Quantcast

52 വർഷം പഴക്കമുള്ള കൊലപാതകക്കേസ് തെളിയിച്ചത് ഒരു സിഗരറ്റ് കുറ്റി!

1971 ലാണ് 23 കാരിയായ അധ്യാപികയെ അപ്പാർട്ട്‌മെന്റിൽ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്

MediaOne Logo

Web Desk

  • Published:

    24 Feb 2023 2:41 AM GMT

Murder Case In US,Cigarette Butt Solved Murder Case,Cigarette Butt  DNA,world news,crime news
X

വെർമോണ്ട്: '52 വർഷം മുമ്പ് നടന്ന കൊലപാതകം, പ്രതി ആരെന്നറിയാതെ കുഴങ്ങിയ അന്വേഷണ ഉദ്യോഗസ്ഥർ..ഒടുവിൽ കൊലപാതകിയെ കണ്ടെത്താൻ പൊലീസിനെ സഹായിച്ചത് ഒരു സിഗരറ്റ് കുറ്റി...' ക്രൈം തില്ലർ സിനിമയുടെ കഥയല്ല. സിനിമാക്കഥകളെ വെല്ലുന്ന രീതിയിൽ കൊലപാതകക്കേസ് തെളിയിച്ചിരിക്കുന്നത് അമേരിക്കയിലാണ്.

1971 ലാണ് വെർമോണ്ടിലെ അധ്യാപികയായിരുന്ന 23 കാരിയായ റീത്ത കുറാന സ്വന്തം അപ്പാർട്ട്‌മെന്റിൽ കൊല്ലപ്പെട്ടത്. കഴുത്തുഞെരിച്ച് കൊല്ലപ്പെട്ട നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. റീത്തയുടെ മൃതദേഹത്തിന് സമീപത്ത് നിന്ന് ലഭിച്ച് സിഗരറ്റ് കുറ്റിയുടെ ഡിഎൻ.എ പരിശോധന നടത്തിയപ്പോഴാണ് അന്ന് 31 വയസുണ്ടായിരുന്ന അയൽവാസി വില്യം ഡിറൂസാണ് കൊലപാതകിയെന്ന് പൊലീസ് കണ്ടെത്തുന്നത്. കൊല്ലപ്പെട്ട റീത്തയുടെ അപ്പാർട്ട്‌മെന്റിന്റെ മുകൾ നിലയിലായിരുന്നു പ്രതിയും കുടുംബവും താമസിച്ചിരുന്നത്.

കൊലപാതകം നടന്ന സമയത്ത് വില്യത്തെയും ഭാര്യയെയും നിരവധി തവണ ചോദ്യം ചെയ്തിരുന്നു. എന്നാൽ തെളിവുകളുടെ അഭാവത്തിൽ ഇവരെ സംശയിക്കുകയും ചെയ്തിരുന്നില്ലെന്ന് എൻബിസി ന്യൂസിനെ ഉദ്ധരിച്ച് എൻ.ഡി.ടിവി റിപ്പോർട്ട് ചെയ്യുന്നു.

ഡിറൂസും ഭാര്യ മിഷേലും കൊലപാതകം നടന്ന ദിവസം രാത്രി വീട്ടിലുണ്ടായിരുന്നുവെന്നും എന്നാൽ ഒന്നും കേൾക്കുകയോ കാണുകയോ ചെയ്തിട്ടില്ലെന്നായിരുന്നു അവരുടെ മൊഴി. കൊലപാതകം നടന്ന സമയത്ത് ആരു ചോദിച്ചാലും താൻ വീട്ടിൽ തന്നെയാണെന്നും രണ്ടാഴ്ചയായി പുറത്തേക്ക് പോയിട്ടില്ലെന്ന് പറയാനും പ്രതിയായ വില്യം ഡിറൂസ് ഭാര്യയോട് പറഞ്ഞിരുന്നു.

പിന്നീട് കേസ് അന്വേഷണം വഴിമുട്ടി. എന്നാൽ 2019ൽ കേസിന്റെ അന്വേഷണം പുനരാരംഭിച്ചു. അന്ന് റീത്തയുടെ മൃതദേഹത്തിന് സമീപം കണ്ടെത്തിയ സിഗരറ്റ് കുറ്റി വീണ്ടും പരിശോധനക്ക് അയച്ചു. കൊല്ലപ്പെട്ട ദിവസം റീത്ത ധരിച്ചിരുന്ന ജാക്കറ്റിൽ ഡിറൂസിന്റെ ഡിഎൻഎയുമായി സാമ്യമുണ്ടായതായി കണ്ടെത്തി. എന്നാൽ അപ്പോഴേക്കുംപ്രതിയായ വില്യം ഡിറൂസ് മരിച്ചിരുന്നു.

റീത്തയുടെ കൊലപാതകത്തിന് ശേഷം ഭാര്യയെ ഉപേക്ഷിച്ച് ബുദ്ധ സന്യാസിയാകാൻ ഡിറൂസ് തായ്ലൻഡിലേക്ക് പലായനം ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു. 1974-ഓടെ അമേരിക്കയിലേക്ക് മടങ്ങിയ അദ്ദേഹം സാൻ ഫ്രാൻസിസ്‌കോയിൽ താമസിക്കുകയായിരുന്നു. പിന്നീട്, 1989-ൽ അദ്ദേഹം മയക്കുമരുന്ന് അമിതമായി കഴിച്ച് സാൻ ഫ്രാൻസിസ്‌കോയിലെ ഒരു ഹോട്ടലിൽ വച്ച് മരിക്കുകയായിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.

കൊലപാതകം നടന്ന രാത്രിയിൽ പ്രതിയും ഭാര്യയും തമ്മിൽ വഴക്കിട്ടെന്നും ഇതിന് ശേഷം രാത്രി പുറത്തിറങ്ങിയ ഇയാൾ അധ്യാപികയെ കഴുത്തുഞെരിച്ചുകൊല്ലുകയായിരുന്നെന്നും പൊലീസ് പറയുന്നു. വില്യം രാത്രി പുറത്തേക്ക് പോയിരുന്നെന്നും കള്ളം പറയാൻ ആവശ്യപ്പെട്ടിരുന്നതായും പിന്നീട് നടത്തിയ ചോദ്യം ചെയ്യലിൽ ഭാര്യ പൊലീസിനോട് പറഞ്ഞു. പ്രതി മരിച്ചതിനാൽ കേസ് അവസാനിപ്പിക്കുന്നതായും ഡിറ്റക്ടീവ്-ലെഫ്റ്റനന്റ് ജെയിംസ് ട്രൈബ് പറഞ്ഞു.

TAGS :

Next Story