Quantcast

ഇറാനിൽ ഭരണമാറ്റത്തിന് പുതിയ തന്ത്രവുമായി യുഎസ്; വിമത കുർദിഷ് സേനയെ രംഗത്തിറക്കാൻ നീക്കം

ഇറാനെ വിഭജിക്കാനാണ് സിഐഎ ലക്ഷ്യം വെക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2026-03-04 03:01:11.0

Published:

4 March 2026 8:26 AM IST

ഇറാനിൽ  ഭരണമാറ്റത്തിന്  പുതിയ തന്ത്രവുമായി  യുഎസ്; വിമത കുർദിഷ് സേനയെ രംഗത്തിറക്കാൻ നീക്കം
X

വാഷിങ്ടൺ: ഇറാനിൽ ഭരണമാറ്റത്തിന് പുതിയ തന്ത്രവുമായി അമേരിക്ക രംഗത്ത്. വിമത കുർദിഷ് സേനയെ പരിശീലിപ്പിക്കാൻ നീക്കം നടക്കുന്നു. ഇതിലൂടെ ഇറാനെ വിഭജിക്കാനാണ് സിഐഎ ലക്ഷ്യം വെക്കുന്നത്. അതേസമയം ഇറാനിലെ അമേരിക്കൻ നടപടിക്കെതിരെ ഫ്രാൻസും സ്പെയിനും രംഗത്ത് വന്നു. അന്താരാഷ്ട്ര നിയമങ്ങളെ ട്രംപ് വകവെക്കുന്നില്ലെന്ന് ഇമ്മാനുവൽ മാക്രോൺ കുറ്റപ്പെടുത്തി. ഇരുരാജ്യങ്ങൾക്കുമെതിരെ ട്രംപ് രംഗത്ത് വന്നു.

ഇറാനിൽ ഒരു ജനകീയ പ്രക്ഷോഭം വളർത്തുക എന്ന ലക്ഷ്യത്തോടെ കുർദിഷ് സേനയെ ആയുധമാക്കാനാണ് സിഐഎ നീക്കമെന്ന് അടുത്ത വൃത്തങ്ങൾ സിഎൻഎന്നിനോട് വ്യക്തമാക്കുന്നു. ഇറാനിയൻ പ്രതിപക്ഷ ഗ്രൂപ്പുകളുമായും ഇറാഖിലെ കുർദിഷ് നേതാക്കളുമായും ട്രംപ് ഭരണകൂടം സജീവ ചർച്ചകൾ നടത്തിവരികയാണെന്ന് വൃത്തങ്ങൾ അറിയിച്ചു.

ഇറാഖ്-ഇറാൻ അതിർത്തിയിൽ, പ്രധാനമായും ഇറാഖിലെ കുർദിസ്ഥാൻ മേഖലയിൽ, ഇറാനിയൻ കുർദിഷ് സായുധ ഗ്രൂപ്പുകളുടെ ആയിരക്കണക്കിന് സേനകൾ പ്രവർത്തിക്കുന്നുണ്ട്. ഇറാനിലെ യുഎസ് സൈനിക നടപടിയെക്കുറിച്ചും ദൗത്യം പുരോഗമിക്കുമ്പോൾ യുഎസും കുർദുകളും എങ്ങനെ ഒരുമിച്ച് പ്രവർത്തിക്കുമെന്നതിനെക്കുറിച്ചും ചർച്ച ചെയ്യാൻ ട്രംപ് ഞായറാഴ്ച ഇറാഖി കുർദിഷ് നേതാക്കളെ വിളിച്ചതായി രണ്ട് യുഎസ് ഉദ്യോഗസ്ഥരുടെ വാക്കുകളെ ഉദ്ധരിച്ച് അമേരിക്കൻ വാര്‍ത്താ വെബ്സൈറ്റായ ആക്സിയോസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അതിനിടെ ഇറാനിൽ യുഎസ് സൈന്യം 1700-ൽ അധികം സ്ഥലങ്ങളിൽ മിന്നലാക്രമണം നടത്തിയതായി യുഎസ് അവകാശപ്പെട്ടു. ഇറാന്‍റെ നാവിക കപ്പലുകൾ, അന്തർവാഹിനികൾ, മിസൈൽ കേന്ദ്രങ്ങൾ, കൺട്രോൾ കേന്ദ്രങ്ങൾ എന്നിവ ആക്രമിച്ചെന്ന് യുഎസ് അറിയിച്ചു. എന്നാൽ അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരെ നീണ്ട യുദ്ധത്തിന് തയാറാണെന്നും ഇതുവരെ തങ്ങളുടെ അത്യാധുനിക ആയുധങ്ങൾ പ്രയോഗിച്ചിട്ടില്ലന്നും ഇറാൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

TAGS :

Next Story