Quantcast

ആണവായുധം വരുത്തിയ വിനാശം; ഇന്ന് ഹിരോഷിമ ദിനം

അമേരിക്ക ലിറ്റില്‍ ബോയ് എന്ന അണുബോംബ് വര്‍ഷിച്ചപ്പോള്‍ ഒന്നരലക്ഷത്തോളം മനുഷ്യജീവനുകളാണ് ചിതറിപ്പോയത്

MediaOne Logo

Web Desk

  • Published:

    6 Aug 2025 8:24 AM IST

ആണവായുധം വരുത്തിയ വിനാശം; ഇന്ന് ഹിരോഷിമ ദിനം
X

ഇന്ന് ഹിരോഷിമ ദിനം. 1945 ഓഗസ്റ്റ് ആറിന് രാവിലെ 8.15 നു ജപ്പാനിലെ ഹിരോഷിമ നഗരത്തില്‍ അമേരിക്ക ലിറ്റില്‍ ബോയ് എന്ന് പേരിട്ട അണുബോംബ് വര്‍ഷിച്ചപ്പോള്‍ ഒന്നരലക്ഷത്തോളം മനുഷ്യജീവനുകളാണ് ചിതറിപ്പോയത്.

ആണവായുധ പ്രയോഗത്തെ തുടര്‍ന്നുള്ള അണുവികിരണം ഏല്‍പ്പിച്ച ആഘാതത്തിന്റെ പ്രതീകമാണ് സഡാക്കോ സസാക്കി എന്ന ജാപ്പനീസ് പെണ്‍കുട്ടി.

അണുബോംബ് വീണ സ്ഥലത്ത് നിന്ന് ഒന്നര കിലോമീറ്റര്‍മാത്രം അകലെയുള്ള വീട്ടില്‍ ,കട്ടിലില്‍ കിടക്കുകയായിരുന്നു സഡാക്കോ.

ബോംബിന്റെ ആഘാതത്തില്‍ അവള്‍ തെറിച്ച് വീടിന് പുറത്തേക് വീണു. സഡാക്കോയ്ക്കും അവളെ രക്ഷിച്ച അമ്മയ്ക്കും അണുവികിരണമേറ്റു. അതിന്ര്‍റെ ഇരയായാണ് സഡാക്കോ പിന്നീട് ജീവിച്ചത്. രക്താര്‍ബുദം ബാധിച്ച് ആശുപത്രിക്കിടക്കയില്‍ കിടക്കുമ്പോള്‍ അവളുടെ കൂട്ടുകാരി ചിസുകോ ഒരു കഥ പറഞ്ഞു.

1000 കടലാസ് കൊക്കുകളെ ഉണ്ടാക്കിയാല്‍ ആഗ്രഹങ്ങള്‍ സഫലമാകുമെന്ന കഥ. ആശുപത്രിക്കിടക്കയിലിരുന്ന് സഡാകോ കടലാസ് കൊക്കുകള്‍ ഉണ്ടാക്കിത്തുടങ്ങി. ആഗ്രഹം സഫലമാകാന്‍ 1000 കൊക്കുകളെ ഉണ്ടാക്കുക എന്നത് അവള്‍ക്ക് കഠിനമായി തോന്നിയതേയില്ല, ആശുപത്രിയില്‍ നിന്ന് കിട്ടിയ എല്ലാത്തരം കടലാസുകളും ഉപയോഗിച്ച് കൊക്കുകളുണ്ടാക്കി.

പക്ഷേ, ജീവിക്കാനുള്ള തന്റെ ആഗ്രഹം, പ്രാര്‍ത്ഥിക്കാന്‍ അവള്‍ക്കായില്ല. പന്ത്രണ്ടാമത്തെ വയസ്സില്‍ സഡാക്കോ വിടപറഞ്ഞു ലോകമെമ്പാടുമുള്ള മനുഷ്യരുടെ ഉള്ളു നീറ്റുന്നു ഇന്നും സഡാകോ.

സ്ഫോടനത്തിനുശേഷം ബാക്കിയായ ഹിരോഷിമ നഗരത്തിലെ ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്‍ ഹാള്‍ ഇന്ന് ലോക പൈതൃക കേന്ദ്രമാണ്. ഹിരോഷിമാ പീസ് മെമ്മോറിയല്‍ എന്ന പേരില്‍ സംരക്ഷിക്കപ്പെടുന്ന ഈ ഇരുമ്പ് മകുടത്തിന് കീഴില്‍ എല്ലാ വര്‍ഷവും ആഗസ്ത് ആറിന് ജപ്പാന്‍ ജനത ഒന്നിച്ചു കൂടും.

ഇനിയൊരു ലോകമഹായുദ്ധം ഉണ്ടാകരുതേയെന്ന പ്രാര്‍ത്ഥനയോടെ അവര്‍ പീസ് മെമ്മോറിയലിനു മുന്നില്‍ തല കുനിച്ചു നില്‍ക്കും. അവിടം സഡാക്കോ സസാക്കിയുടെ ഓര്‍മ്മ നിറഞ്ഞുനില്‍ക്കുന്ന കടലാസ് കൊക്കുകള്‍ നിറയും

ലോകം അന്നോളം വരെ കണ്ടിട്ടില്ലാത്ത ക്രൂരമായ നരഹത്യ. രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാന നാളുകള്‍ നല്‍കിയ നടുക്കത്തില്‍ നിന്ന് ഇന്നും മുക്തരല്ല ലോക ജനത. യുദ്ധം എന്നും നീറുന്ന ഓര്‍മ്മകള്‍ മാത്രമേ സമ്മാനിക്കാറുള്ളു . സര്‍വനാശം വിതക്കുന്ന ആണവായുധം ഇനിയൊരിക്കലും ഭൂമുഖത്ത് പതിക്കാതിരിക്കട്ടെ.

TAGS :

Next Story