞാൻ എപ്പോഴും സ്കൂളിലേക്ക് നടന്നാണ് പോയിരുന്നത്, ഒരിക്കലും സൈക്കിൾ ഓടിക്കാൻ അവസരം ലഭിച്ചിരുന്നില്ല. കഴിഞ്ഞ വർഷം എന്റെ മകൾ സൈക്കിൾ ഓടിക്കാൻ പഠിക്കുന്നത് കണ്ടപ്പോഴാണ് എനിക്ക് സൈക്കിൾ ഓടിക്കാൻ ആഗ്രഹം തോന്നിയത്” അവർ പറഞ്ഞു. ഒരു മണിക്കൂർ മാത്രം നീണ്ട പരിശീലനത്തിന് ശേഷം അവർക്ക് സ്വന്തമായി സൈക്കിൾ ഓടിക്കാൻ കഴിഞ്ഞു. ലീയുടെ വിദ്യാര്‍ഥികളിൽ ചിലര്‍ വെറും പത്ത് മിനിറ്റ് കൊണ്ടാണ് സൈക്കിൾ ചവിട്ടാൻ പഠിക്കുന്നത്.

ജൂണിൽ ലിയുടെ മാസ്റ്റർ പഠനം പൂർത്തിയാകും. ഇതിനുശേഷം സൈക്കിൾ പഠിപ്പിക്കുന്ന രീതി പരിഷ്‌കരിക്കാനും സൈക്കിൾ ക്ലാസ് ഷാങ്ഹായിലും സമീപ പ്രവിശ്യകളിലേക്കും വ്യാപിപ്പിക്കാനാണ് ലീയുടെ തീരുമാനം.

TAGS :

Next Story