ഒമ്പത് മക്കൾ കൊല്ലപ്പെട്ട ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റ ഗസ്സയിലെ ഡോക്ടർ ഹംദി അൽനജ്ജാർ മരിച്ചു
മേയ് 23ന് ഖാൻ യൂനിസിലെ വീടിന് നേരെ നടന്ന വ്യോമാക്രമണത്തിലാണ് ഹംദിക്ക് ഗുരുതരമായി പരിക്കേറ്റത്. ഡോക്ടറുടെ ഒമ്പത് മക്കളും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

ഗസ്സ: ഇസ്രായേൽ വ്യോമാക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗസ്സയിലെ ഡോക്ടർ ഹംദി അൽനജ്ജാർ മരിച്ചു. എട്ട് ദിവസം മുമ്പ് ഖാൻ യൂനിസിലെ വീടിന് നേരെ നടന്ന വ്യോമാക്രമണത്തിലാണ് ഹംദിക്ക് ഗുരുതരമായി പരിക്കേറ്റത്. ഡോക്ടറുടെ ഒമ്പത് മക്കളും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
മേയ് 23ന് ഡോക്ടർ ഹംദിയുടെ ഭാര്യയായ ഡോ. അലാ നാസർ മെഡിക്കൽ കോളജിൽ ഡ്യൂട്ടിയിലായിരുന്ന സമയത്താണ് അവരുടെ കുടുംബവീടിന് നേരെ ഇസ്രായേൽ മിസൈൽ ആക്രമണം നടത്തിയത്. തന്റെ ഒമ്പത് മക്കളുടെയും ചേതനയറ്റ ശരീരം ഡോ. അലാ ഏറ്റുവാങ്ങുന്നത് വേദനിപ്പിക്കുന്ന രംഗമായിരുന്നു. ആക്രമണത്തിൽ രക്ഷപ്പെട്ട അവരുടെ ഏക മകനായ ആദം ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.
''ഡോ. അലാ 10 മക്കളുടെ മാതാവാണ്. മുത്തയാൾക്ക് 12 വയസ്സ് പോലും കഴിഞ്ഞിട്ടില്ല. ആ ദിവസം രാവിലെ അവരുടെ ഭർത്താവാണ് അവരെ ജോലി സ്ഥലത്ത് കൊണ്ടുവിട്ടത്. വീട്ടിലേക്ക് മടങ്ങി മിനിറ്റുകൾക്കുള്ളിൽ ഒരു ഇസ്രായേലി മിസൈൽ അവരുടെ വീട്ടിൽ പതിച്ചു''-ഗസ്സ ഹെൽത്ത് മിനിസ്ട്രി ഡയറക്ടർ ജനറൽ ഡോ. മുനീർ അൽബർഷ് എക്‌സിൽ കുറിച്ചു.
നജ്ജാർ കുടുംബം താമസിച്ചിരുന്ന ഖാൻ യൂനിസിന് തെക്കുള്ള ഖുസ, നജ്ജാർ മേഖലകളിൽ ഇസ്രായേൽ ഇപ്പോഴും രൂക്ഷമായ ആക്രമണമാണ് നടത്തുന്നത്. ഇവിടെ ബാക്കിയുള്ള വീടുകളും വ്യോമാക്രമണങ്ങളും പീരങ്കി ആക്രമണങ്ങളും നടത്തിയ ഇസ്രായേൽ തകർത്തുകൊണ്ടിരിക്കുകയാണ്.
Adjust Story Font
16

