അറബ് പാർട്ടികളെ ചൊല്ലി തർക്കം; ലിക്കുഡ് പാർട്ടി നേതാക്കളുമായുള്ള ചർച്ച റദ്ദാക്കി ഐസൻകോട്ട്
28 ദിവസത്തിനകം ഐസൻകോട്ടിനോട് ഭൂരിപക്ഷം തെളിയിക്കാനാണ് ഇസ്രായേൽ പ്രസിഡന്റ് ആവശ്യപ്പെട്ടിട്ടുള്ളത്

തെൽഅവീവ്: ഇസ്രായേലിൽ പുതിയ സർക്കാർ രൂപീകരിക്കാനുള്ള ചർച്ചകൾ തുടരുകയാണ്. അറബ് പാർട്ടികളുടെ പിന്തുണയില്ലാതെ പാർലമെന്റിൽ ഭൂരിപക്ഷം തെളിയിക്കാനുള്ള ശ്രമത്തിലാണ് യാഷർ പാർട്ടി നേതാവ് ഗാഡി ഐസൻകോട്ട്. ഇതിനായി വിവിധ രാഷ്ട്രീയ പാർട്ടികളുമായി ചർച്ചകൾ പുരോഗമിക്കുകയാണ്.
അതേസമയം, പാർലമെന്റിലെ പ്രധാന പദവികൾ സംബന്ധിച്ച് പ്രതിപക്ഷ പാർട്ടികൾക്കിടയിൽ ധാരണയായിട്ടുണ്ട്. സ്പീക്കർ തെരഞ്ഞെടുപ്പ് വേഗത്തിൽ നടത്തണമെന്നാണ് യാഷർ സഖ്യത്തിന്റെ ആവശ്യം. പാർലമെന്റിലെ ഭൂരിപക്ഷം ഉറപ്പാക്കുന്നതിനുള്ള നീക്കങ്ങൾക്കൊപ്പം പ്രധാന പദവികളിലേക്കുള്ള തെരഞ്ഞെടുപ്പും വേഗത്തിലാക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം.
ഇതിനിടെ, അറബ് പാർട്ടികൾ ഇസ്രായേലിന്റെ നാശമാണ് ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആരോപിച്ചു. അറബ് പാർട്ടികളുടെ പിന്തുണയോടെ സർക്കാർ രൂപീകരിക്കാനുള്ള നീക്കത്തിനെതിരെയാണ് നെതന്യാഹുവിന്റെ പരാമർശം. ഇവരെ ചേർത്ത് സർക്കാർ ഉണ്ടാക്കാൻ ശ്രമിക്കുന്നവർ കരുതിയിരിക്കണമെന്നും നെതന്യാഹു പാർലമെന്റ് സമ്മേളനത്തിൽ പറഞ്ഞു.
എന്നാൽ, പ്രധാനമന്ത്രി സ്ഥാനത്ത് തുടരാൻ നെതന്യാഹുവിന് അർഹതയില്ലെന്നും വെറുപ്പും വിദ്വേഷവും പടർത്തുന്ന വാക്കുകളാണ് അദ്ദേഹത്തിന്റേതെന്നും ഗാഡി ഐസൻകോട്ട് കുറ്റപ്പെടുത്തി.നെതന്യാഹുവിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ഐസൻകോട്ട് ലിക്കുഡ് പാർട്ടി നേതാക്കളുമായി നടത്താനിരുന്ന കൂടിക്കാഴ്ച റദ്ദാക്കി.28 ദിവസത്തിനകം ഐസൻകോട്ടിനോട് ഭൂരിപക്ഷം തെളിയിക്കാനാണ് ഇസ്രായേൽ പ്രസിഡന്റ് ആവശ്യപ്പെട്ടിട്ടുള്ളത്. ഇതോടെ സർക്കാർ രൂപീകരണ ചർച്ചകൾ കൂടുതൽ സങ്കീർണമായി.
Adjust Story Font
16

