Quantcast

ഖുർആൻ കത്തിക്കുമെന്ന് ഭീഷണി മുഴക്കിയ തീവ്ര വലതുപക്ഷ നേതാവിന് ബ്രിട്ടനിൽ വിലക്ക്

ബ്രിട്ടനിലെ വെസ്റ്റ് യോർക്ക്‌ഷെയറിലുള്ള വെയ്ക്ക്ഫീൽഡിൽ നാളെ ഖുർആൻ കത്തിക്കുമെന്ന് ഡെന്മാർക്കിലെ ഇസ്‌ലാം വിരുദ്ധ പാർട്ടി നേതാവായ റാസ്മസ് പലൂദൻ പ്രഖ്യാപിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    21 March 2023 11:35 AM GMT

DanishrightwingleaderbannedinBritainforthreateningtoburnQuran, DanishrightwingleaderRasmusPaludanbannedinBritain
X

ലണ്ടൻ: ഖുർആൻ കത്തിക്കുമെന്ന് പ്രഖ്യാപിച്ച ഡെന്മാർക്കിലെ തീവ്ര വലതുപക്ഷ നേതാവ് റാസ്മസ് പലൂദന് വിലക്കുമായി ബ്രിട്ടൻ. നാളെ വെസ്റ്റ് യോർക്ക്‌ഷെയറിലുള്ള വെയ്ക്ക്ഫീൽഡിലെ പൊതുനിരത്തിൽ ഖുർആൻ കത്തിക്കുമെന്ന് പലൂദൻ ഭീഷണി മുഴക്കിയിരുന്നു. എന്നാൽ, ഇദ്ദേഹത്തെ രാജ്യത്തിന്റെ കുടിയേറ്റ നിരീക്ഷക പട്ടികയിൽ ഉൾപ്പെടുത്തിയതായി ബ്രിട്ടീഷ് സുരക്ഷാ വകുപ്പ് മന്ത്രി ടോം ടുഗെൻഡ്ഹാറ്റ് അറിയിച്ചു.

ഖുർആന്റെ പ്രതികൾ നശിപ്പിച്ച നാല് വിദ്യാർത്ഥികളെ കഴിഞ്ഞ മാസം വെയ്ക്ക്ഫീൽഡിലുള്ള കെറ്റൽതോർപ് ഹൈസ്‌കൂളിൽനിന്ന് പുറത്താക്കിയിരുന്നു. കഴിഞ്ഞ ഫെബ്രുവരി 24നായിരുന്നു സംഭവം. പത്താംക്ലാസിലെ ഒരു വിദ്യാർത്ഥി ക്ലാസിലേക്ക് കൊണ്ടുവന്ന ഖുർആൻ ഒരു വിഭാഗം ചേർന്ന് നശിപ്പിക്കുകയായിരുന്നു. വിദ്യാർത്ഥികളെ പുറത്താക്കിയതിൽ പ്രതിഷേധിച്ചാണ് വെയ്ക്ക്ഫീൽഡിലെത്തി ഖുർആൻ കത്തിക്കുമെന്ന് റാസ്മസ് പലൂദൻ ട്വിറ്ററിലൂടെ പ്രഖ്യാപിച്ചത്. ജനാധിപത്യവിരുദ്ധ ശക്തികൾക്കെതിരായ പോരാട്ടത്തിനായാണ് താൻ ബ്രിട്ടനിലെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡെന്മാർക്കിലെ ഇസ്‌ലാം വിരുദ്ധ പാർട്ടിയായ 'സ്ട്രാം കുർസ്' സ്ഥാപകനാണ് റാസ്മസ് പലൂദൻ.

റമദാൻ മാസത്തിന്റെ ആരംഭം കൂടി കണക്കാക്കിയാണ് ബുധനാഴ്ച തന്നെ ഖുർആൻ കത്തിക്കാൻ തീരുമാനിച്ചതെന്നും അവകാശപ്പെട്ടിരുന്നു. ഇതിനുമുൻപും പലതവണ ഖുർആൻ കത്തിച്ച് വിവാദം സൃഷ്ടിച്ചിരുന്നു പലൂദൻ. ഏറ്റവുമൊടുവിൽ കഴിഞ്ഞ ജനുവരിയിൽ സ്വീഡനിലെ സ്റ്റോക്ക്‌ഹോമിലുള്ള തുർക്കി എംബസിക്ക് മുന്നിലും ഖുർആൻ കത്തിച്ചിരുന്നു. തുർക്കിയും സ്വീഡനും തമ്മിലുള്ള നയതന്ത്രതർക്കത്തിൽ പ്രതിഷേധിച്ചായിരുന്നു നടപടി.

പലൂദന്റെ സന്ദർശനത്തിൽ വെയ്ക്ക്ഫീൽഡിൽനിന്നുള്ള ലേബർ പാർട്ടി എം.പിയായ സിമോൺ ലൈറ്റ്‌വുഡ് ബ്രിട്ടീഷ് സുരക്ഷാ വകുപ്പ് മന്ത്രിയോട് ആശങ്ക രേഖപ്പെടുത്തിയിരുന്നു. ഇതേതുടർന്നാണ് ഇദ്ദേഹത്തിന് ബ്രിട്ടനിലേക്ക് വിലക്കേർപ്പെടുത്തിയതെന്ന് മന്ത്രി ജനപ്രതിനിധിസഭയെ അറിയിച്ചു.

അതേസമയം, വിദ്വേഷ-വംശീയ പരാമർശങ്ങളുടെ പേരിൽ മുൻപ് ഡെന്മാർക്കിൽ ജയിൽശിക്ഷ അനുഭവിച്ചയാളാണ് പലൂദനെന്ന് ലൈറ്റ്‌വുഡ് മന്ത്രിയോട് ചൂണ്ടിക്കാട്ടിയിരുന്നു. ഇത്രയും അപകടകാരിയായ വ്യക്തിയെ രാജ്യത്ത് കടക്കാൻ അനുവദിക്കരുതെന്നും ഇയാളെ തടയാൻ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് തനിക്കും തന്റെ സമുദായത്തിനും ഉറപ്പ് ലഭിക്കണമെന്നും എം.പി ആവശ്യപ്പെട്ടു. തുടർന്നാണ്, മന്ത്രി ടോം ടുഗദെൻഡ്ഹാറ്റ് യാത്രാവിലക്ക് പ്രഖ്യാപിച്ചത്. പലൂദന്റെ വരവ് ബ്രിട്ടന്റെ പൊതുനന്മയ്ക്ക് ഗുണകരമല്ലെന്നും അതിനാൽ അദ്ദേഹത്തിന് രാജ്യത്ത് കടക്കാൻ അനുമതി നൽകില്ലെന്നും മന്ത്രി വ്യക്തമാക്കി.

Summary: Rasmus Paludan, founder of the anti-Islam party Stram Kurs, and ar-right politician from denmark, has been barred from the UK after threatening to burn a copy of the Quran in Wakefield

TAGS :

Next Story