സാന്താക്ലോസിന് ചുവപ്പും വെളുപ്പും നിറം നൽകിയത് കൊക്ക-കോളയോ? വസ്തുതയറിയാം
ചുവപ്പും വെള്ളയും വസ്ത്രം ധരിച്ച് കുടവയറുമായി, സമ്മാനപൊതികളുടെ അകമ്പടിയോടെ വീടുകളിൽ വരുന്ന സാന്താക്ലോസ് നമ്മുടെ ക്രിസ്തുമസ് കാലത്തിലെ ഓർമയാണ്

ന്യൂഡൽഹി: ചുവപ്പും വെള്ളയും വസ്ത്രം ധരിച്ച് കുടവയറുമായി, സമ്മാനപൊതികളുടെ അകമ്പടിയോടെ വീടുകളിൽ വരുന്ന സാന്താക്ലോസ് നമ്മുടെ ക്രിസ്തുമസ് കാലത്തിലെ ഓർമയാണ്. എന്നാൽ മാർക്കറ്റിങിന്റെ ഭാഗമായി കൊക്ക-കോളയാണ് സാന്തക്ക് ആദ്യമായി ചുവപ്പും വെളുപ്പും നിറം നൽകിയത് എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാദം. ഇതിന്റെ സത്യാവസ്ഥയെന്ത്? പരിശോധിക്കാം.
1930കളിൽ ഒരു പരസ്യ പ്രചാരണത്തിനായി കൊക്ക-കോള ചുവന്ന സ്യൂട്ട് ധരിച്ച സാന്തയെ സൃഷ്ടിച്ചുവെന്നാണ് പലരും വിശ്വസിക്കുന്നത്. എന്നാൽ കൊക്ക-കോള സാന്തയെ ചുവപ്പിലും വെളുപ്പിലും അവതരിപ്പിക്കുന്നതിന് മുമ്പ് സാന്താക്ലോസ് (സെന്റ് നിക്ക്) നിരവധി ചിത്രങ്ങളിലും പുസ്തകങ്ങളിലും ചുവപ്പ് നിറത്തിലുള്ള കോട്ട് ധരിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ അതിന് പുറമെ മറ്റ് നിറങ്ങളിലും സാന്തയെ കാണാമായിരുന്നു.
1880കൾക്ക് മുമ്പ് പച്ച, നീല, തവിട്ട്, പർപ്പിൾ എന്നിവയുൾപ്പെടെ വിവിധ നിറങ്ങളിൽ സാന്തയെ ചിത്രീകരിച്ചിരുന്നു. യൂറോപ്യൻ നാടോടിക്കഥകളുടെയും മതപാരമ്പര്യത്തിന്റെയും മിശ്രിതമാണ് അദ്ദേഹത്തിന്റെ ഈ രൂപങ്ങൾക്ക് പ്രചോദനമായത്. പ്രശസ്ത കാർട്ടൂണിസ്റ്റ് തോമസ് നാസ്റ്റ് 1881ൽ ഹാർപേഴ്‌സ് വീക്കിലിക്ക് വേണ്ടി വരച്ചത് വെളുത്ത രോമക്കുപ്പായവും ചുവന്ന സ്യൂട്ടും ധരിച്ച സാന്തയെയാണ്. കൊക്ക-കോളയുടെ പ്രചാരണത്തിന് 50 വർഷം മുമ്പാണിത്.
1915ലും 1923ലും വൈറ്റ് റോക്ക് ബിവറേജസ് മിനറൽ വാട്ടറിനായുള്ള അവരുടെ പരസ്യങ്ങളിലും ചുവന്ന സ്യൂട്ട് ധരിച്ച സാന്തയെയാണ് ഉപയോഗിച്ചത്. കൊക്ക-കോള അതിന്റെ പ്രശസ്തമായ കാമ്പെയ്‌ൻ ആരംഭിക്കുന്നതിന് വർഷങ്ങൾക്ക് മുമ്പാണ് ഈ പരസ്യങ്ങൾ പ്രത്യക്ഷപ്പെട്ടത്. എന്നാൽ കൊക്ക-കോളയുടെ പരസ്യം ലോക വ്യാപകമായി പ്രചരിക്കപ്പെട്ടതോടെ പൊതുജനമനസിൽ ചുവപ്പും വെളുപ്പും നിറങ്ങളിലുള്ള പ്രതിച്ഛായ നിലനിർത്താൻ സഹായിച്ചു. അവരുടെ പരസ്യങ്ങൾ വളരെ വിജയകരമായിരുന്നു. തുടർന്ന് പച്ച പോലുള്ള മറ്റ് നിറങ്ങൾ ധരിച്ച സാന്ത മുഖ്യധാരാ സംസ്കാരത്തിൽ നിന്ന് അപ്രത്യക്ഷമായി.
Adjust Story Font
16

