Quantcast

രണ്ടാം ദിവസം ശവപ്പെട്ടിയിൽ മുട്ട് കേട്ടു, മരിച്ചെന്ന് കരുതി അടക്കിയ ബെല്ല ജീവനോടെ തിരികെ; വീഡിയോ

അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് കുഴിയിൽ നിന്ന് ബെല്ലയുടെ ശവപ്പെട്ടി പുറത്തെടുത്തത്

MediaOne Logo

Web Desk

  • Published:

    13 Jun 2023 1:41 PM GMT

bella montoya
X

മരിച്ചെന്ന് ആശുപത്രി അധികൃതർ വിധിയെഴുതിയതിനെ തുടർന്ന് എല്ലാ ഔപചാരിക ചടങ്ങുകളും പൂർത്തിയാക്കി അടക്കം ചെയ്തതായിരുന്നു ബെല്ല മോണ്ടോയ എന്ന 76കാരിയെ. അടക്കം ചെയ്ത രണ്ടാം ദിവസം ശവപ്പെട്ടിയിൽ നിന്ന് ശബ്ദം കേൾക്കാൻ തുടങ്ങി. ആദ്യം കാര്യമാക്കിയില്ലെങ്കിലും ആ ശബ്ദം പെട്ടിക്കുള്ളിൽ നിന്നാണെന്ന് മനസിലായി. ഇതോടെ അമ്പരപ്പ് ഭയമായി മാറി. രണ്ടും കല്പിച്ച് മകൻ പെട്ടിതുറന്ന് നോക്കിയപ്പോൾ അതാ, ബെല്ല കണ്ണുതുറന്ന് കിടക്കുന്നു.

വെള്ളിയാഴ്ച ബാബഹോയോ നഗരത്തിലായിരുന്നു ബെല്ലയുടെ സംസ്കാര ചടങ്ങുകൾ നടന്നത്. ഇതിനിടെ ബെല്ലക്ക് ബോധം വരികയായിരുന്നത്രെ. ചടങ്ങുകൾ പൂർത്തിയാക്കി വസ്ത്രം മാറി വീണ്ടും പെട്ടിടച്ചപ്പോഴാണ് ബെല്ലക്ക് ശ്വാസംമുട്ടിയത്. തുടർന്ന് പെട്ടിയിൽ മുട്ടുകയായിരുന്നു. അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് കുഴിയിൽ നിന്ന് ബെല്ലയുടെ ശവപ്പെട്ടി പുറത്തെടുത്തത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

മകൻ ബെല്ലയെ ശവപ്പെട്ടിയിൽ നിന്ന് മാറ്റി സ്ട്രെച്ചറിൽ കിടത്തിയതോടെ അവർ ശ്വസിക്കുന്നത് വ്യക്തമായി കണ്ടു. ഉടൻ തന്നെ ആശുപത്രിയിലേക്ക് പായുകയായിരുന്നു. "എന്റെ 'അമ്മ ആദ്യം ഇടതുകയാണ് അനക്കിയത്. തുടർന്ന് കണ്ണുകൾ തുറന്നു. ശ്വാസമെടുക്കാൻ അവർ പ്രയാസപ്പെടുന്നുണ്ടായിരുന്നു" ബെല്ലയുടെ മകൻ ഗിൽബർട്ട് ബാൽബെറൻ പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു.

ഇക്വഡോറിലെ ബാബാഹോയോ നഗരത്തിലെ ആശുപത്രിയിൽ പക്ഷാഘാതത്തെ തുടർന്നാണ് ബെല്ലയെ പ്രവേശിപ്പിച്ചത്. ചികിത്സക്കിടെ ഹൃദയാഘാതം മൂലം മരിച്ചെന്ന് ഡോക്ടർമാർ അറിയിച്ചു. 'കാർഡിയോസ്പിറേറ്ററി അറസ്റ്റ്' എന്ന് രേഖപ്പെടുത്തിയ മരണ സർട്ടിഫിക്കറ്റ് പോലും മെഡിക്കൽ എക്സാമിനർ നൽകിയതോടെ നാലുമണിക്കൂറിന് ശേഷം ബെല്ലയുടെ സംസ്കാരം നടത്തുകയായിരുന്നുവെന്ന് മകൻ പറയുന്നു.

മരിച്ചെന്ന് പറഞ്ഞ അതേ ഡോക്ടർമാർ തന്നെ ബെല്ലക്ക് ഒരു കുഴപ്പവുമില്ലെന്ന് അറിയിച്ചു. നിലവിൽ ഓക്സിജന്റെ സഹായത്തോടെയാണ് ബെല്ല ശ്വസിക്കുന്നത്. ഹൃദയത്തിന്റെ അവസ്ഥ സാധാരണമാണ്. ചില ചലനങ്ങളോട് ബെല്ല പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടർമാർ പറഞ്ഞു.

അമ്മയുടെ ആരോഗ്യം മെച്ചപ്പെടണമെന്ന് മാത്രമാണ് ഇപ്പോൾ പ്രാർത്ഥനയെന്നു മകൻ പ്രതികരിച്ചു. ഞെട്ടിക്കുന്ന സംഭവത്തെത്തുടർന്ന്, മരണ സർട്ടിഫിക്കറ്റ് തെറ്റായി നൽകിയത് സംബന്ധിച്ച് ഇക്വഡോറിലെ ആരോഗ്യ മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി പ്രത്യേക സംഘത്തെയും നിയോഗിച്ചു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം അപൂർവ സംഭവങ്ങൾ നേരത്തെയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കുറച്ച് വർഷങ്ങൾക്ക് മുമ്പ്, മരിച്ചതായി ഡോക്ടർമാർ പ്രഖ്യാപിച്ച കെനിയൻ പൗരൻ മോർച്ചറിയിൽ വെച്ചാണ് ജീവിതത്തിലേക്ക് തിരികെ വന്നത്. ശരീരത്തിൽ നിന്ന് രക്തം കളയാൻ മോർച്ചറിയിലെ ജീവനക്കാർ തയ്യാറെടുക്കുമ്പോഴാണ് 32 കാരനായ പീറ്റർ കിജെൻ എന്നയാൾക്ക് ബോധം വീണത്. ഇദ്ദേഹം കാലനാക്കിയതോടെ മോർച്ചറി ജീവനക്കാർ നിലവിളിച്ചുകൊണ്ട് പുറത്തേക്ക് ഓടുകയായിരുന്നെന്നാണ് റിപ്പോർട്ട്.

TAGS :

Next Story