Quantcast

'അസംബന്ധം പറയരുത്': ആണവ സമ്പുഷ്ടീകരണം നിർത്തണമെന്ന അമേരിക്കയുടെ ആവശ്യത്തിനെതിരെ ഇറാൻ

ഇറാനും അമേരിക്കയും തമ്മിലെ അഞ്ചാം റൗണ്ട് ചർച്ച വെള്ളിയാഴ്ച റോമിൽ നടക്കാനിരിക്കെയാണ് ഖാംനഇയുടെ പ്രതികരണം

MediaOne Logo

Web Desk

  • Published:

    22 May 2025 8:32 AM IST

അസംബന്ധം പറയരുത്: ആണവ സമ്പുഷ്ടീകരണം നിർത്തണമെന്ന അമേരിക്കയുടെ ആവശ്യത്തിനെതിരെ ഇറാൻ
X

തെഹ്റാന്‍: ആണവ സമ്പുഷ്ടീകരണം പൂര്‍ണമായും നിർത്തണമെന്ന അമേരിക്കയുടെ ആവശ്യം തള്ളി ഇറാന്‍. ഇറാനെ യുറേനിയം സമ്പുഷ്ടമാക്കാൻ അനുവദിക്കില്ല എന്നതുപോലുള്ള അമേരിക്കയുടെ പ്രസ്താവനകള്‍ അസംബന്ധമെന്ന് പരമോന്ന നേതാവ് ആയത്തുള്ള അലി ഖാംനഇ വ്യക്തമാക്കി.

ആണവ വിഷയത്തില്‍ ഇറാനും അമേരിക്കയും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ഖാംനഇയുടെ പ്രസ്താവന. അതേസമയം ചർച്ചകൾ ഫലം കാണുമോ എന്ന് തനിക്കറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാല് റൗണ്ട് ചർച്ചകൾ ഇതിനകം തന്നെ അമേരിക്കയും ഇറാനും തമ്മിൽ പൂർത്തിയാക്കിക്കഴിഞ്ഞു.

ഒമാന്റെ മധ്യസ്ഥതയിലാണ് ചർച്ചകൾ നടക്കുന്നത്. അഞ്ചാം റൗണ്ട് ചര്‍ച്ചക്കായി ഇറാനിലെയും അമേരിക്കയിലെയും ഉദ്യോഗസ്ഥർ വെള്ളിയാഴ്ച ഇറ്റലിയിലെ റോമിൽ എത്തും. ഒമാൻ വിദേശകാര്യ മന്ത്രി ബദർ അൽബുസൈദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. യുറേനിയം സമ്പുഷ്ടീകരണത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള അന്തരം വര്‍ധിച്ചിരിക്കെയാണ് അഞ്ചാം റൗണ്ട് ചര്‍ച്ച. ഇറാന്‍ പരമോന്നത നേതാവിന്റെ പ്രസ്താവന കൂടി വന്നതോടെ ചര്‍ച്ചകളില്‍ ലോകരാഷ്ട്രങ്ങള്‍ ഉറ്റുനോക്കുന്നു.

ഇറാൻ തങ്ങളുടെ ആണവ പരിപാടി കുറയ്ക്കുകയല്ല യുറേനിയം സമ്പുഷ്ടീകരണം പൂർണ്ണമായും നിർത്തണമെന്നാണ് യുഎസ് വ്യക്തമാക്കുന്നത്. എന്നാല്‍ യുറേനിയം സമ്പുഷ്ടമാക്കുന്നതിന് തന്റെ രാജ്യത്തിന് അമേരിക്കയുടെ അനുമതി ആവശ്യമില്ല എന്നാണ് ഖാംനഇ പറയുന്നത്. ഒരു പരമാധികാര രാഷ്ട്രമെന്ന നിലയിൽ സിവിലിയൻ ആവശ്യങ്ങൾക്കായി യുറേനിയം സമ്പുഷ്ടീകരണം തങ്ങളുടെ അവകാശമാണെന്നാണ് ഇറാന്‍ വ്യക്തമാക്കുന്നത്.

അതേസമയം ഇരു രാജ്യങ്ങളും തമ്മിൽ ഒരു കരാറിലെത്തിയില്ലെങ്കിൽ സൈനിക നടപടിയുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനെ പലതവണ ഭീഷണിപ്പെടുത്തുന്നുണ്ട്. എന്നാല്‍ ഭീഷണിക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്നാണ് ഇറാന്‍ നിലപാട്.

TAGS :

Next Story