Quantcast

കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ഫലസ്തീൻ അനുകൂല പ്രകടനം; അറസ്റ്റിലായവരില്‍ ഹോളിവുഡ് നടി മാഗി ഗില്ലെൻഹാളിന്റെ മകളും

ബട്ട്ലർ ലൈബ്രറി കെട്ടിടത്തില്‍ പ്രകടനം നടത്തിയ 80 ഓളം വിദ്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു

MediaOne Logo

Web Desk

  • Published:

    12 May 2025 9:14 AM IST

കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ഫലസ്തീൻ അനുകൂല പ്രകടനം; അറസ്റ്റിലായവരില്‍ ഹോളിവുഡ് നടി മാഗി ഗില്ലെൻഹാളിന്റെ മകളും
X

വാഷിങ്ടൺ: കൊളംബിയ യൂണിവേഴ്സിറ്റിയിൽ നടന്ന ഫലസ്തീൻ അനുകൂല പ്രതിഷേധത്തിൽ അറസ്റ്റിലായവരിൽ ഹോളിവുഡ് നടി മാഗി ഗില്ലെൻഹാളിന്റെയും നടനായ പീറ്റർ സർസ്ഗാർഡിന്റെയും മകളും. 18 കാരിയായ റമോണ സർസ്ഗാർഡിനെ അറസ്റ്റ് ചെയ്തതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഓസ്കാര്‍ നോമിനേഷന്‍ ലഭിച്ച നടിയാണ് മാഗി ഗില്ലെൻഹാള്‍.

ബുധനാഴ്ചയാണ് ഗസ്സയിൽ ഇസ്രായേലിന്റെ കൂട്ടക്കുരുതിക്കെതിരെ വിദ്യാര്‍ഥികള്‍ പ്രതിഷേധ പ്രകടനം നടത്തിയത്. കൊളംബിയ സർവകലാശാലയിലെ പ്രധാന ലൈബ്രറിയായ ബട്ട്ലർ ലൈബ്രറി കെട്ടിടത്തിലായിരുന്നു വിദ്യാർഥികൾ ഫലസ്തീൻ അനുകൂല പ്രകടനം നടത്തിയത്. ഇതിന് പിന്നാലെയാണ് 80 ഓളം വിദ്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കൊപ്പമാണ് റമോണ സർസ്ഗാർഡിനെയും അറസ്റ്റ് ചെയ്തത്. റമോണക്കെതിരെ അതിക്രമിച്ച് കയറിയതിനെതിരെ ക്രിമിനല്‍ കുറ്റം ചുമത്തിയിട്ടുണ്ട്.

'ഗസ്സക്ക് വേണ്ടി സമരം ചെയ്യുക' എന്നെഴുതിയ ബാനറുമായാണ് വിദ്യാർഥികൾ പ്രതിഷേധത്തിനെത്തിയത്.യൂണിവേഴ്‌സിറ്റിയുടെ ഫണ്ട് ഇസ്രായേൽ സൈനിക അധിനിവേശത്തെ പിന്തുണക്കുന്ന കമ്പനികളിലും ആയുധനിർമാതാക്കളിലും നിക്ഷേപിക്കുന്നത് പിൻവലിക്കണമെന്ന ആഹ്വാനം ചെയ്യുന്ന ലഘുലേഖകളും വിദ്യാർഥികൾ വിതരണം ചെയ്തു.

പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്ക് തടസമുണ്ടാക്കുന്നു എന്ന് ആരോപിച്ച് സർവകലാശാല അധികൃതരുടെ ആവശ്യപ്രകാരം ന്യൂയോർക് സിറ്റി പൊലീസ് ക്യാമ്പസിൽ പ്രവേശിക്കുകയും വിദ്യാര്‍ഥികളെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയുമായിരുന്നു.പ്രകടനത്തിൽ പങ്കെടുത്ത പൂർവവിദ്യാർഥികളടക്കമുള്ള വിദ്യാർഥികളെ കാമ്പസിൽ പ്രവേശിക്കുന്നതും വിലക്കിയിട്ടുണ്ട്.ഇവർക്ക് അവസാന പരീക്ഷ എഴുതാനുള്ള അവസരവും നഷ്ടമാകും. പ്രതിഷേധത്തില്‍ പങ്കെടുത്ത 65 ലധികം വിദ്യാർഥികളെയും സർവകലാശാല സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. ബർണാർഡ് കോളേജ് ഉൾപ്പടെയുള്ള അനുബന്ധ സ്ഥാപനങ്ങളിൽ പൂർവ വിദ്യാർഥികളടക്കമുള്ള മറ്റ് വിദ്യാർഥികളെ ക്യാമ്പസിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്തു.

പ്രകടനത്തിൽ പങ്കെടുത്തവരുടെ വിസ സ്റ്റാറ്റസ് പുനഃപരിശോധിച്ച് നാടുകടത്തലടക്കമുള്ള നടപടികളെടുക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. ഗസ്സയിലെ ഇസ്രായേൽ വംശഹത്യ യുദ്ധത്തിനെതിരെ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചതിന്റെ പേരിൽ കൊളംബിയയിലെയും മറ്റ് പ്രശസ്ത അമേരിക്കൻ സർവകലാശാലകളിലെയും അന്താരാഷ്ട്ര വിദ്യാർഥികൾക്കെതിരെ ട്രംപ് ഭരണകൂടം ഇതിനകം തന്നെ ഫെഡറൽ ഫണ്ടിംഗ് പിൻവലിക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.

TAGS :

Next Story