Quantcast

പാകിസ്താനിൽ ഭൂചലനം; 20 മരണം, 200ലേറെ പേര്‍ക്ക് പരിക്ക്

പുലർച്ചെ 3.30ഓടെയാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിൽ 5.7 തീവ്രത രേഖപ്പെടുത്തി

MediaOne Logo

Web Desk

  • Updated:

    2021-10-07 09:02:13.0

Published:

7 Oct 2021 2:17 AM GMT

പാകിസ്താനിൽ ഭൂചലനം; 20 മരണം, 200ലേറെ പേര്‍ക്ക് പരിക്ക്
X

തെക്കൻ പാകിസ്താനിലുണ്ടായ ഭൂചലനത്തിൽ 20 പേർ മരിച്ചു. 200 പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച പുലർച്ചെ 3.30ഓടെയാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിൽ 5.7 തീവ്രത രേഖപ്പെടുത്തി. ഭൂചലനത്തിൽ നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നിട്ടുണ്ട്. മേഖലയില്‍ വ്യാപക നാശനഷ്ടമുണ്ടായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പര്‍വത നഗരമായ ഹര്‍നായിലാണ് ഭൂചലനം ഏറ്റവും കൂടുതല്‍ ആഘാതം സൃഷ്ടിച്ചത്. റോഡുകളുടെ അഭാവവും വൈദ്യുതിയില്ലാത്തതും മൊബൈൽ ഫോണിന് റേഞ്ചില്ലാത്തതുമെല്ലാം രക്ഷാപ്രവര്‍ത്തനത്തിന് തടസമായി. ഒരു സ്ത്രീയും ആറ് കുട്ടികളും ഉൾപ്പെടെ ഇരുപത് പേരാണ് മരിച്ചതെന്ന് സർക്കാർ ഉദ്യോഗസ്ഥനായ സുഹൈൽ അൻവർ ഹാഷ്മി എ.എഫ്‌.പിയോട് പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനായി ഹെലികോപ്റ്റര്‍ അയക്കുമെന്ന് ഹാഷ്മി അറിയിച്ചു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് ബലൂചിസ്ഥാന്‍ പ്രവിശ്യ ദുരന്തനിവാരണ അതോറിറ്റി വിഭാഗം മേധാവി നസീര്‍ നാസര്‍ പറഞ്ഞു.

ഭൂചലനത്തെ തുടര്‍ന്ന് പ്രദേശത്തെ വൈദ്യുതിബന്ധം തടസപ്പെട്ടു. ഈ മേഖലയിലുള്ള ആശുപത്രിയിലെ ജീവനക്കാര്‍ വൈദ്യുതി ഇല്ലാതെയാണ് പുലര്‍ച്ചെ വരെ ജോലി ചെയ്തത്. ടോർച്ചുകളുടെയും മൊബൈൽ ഫ്ലാഷ് ലൈറ്റുകളുടെയും സഹായത്തോടെയാണ് ജോലി ചെയ്തതെന്ന് ഹർനായ് ആശുപത്രിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ സഹൂർ തരിൻ എ.എഫ്‌.പിയോട് പറഞ്ഞു. പരിക്കേറ്റവരിൽ ഭൂരിഭാഗവും കൈകാലുകൾ ഒടിഞ്ഞവരാണ്. പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം ഡസൻ കണക്കിന് ആളുകളെ തിരിച്ചയച്ചു. കുറഞ്ഞത് 40 പേരുടെയെങ്കിലും നില ഗുരുതരമാണെന്ന് സഹൂര്‍ കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story