നെതന്യാഹു വീണ്ടും 'പ്രതിക്കൂട്ടി'ലേക്ക്; മാപ്പുനല്‍കണം, വേട്ടയാടരുതെന്ന് ട്രംപ്
അഴിമതി, തട്ടിപ്പ്, വിശ്വാസവഞ്ചന ഉള്‍പ്പെടെയുള്ള നിരവധി കേസുകളാണ് നെതന്യാഹു നേരിടുന്നത്. നിരപരാധിത്വം തെളിയിക്കാനായില്ലെങ്കില്‍ നെതന്യാഹുവിന് ഒരുപക്ഷേ വര്‍ഷങ്ങളോളം ജയിലില്‍ കഴിയേണ്ടി വരും

വാഷിങ്ടണ്‍/തെല്‍ അവീവ്: ഗസ്സയിലെ സൈനിക നടപടി അനന്തമായി നീട്ടിക്കൊണ്ടുപോകുന്നത് നെതന്യാഹുവിന്റെ വ്യക്തിതാല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയാണെന്ന വിമര്‍ശനങ്ങള്‍ ഇസ്രായേലില്‍ തന്നെ ഉയരുന്നുണ്ട്. അത്തരം ആരോപണങ്ങള്‍ ഉയര്‍ത്തുന്നവര്‍ പലരും ചില്ലറക്കാരല്ല. മുന്‍ പ്രധാനമന്ത്രിയും മുന്‍ സൈനിക മേധാവിയും മുതലുള്ള ആളുകളുണ്ട് അക്കൂട്ടത്തില്‍. ഇപ്പോഴും സൈന്യത്തില്‍ ഉന്നത സ്ഥാനങ്ങള്‍ വഹിക്കുന്ന ഉദ്യോഗസ്ഥരുണ്ട്. സര്‍ക്കാരിന്റെ നിലനില്‍പ്പ് ഭീഷണിയിലാണ്. കേസും കോളുമായി നെതന്യാഹുവിന്റെ രാഷ്ട്രീയഭാവിയും പ്രതിസന്ധിയിലാണ്. ഇതെല്ലാമാണ് ആ വ്യക്തിതാല്‍പര്യങ്ങളും രാഷ്ട്രീയ താല്‍പര്യങ്ങളും.
വിദേശത്തും സ്വന്തം മണ്ണിലും സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായതോടെയാണ് പെട്ടെന്നൊരുനാള്‍ ഇറാനുനേരെ ആക്രമണം ആരംഭിക്കുന്നത്. നേരത്തെ വിമര്‍ശനമുയര്‍ത്തിയവര്‍ക്കെല്ലാം ഇറാന്‍ ഒരുപോലെ ശത്രുവാണെന്നതിനാല്‍ എല്ലാവരും തനിക്കു പിന്നില്‍ അണിനിരക്കുമെന്ന കുടിലബുദ്ധിയായിരുന്നു ഓപറേഷനു പിന്നില്‍. ആണവ പരീക്ഷണവും ഭരണമാറ്റവുമെല്ലാം അതിനായുണ്ടാക്കിയ കാരണങ്ങള്‍ മാത്രം.
യുദ്ധം താല്‍ക്കാലികമായി അവസാനിച്ചതോടെ നെതന്യാഹുവിനെതിരെ ഇസ്രായേല്‍ കോടതികളിലുള്ള അഴിമതിക്കേസുകളില്‍ നിയമനടപടികള്‍ പുനരാരംഭിക്കുമെന്ന വാര്‍ത്തകള്‍ വരികയാണ്. ഇതോടെ, സംരക്ഷണവുമായി സാക്ഷാല്‍ ഡൊണാള്‍ഡ് ട്രംപ് തന്നെ രംഗത്തെത്തിയിരിക്കുന്നു. ഇസ്രായേലിനെ സംരക്ഷിച്ച പോലെ നെതന്യാഹുവിനെയും സംരക്ഷിക്കുമെന്നാണ് യുഎസ് പ്രസിഡന്റ് പ്രഖ്യാപിച്ചിരിക്കുന്നത്.
ട്രൂത്ത് സോഷ്യല്‍ എന്ന സ്വന്തം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെയാണ് ഇന്നലെ ട്രംപിന്റെ അസാധാരണ പോസ്റ്റ്. BREAKING NEWS എന്നൊക്കെ പറഞ്ഞാണ് നെതന്യാഹുവിനെതിരെ നടക്കുന്ന വിചാരണാ നടപടികളില്‍ അദ്ദേഹം വലിയ ഞെട്ടല്‍ രേഖപ്പെടുത്തിയത്. നെതന്യാഹുവിനെ 'മഹാനായ യോദ്ധാവ്' എന്നാണ് പോസ്റ്റില്‍ വിശേഷിപ്പിക്കുന്നത്. വലിയൊരു യുദ്ധക്കാലത്ത് ഇസ്രായേലിനെ നയിച്ച പ്രധാനമന്ത്രിക്കെതിരെ 'നീതിയുടെ പേര് പറഞ്ഞുള്ള വേട്ടയാടല്‍' പരിഹാസ്യമാണ്. അദ്ദേഹത്തിനു മാപ്പുനല്‍കി കേസുകള്‍ പെട്ടെന്ന് അവസാനിപ്പിക്കണമെന്നും പോസ്റ്റില്‍ ട്രംപ് ആവശ്യപ്പെട്ടു.
ട്രംപിന്റെ പോസ്റ്റിലെ വാദങ്ങള്‍ ഇങ്ങനെയാണ്: ''നെതന്യാഹുവിന്റെ ശക്തമായ നേതൃത്വത്തില്‍, ചരിത്രത്തിലെ ഏറ്റവും വലിയൊരു ദശാസന്ധികളില്‍ ഒന്നിലൂടെ കടന്നുപോയ ഇസ്രായേല്‍ അദ്ദേഹത്തിനെതിരായ വേട്ട തുടരുന്നത് പരിഹാസ്യമാണ്.
മഹായുദ്ധ കാലത്തെ പ്രധാനമന്ത്രിയാണ് നെതന്യാഹു. അദ്ദേഹവും ഞാനും ഒരുമിച്ചാണു വലിയ ദുരിതങ്ങള്‍ താണ്ടിയത്. ഇസ്രായേലിന്റെ ദീര്‍ഘകാലമായുള്ള കടുത്ത ശത്രുവായ ഇറാനോട് പോരാടുകയായിരുന്നു ഞങ്ങള്‍. ഈ വിശുദ്ധ ഭൂമിയെ ഇതിലും നന്നായും ശക്തമായും നെതന്യാഹുവിനു സ്‌നേഹിക്കാനാകില്ല. മറ്റാരെങ്കിലുമായിരുന്നു ആ സ്ഥാനത്തെങ്കില്‍ നഷ്ടങ്ങളും നാണക്കേടും അരാജകത്വവുമായിരിക്കും നേരിടേണ്ടിവരിക! നെതന്യാഹു ഒരു പോരാളിയാണ്. ഒരുപക്ഷേ ഇസ്രായേലിന്റെ ചരിത്രത്തില്‍ തന്നെ അതുപോലെ മറ്റൊരു യോദ്ധാവുണ്ടാകില്ലെന്നും ട്രംപ് പ്രകീര്‍ത്തിക്കുന്നു.
അസാധ്യമെന്ന് എല്ലാവരും കരുതിയ കാര്യങ്ങളാണ് അദ്ദേഹം സാധിച്ചെടുത്തത്. ലോകത്തിലെ ഏറ്റവും വലുതും ശക്തവുമായ, ഉടന്‍ യാഥാര്‍ഥ്യമാകാനിരുന്ന ആണവായുധങ്ങളിലൊന്ന് സമ്പൂര്‍ണമായി ഉന്മൂലനം ചെയ്തിരിക്കുന്നു. അക്ഷരാര്‍ഥത്തില്‍, ഇസ്രായേലിന്റെ അതിജീവനത്തിനായി പോരാടുകയായിരുന്നു ഞങ്ങള്‍. ഇസ്രായേലിന്റെ ചരിത്രത്തില്‍ നെതന്യാഹുവിലും കഠിനവും കാര്യക്ഷമവുമായി പോരാടിയ മറ്റാരുമില്ല. ഇങ്ങനെയൊക്കെയായിട്ടും, ദീര്‍ഘകാലമായി അദ്ദേഹം നേരിടുന്ന രാഷ്ട്രീയപ്രേരിതമായ കേസിന്റെ തുടര്‍നടപടികള്‍ക്കായി തിങ്കളാഴ്ച കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചതായി അറിഞ്ഞു. 2020 മെയ് മുതല്‍ അദ്ദേഹം ഈ 'ഹൊറര്‍ ഷോ'യിലൂടെ കടന്നുപോകുന്നു. മുന്‍പ് കേള്‍ക്കാത്ത സംഭവമാണ്. ഒരു സിറ്റിങ് ഇസ്രായേലി പ്രധാനമന്ത്രി വിചാരണ നേരിടുന്നത് ഇതാദ്യമായാണെന്നും ട്രംപ് ചൂണ്ടിക്കാട്ടി.
ഇത്രയും കാര്യങ്ങള്‍ ചെയ്ത ഒരു മനുഷ്യനെ ഇങ്ങനെ വേട്ടയാടുന്നത് എനിക്ക് ചിന്തിക്കാവുന്നതിനും അപ്പുറത്താണ്. ഇതിലും മികച്ചത് അദ്ദേഹവും ഇസ്രായേലും അര്‍ഹിക്കുന്നുണ്ട്. നെതന്യാഹുവിന്റെ വിചാരണ ഉടന്‍ തന്നെ റദ്ദാക്കണം. അല്ലെങ്കില്‍ രാജ്യത്തിനുവേണ്ടി ഏറെ സംഭാവനകള്‍ ചെയ്ത ആ മഹാനായ പോരാളിക്കു മാപ്പുനല്‍കണം. അമേരിക്കന്‍ പ്രസിഡന്റായ ഞാനുമായി നെതന്യാഹുവിനെക്കാള്‍ മികച്ച പൊരുത്തത്തോടെം പ്രവര്‍ത്തിക്കാന്‍ കഴിയുന്ന മറ്റാരുമില്ല. ഇസ്രായേലിനെ രക്ഷിച്ചത് അമേരിക്കയാണ്. ഇനി നെതന്യാഹുവിനെ രക്ഷിക്കുന്നതും അമേരിക്കയായിരിക്കും. ഇങ്ങനെ 'നീതി'യെ പരിഹസിക്കുന്നത് അനുവദിക്കാനാവില്ലെന്നും കൂട്ടിച്ചേര്‍ക്കുന്നുണ്ട് യുഎസ് പ്രസിഡന്റ്.
അഴിമതി, തട്ടിപ്പ്, വിശ്വാസവഞ്ചന ഉള്‍പ്പെടെയുള്ള നിരവധി കേസുകളാണ് നെതന്യാഹു നേരിടുന്നത്. നെതന്യാഹുവും ഭാര്യ സാറയും ഹോളിവുഡ് നിര്‍മാതാവ് ആര്‍നോണ്‍ മില്‍ചനില്‍നിന്നും മറ്റു ധനികരില്‍നിന്നും ലക്ഷങ്ങളുടെ മൂല്യമുള്ള സമ്മാനങ്ങള്‍ സ്വീകരിച്ചുവെന്നാണ് ആരോപണം. വിലപിടിപ്പുള്ള സിഗരറ്റുകള്‍ മുതല്‍ ഷാംപെയ്‌നും ആഭരണങ്ങളും വരെയുണ്ട് അക്കൂട്ടത്തില്‍. ഈ സമ്മാനങ്ങള്‍ക്ക് പകരമായി, മില്‍ചന്റെ ബിസിനസ് താല്‍പ്പര്യങ്ങള്‍ക്ക് അനുകൂലമായ ഭരണപരമായ തീരുമാനങ്ങള്‍ കൈക്കൊണ്ടുവെന്നാണ് ഒരു കേസ്.
ഇസ്രായേലിലെ പ്രമുഖ പത്രമായ യെദിയോത് അഹ്രോനോത്തിന്റെ ഉടമ ആര്‍നോണ്‍ മോസെസുമായുള്ള നെതന്യാഹുവിന്റെ ദുരൂഹമായ ബന്ധമാണ് മറ്റൊരു കേസിനാസ്പദം. പത്രത്തില്‍ തനിക്ക് അനുകൂലമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാന്‍ വേണ്ടി സമ്മര്‍ദം ചെലുത്തി. ഇതിനു പകരമായി, യെദിയോത്തിന്റെ എതിരാളികിളായ ഇസ്രായേല്‍ ഹായോമിനു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് നെതന്യാഹു വാഗ്ദാനം ചെയ്‌തെന്നാണു കുറ്റപത്രത്തില്‍ പറയുന്നത്.
മൂന്നാമത്തെ കേസും ഒരു മാധ്യമസ്ഥാപനവുമായി ബന്ധപ്പെട്ടുള്ളതാണ്. മാധ്യമഭീമനായ ബെസെഖുമായുള്ള രഹസ്യ ബാന്ധവമാണ് കേസിനാസ്പദം. സുഹൃത്തും ബെസെക് ടെലികോം കമ്പനിയുടെ ഉടമയുമായ ഷൗല്‍ എലോവിച്ചിന്റെ ബിസിനസ് താല്‍പര്യങ്ങള്‍ക്ക് അനുഗുണമായ നിയമനിര്‍മാണങ്ങള്‍ നടത്തി. പകരമായി ബെസെഖിനു കീഴിലുള്ള ഹീബ്രു മാധ്യമം 'വല്ല' വെബ്സൈറ്റില്‍ തനിക്ക് അനുകൂലമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാന്‍ ശ്രമിച്ചുവെന്നും കേസില്‍ ചൂണ്ടിക്കാട്ടുന്നു.
എല്ലാ ആരോപണങ്ങളും നെതന്യാഹു സമ്പൂര്‍ണമായി തള്ളിക്കളഞ്ഞിട്ടുണ്ട്. അതേസമയം, പലതവണ കേസ് നടപടികളുടെ ഭാഗമായി കോടതിയില്‍ ഹാജരാകേണ്ടിവന്നിട്ടുണ്ട്. ഗസ്സ യുദ്ധം കാണിച്ച് നേരിട്ട് ഹാജരാകുന്നിന് ഒഴികഴിവ് തേടിയിരുന്നെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല. അവസാനമായി ഏതാനും ആഴ്ചകള്‍ക്കുമുന്‍പാണ് അദ്ദേഹം കോടതിയില്‍ വിചാരണയ്ക്ക് ഹാജരായത്. ഇറാനുമായുള്ള യുദ്ധം കാരണം വിചാരണ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നതാണ്. യുദ്ധം തീര്‍ന്നതോടെ വിചാരണ വീണ്ടും പുനരാരംഭിക്കാനിരിക്കുകയാണെന്നാണു വിവരം. നിരപരാധിത്വം തെളിയിക്കാനായില്ലെങ്കില്‍ ഒരുപക്ഷേ വര്‍ഷങ്ങളോളം ജയിലില്‍ കഴിയേണ്ടി വരും നെതന്യാഹുവിന്.
Adjust Story Font
16

