'ഗസ്സക്ക് വേണ്ടി ഡിജിറ്റൽ നിശബ്ദത' ഫലസ്തീന് ജനതക്ക് വേണ്ടി സോഷ്യൽ മീഡിയ ക്യാമ്പയിൻ
ഓരോ രാജ്യത്തും പ്രാദേശിക സമയം രാത്രി 9:00 മുതൽ 9:30 വരെ സോഷ്യൽ മീഡിയ ഉപയോഗം പൂർണമായും ഒഴിവാക്കണമെന്ന് ക്യാമ്പയിൻ ആവശ്യപ്പെടുന്നു

കോഴിക്കോട്: ഗസ്സയിലെ ജനതയോടുള്ള ഐക്യദാർഢ്യത്തിന്റെ ഭാഗമായി 'സൈലൻസ് ഫോർ ഗസ്സ' എന്ന ഡിജിറ്റൽ പ്രതിഷേധ പ്രസ്ഥാനം ഒരാഴ്ചത്തേക്ക് എല്ലാ ദിവസവും രാത്രി 9 മുതൽ 9:30 വരെ 30 മിനിറ്റ് ഡിജിറ്റൽ നിശബ്ദത ആചരിക്കാൻ ആഹ്വാനം ചെയ്തിരിക്കുകയാണ്. ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി പ്രഫസർ ടി.ടി. ശ്രീകുമാർ അടക്കമുള്ള പ്രമുഖർ ഈ ക്യാമ്പയിനിന്റെ ഭാഗമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് മുന്നോട്ട് വന്നിട്ടുണ്ട്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കളെ ഒരുമിച്ച് ഡിജിറ്റൽ പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രേരിപ്പിക്കുന്ന ക്യാമ്പയിൻ ആണ് 'സൈലൻസ് ഫോർ ഗസ്സ' മുന്നോട്ട് വെച്ചിരിക്കുന്നത്.
ഈ ക്യാമ്പയിനിന്റെ ഭാഗമായി ഓരോ രാജ്യത്തും പ്രാദേശിക സമയം രാത്രി 9:00 മുതൽ 9:30 വരെ സോഷ്യൽ മീഡിയ ഉപയോഗം പൂർണമായും ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്നു. ഈ സമയത്ത് ഫോണുകളും കമ്പ്യൂട്ടറുകളും ഓഫ് ചെയ്യുക, സോഷ്യൽ മീഡിയ പോസ്റ്റുകൾ, ലൈക്കുകൾ, കമന്റുകൾ എന്നിവ ഒഴിവാക്കി ഇതിന്റെ ഭാഗമാവുക.
ഇത്തരമൊരു കൂട്ടായ പ്രവർത്തനം സോഷ്യൽ മീഡിയ അൽഗോരിതങ്ങളിൽ ശക്തമായ സിഗ്നൽ സൃഷ്ടിക്കുമെന്നും, ഗസ്സയിലെ അനീതിക്കെതിരെ പൗരന്മാരുടെ പ്രതിഷേധം പ്രകടമാക്കുമെന്നുമുള്ള ആശയം ക്യാമ്പയിൻ മുന്നോട്ട് വെക്കുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ അൽഗോരിതങ്ങളെ തടസ്സപ്പെടുത്തുകയും അവയുടെ ദൃശ്യപരതയെയും ട്രാഫിക് സ്ഥിതിവിവരക്കണക്കുകളെയും സ്വാധീനിക്കുകയും ചെയ്യുന്ന ഒരു പ്രതീകാത്മക പ്രവർത്തനം സൃഷ്ടിക്കുക എന്നതാണ് കാമ്പയിൻ ലക്ഷ്യമിടുന്നത്.
Adjust Story Font
16

