Quantcast

ഇന്ത്യക്കാരുടെ ഇഷ്ട ബ്രാൻഡായ ഈ ചെരുപ്പ് കമ്പനി ഇന്ത്യക്കാരനല്ല; 131 വര്‍ഷങ്ങൾക്ക് മുൻപ് പിറവിയെടുത്തത് ഇവിടെ നിന്ന്!

ഇന്ന് ഇന്ത്യാക്കാരുടെ എവര്‍ഗ്രീൻ ബ്രാൻഡാണ് ബാറ്റ. ആഡംബരത്തിന്‍റെയും ആഢ്യത്വത്തിന്‍റെയും മുഖമുദ്ര

MediaOne Logo

Web Desk

  • Published:

    5 Dec 2025 9:54 AM IST

ഇന്ത്യക്കാരുടെ ഇഷ്ട ബ്രാൻഡായ ഈ ചെരുപ്പ് കമ്പനി ഇന്ത്യക്കാരനല്ല; 131 വര്‍ഷങ്ങൾക്ക് മുൻപ് പിറവിയെടുത്തത് ഇവിടെ നിന്ന്!
X

ഡൽഹി: ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ഫുട്‌വെയർ ബ്രാൻഡുകളിൽ ഒന്നാണ് ബാറ്റ ഇന്ത്യ. ജീവിതത്തിൽ എപ്പോഴെങ്കിലും ബാറ്റയുടെ ഷൂവോ സ്ലിപ്പറുകളോ ധരിക്കാത്ത ഇന്ത്യാക്കാരുണ്ടാകില്ല. ഇതൊരു ഇന്ത്യൻ ബ്രാൻഡാണെന്ന് നമ്മളിൽ പലരും കരുതുന്നത് . എന്നാൽ അങ്ങനെയല്ല, ബാറ്റ ഒരു ഇന്ത്യൻ കമ്പനിയല്ല. ബാറ്റയുടെ ഇന്ത്യൻ അനുബന്ധ സ്ഥാപനമായിട്ടാണ് ബാറ്റ ഇന്ത്യ ഇന്ത്യയിൽ പ്രവർത്തിക്കുന്നത്. ജനപ്രിയ ബ്രാൻഡായതിനാൽ ആളുകൾ പലപ്പോഴും ഇതിനെ ഇന്ത്യൻ എന്ന് തെറ്റിദ്ധരിക്കുന്നു. ബാറ്റയുടെ ഉത്ഭവം ഏത് രാജ്യത്ത് നിന്നാണെന്നും ആരാണ് ഇത് ആരംഭിച്ചതെന്നും നോക്കാം.

ലോകത്തിലെ ഏറ്റവും വലിയ ഷൂ കമ്പനിയുടെ ജനനം

131 വർഷങ്ങൾക്ക് മുമ്പ് 1894-ൽ അന്‍റോണിൻ ബാറ്റ, സഹോദരൻ തോമസ് ബാറ്റ, സഹോദരി അന്ന ബറ്റോവ എന്നിവർ ചേർന്ന് സ്ഥാപിച്ച ബാറ്റ കോർപ്പറേഷന്‍റെ ഇന്ത്യൻ വിഭാഗമാണ് ബാറ്റ ഇന്ത്യ.ചെക്കോസ്ലോവാക്യയാണ് ബാറ്റയുടെ ജൻമനാട്. ഈ കമ്പനി പാദരക്ഷകൾ, വസ്ത്രങ്ങൾ, മറ്റ് ഫാഷൻ ആക്‌സസറികൾ എന്നിവ നിർമിക്കുന്നു. സ്വിറ്റ്സർലാന്‍റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാറ്റ പല രാജ്യങ്ങളിലും ഒരു പ്രാദേശിക ബ്രാൻഡായാണ് കണക്കാക്കപ്പെടുന്നത്. ടി. & എ. ബാറ്റ ഷൂ കമ്പനി എന്നായിരുന്നു കമ്പനിയുടെ ആദ്യത്തെ പേര്. ഇന്ന്, ബാറ്റയ്ക്ക് ലോകമെമ്പാടുമായി 6,000-ത്തിലധികം റീട്ടെയിൽ സ്റ്റോറുകളും 100,000 സ്വതന്ത്ര ഡീലർമാരും ഫ്രാഞ്ചൈസികളുമുണ്ട്.

ഇന്ന് വിജയപഥത്തിലെത്തി നിൽക്കുന്ന മിക്ക കമ്പനികളെയും പോലെ തന്നെ ബാറ്റയുടെ തുടക്കവും ബാലാരിഷ്ടതകൾ നിറഞ്ഞതായിരുന്നു.പാരമ്പര്യമായി ചെരുപ്പു ഉണ്ടാക്കുന്നവരായിരുന്നു തോമസ് ബാറ്റയുടെ കുടുംബം. 1894ലാണ് കമ്പനി തുടങ്ങുന്നത്. തുടക്കത്തിൽ തുകല് കൊണ്ടായിരുന്നു ചെരിപ്പ് ഉണ്ടാക്കിയിരുന്നത്. പിന്നീട് ക്യാൻവാസിലേക്ക് മാറുകയായിരുന്നു. ഇത് വിജയമായതോടെ 50 ജോലിക്കാരെ കൂടി നിയമിച്ചു. കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണ് ബാറ്റ യൂറോപ്പിലെ മുൻനിര ഷൂ നിര്‍മാതാക്കളായിരുന്നു. ഒന്നാം ലോകമഹായുദ്ധ കാലം ബാറ്റക്ക് സുവർണ കാലമായിരുന്നു. സൈനിക ആവശ്യത്തിനുള്ള വൻകിട ഓര്‍ഡറുകൾ കമ്പനിക്കു ലഭിച്ചു. പിന്നീടുണ്ടായ നാണയത്തിന്‍റെ വിലയിടിവും മറ്റും വിൽപനയെ ബാധിച്ചെങ്കിലും ഉത്പന്നങ്ങൾക്ക് 50% വിലകുറച്ചാണ് ബാറ്റാ ഇതിനെ നേരിട്ടത്.

ലോകത്തിലെ ഏറ്റവും വലിയ ഷൂ നിർമാതാവും വിപണനക്കാരനുമായ ബാറ്റയ്ക്ക് ഇറ്റലിയിലെ പഡോവയിൽ ഒരു ഇന്റർനാഷണൽ ഷൂ ഇന്നൊവേഷൻ സെന്ററും ഉണ്ട്. ഇത് ലോകമെമ്പാടുമുള്ള 83 കമ്പനികൾക്കും നിരവധി ബാറ്റ ഇതര കമ്പനികൾക്കും സേവനം നൽകുന്നു. അടിസ്ഥാന ഡിസൈൻ മുതലുള്ള കാര്യങ്ങൾ വരെ എല്ലാത്തിലും ഇത് ജീവനക്കാർക്ക് പരിശീലനം നൽകുന്നു.

ബാറ്റ ഇന്ത്യയിൽ

1931ലാണ് ബാറ്റ ഇന്ത്യയിലെത്തുന്നത്. ബാറ്റ ഷൂ കമ്പനി പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലായിരുന്നു തുടക്കം. പിന്നീട് 1973-ൽ ബാറ്റ ഇന്ത്യ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. കൊൽക്കത്തക്ക് അടുത്തുള്ള കൊന്നാര്‍ എന്ന കൊച്ചുഗ്രാമത്തിലായിരുന്നുു ആദ്യത്തെ ബാറ്റ ഫാക്ടറി. ഇന്നാ ടൗൺഷിപ്പ് ബാറ്റാ നഗര്‍ ആണ്.

1993-ൽ ഐഎസ്ഒ 9001 സർട്ടിഫിക്കേഷൻ ലഭിച്ച ആദ്യത്തെ ഇന്ത്യൻ ഷൂ നിർമാണ യൂണിറ്റായിരുന്നു ബാറ്റാ നഗർ ഫാക്ടറി. ബാറ്റാ കടന്നു ചെന്ന മിക്ക രാജ്യങ്ങളിലും ജോലിക്കാർക്കായി ഫാക്ടറിയോട് ചേർന്ന് ഒരു ഗ്രാമം ഏറ്റെടുത്ത് അവിടെ സർവ സൗകര്യങ്ങളോടും കൂടിയ ടൗണ്‍ഷിപ്പ് പണിയുക എന്നത് പോളിസി ആക്കിയിരുന്നു. ഇന്ത്യയിൽ ബാറ്റാ നഗർ ബാറ്റാ ഗഞ്ച് , പാകിസ്താനിൽ ബാറ്റാപുർ, സ്വിറ്റ്സർലാൻഡിൽ ബാറ്റാ പാർക്ക്‌ , കാനഡയിൽ ബാറ്റാവാ തുടങ്ങിയവ അത്തരത്തിൽ ഉള്ളതാണ്.

ഇന്ന് ഇന്ത്യാക്കാരുടെ എവര്‍ഗ്രീൻ ബ്രാൻഡാണ് ബാറ്റ. ആഡംബരത്തിന്‍റെയും ആഢ്യത്വത്തിന്‍റെയും മുഖമുദ്ര. 'ചെരിപ്പ് എന്നാൽ ബാറ്റയും ബാറ്റ എന്നാൽ ചെരിപ്പുമാണ്. ബാറ്റയുടെ ഐക്കോണിക് ടെന്നീസ് ഷൂ ഡിസൈൻ ചെയ്തത് ഇന്ത്യയിലായിരുന്നു. ഒരു ഇന്ത്യൻ ഡിസൈനറാണ് ഇത് ഡിസൈൻ ചെയ്തത്.

പവർ (അത്‌ലറ്റിക് ഷൂസ്), നോർത്ത് സ്റ്റാർ (അർബൻ ഷൂസ്), ബബിൾഗമ്മേഴ്‌സ് (കുട്ടികൾക്കുള്ള ഷൂസ്), വെയ്ൻബ്രെന്നർ (ഔട്ട്‌ഡോർ ഷൂസ്), മേരി ക്ലെയർ (സ്ത്രീകൾക്കുള്ള ഷൂസ്) എന്നിവയുൾപ്പെടെ നിരവധി ബ്രാൻഡുകൾ ബാറ്റയ്ക്ക് സ്വന്തമാണ്. കോംഫിറ്റ് (കംഫർട്ട് ഫുട്‌വെയർ), ബാറ്റ ഇൻഡസ്ട്രിയൽസ് (വർക്ക് ആൻഡ് സേഫ്റ്റി), ടഫീസ് (സ്‌കൂൾ ഷൂസ്) എന്നിവയാണ് അവരുടെ പോർട്ട്‌ഫോളിയോയിലെ മറ്റ് ബ്രാൻഡുകൾ.

വിശ്വാസത്തിന്‍റെ പര്യായം

കാലങ്ങൾ കഴിഞ്ഞിട്ടും ഷൂ വിപണിയിൽ ബാറ്റ തലയെടുപ്പോടെ നിൽക്കുന്നതിന് ഒറ്റക്കാരണമേയുള്ളൂ. ഗുണമേന്മയും ഉപഭോക്താക്കളില്‍ ബാറ്റയും ബാറ്റയില്‍ ഉപഭോക്താക്കളും അര്‍പ്പിച്ചിരിക്കുന്ന വിശ്വാസവും. ട്രൻഡിനനുസരിച്ച് ഉപഭോക്താക്കളുടെ അഭിരുചിക്കനുസരിച്ചുള്ള പാദരക്ഷകൾ ലോകമെമ്പാടുമുള്ള ബാറ്റ ഷോറൂമുകളിൽ ലഭ്യമാണ്. ബാറ്റ ചെരിപ്പുകളുടെ വില തന്നെ ശ്രദ്ധിച്ചിട്ടില്ലേ.499, 999 എന്നിങ്ങനെയാണ്.

പൂജ്യത്തില്‍ അവസാനിക്കുന്ന വില കൂടുതലാണെന്ന് ഉപഭോക്താക്കള്‍ വിശ്വസിക്കുന്നു. ഒരാള്‍ വില വായിച്ച് തുടങ്ങുന്നത് ഇടത് വശത്ത് നിന്നാണ്. അവിടെയുള്ള സംഖ്യയാണ് അയാളെ ആകര്‍ഷിക്കുന്നത്. 199 രൂപയും 200 രൂപയും തമ്മില്‍ ഒരു രൂപയുടെ വ്യത്യാസമേ ഉളളൂവെങ്കില്‍ പോലും 199 രൂപയുടെ ഉല്‍പന്നത്തിന് വില കുറവാണെന്ന് ഉപഭോക്താവ് വിശ്വസിക്കുന്നു. 'Left Digit Effect'എന്നാണ് ഇതിനെ വിളിക്കുന്നത്. അതാണ് ചെരിപ്പ് വിപണയിലെ ഒറ്റക്കൊമ്പന്‍റെ വിപണന തന്ത്രവും .

TAGS :

Next Story