ഫറവോയുടെ ബ്രേസ്‌ലെറ്റ് മോഷ്ടിച്ച് ഉരുക്കി വിറ്റു; ഈജിപ്തിൽ വിവാദം
3000 വർഷത്തോളം ഒരു കേടുപാടും കൂടാതെ സംരക്ഷിക്കപ്പെട്ട ബ്രേസ്‌ലെറ്റ് മോഷ്ടിച്ച് ഉരുക്കിയതിൽ കടുത്ത വിമർശനമാണ് ഉയരുന്നത്...

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ഈജിപ്തിന്റെ ടൂറിസം മന്ത്രി ഒരു സുപ്രധാന വാർത്ത പുറത്തുവിട്ടത്. കെയ്‌റോയിലെ ഈജിപ്ഷ്യൻ മ്യൂസിയത്തിൽ നിന്ന് ഒരു ഫറവോയുടെ ബ്രേസ്‌ലെറ്റ് മോഷണം പോയി എന്ന വാർത്ത. ഈ ബ്രേസ്‌ലെറ്റ്, പിന്നീട് സ്വർണത്തിന് വേണ്ടി ഉരുക്കി വിറ്റു എന്ന് സ്ഥിരീകരണവുമുണ്ടായി.. ഇപ്പോഴിതാ ഈ വാർത്തയ്ക്ക് പിന്നാലെ വലിയ വിവാദം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ് ഈജിപ്തിൽ.
ഈജിപ്തിന്റെ ടൂറിസം-പുരാവസ്തു മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ബ്രേസ്‌ലെറ്റ് മോഷണം പോയ കാര്യം ജനങ്ങളെ അറിയിച്ചത്. സെപ്റ്റംബർ 9ന് മോഷണം നടന്നു എന്നായിരുന്നു അറിയിപ്പ്. അമെനിമോപ് എന്ന ഫറവോയുടേതായിരുന്നു ബ്രേസ്‌ലെറ്റ്. പുരാവസ്തു ഗവേഷണത്തിലെ നാഴികക്കല്ലായി കണക്കാക്കുന്ന, തുത്തൻഖാമന്റെ ആഭരണങ്ങളും സ്വർണമുഖാവരണവും സൂക്ഷിച്ചിരിക്കുന്ന കെയ്‌റോയിലെ മ്യൂസിയത്തിൽ നിന്നാണിത് മോഷണം പോയത്. അതുതന്നെയാണ് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നതും.
21ാം രാജവംശത്തിലെ ഫറവോ ആയിരുന്നു യൂസർമാത്രെ അമെനെമോപ്. ലാപിസ് ലസൂലി എന്ന അത്യപൂർവ വജ്രം അടങ്ങിയ ബ്രേസ്‌ലെറ്റ് ആയിരുന്നു ഇദ്ദേഹത്തിനുണ്ടായിരുന്നത്. സത്യസന്ധത, ബുദ്ധിസാമർഥ്യം, പ്രബോധനം എന്നിവയൊക്കെ പ്രതിനിധാനം ചെയ്യുന്ന ജന്മനക്ഷത്രക്കല്ല് ആണിത്. അമെനെമോപിന്റെ ഭരണത്തെയും സ്വഭാവസവിശേഷതകളെയുമൊക്കെ ഈ ബ്രേസ്‌ലെറ്റ് പ്രതിനിധാനം ചെയ്യുകയും ചെയ്തിരുന്നു. 1940 ഏപ്രിലിലാണ് അദ്ദേഹത്തിന്റെ ശവകുടീരം കണ്ടെത്തിയതിന് പിന്നാലെ കെയ്‌റോയിലെ മ്യൂസിയത്തിലേക്ക് ഈ ബ്രേസ്‌ലെറ്റ് മാറ്റിയത്.
ഇറ്റലിയിൽ നടക്കുന്ന ഒരു എക്‌സിബിഷനിലേക്കായി ഈ മാസമാദ്യം ബ്രേസ്‌ലെറ്റ് പുറത്തെടുത്തിരുന്നു. മറ്റൊരു പെട്ടിയിലേക്ക് മാറ്റുന്നതിനിടെ ബ്രേസ്‌ലെറ്റ് മോഷ്ടിക്കപ്പെടുകയായിരുന്നു എന്നാണ് മന്ത്രാലയത്തിന്റെ പ്രസ്താവനയിലൂടെ മനസ്സിലാകുന്നത്. മ്യൂസിയത്തിലെ റസ്റ്ററേഷൻ ലാബിൽ നിന്ന് ഒരു ജീവനക്കാരി ഇതെടുത്ത്, ഒരു വെള്ളിക്കടയുടെ ഉടമസ്ഥന് കൈമാറിയതായി അന്വേഷണത്തിൽ കണ്ടെത്തി.. ഇയാളിൽ നിന്നിത് 3,800 ഡോളറിന് ഒരു സ്വർണപ്പണിക്കാരൻ ഇത് സ്വന്തമാക്കി. പിന്നീടിത് മറ്റൊരു സ്വർണക്കടയിലേക്ക് 4000 ഡോളറിന് വില്ക്കുകയും ഇവിടെ വെച്ച് ഇത് ഉരുക്കി മറ്റ് ആഭരണങ്ങളാക്കി മാറ്റുകയുമായിരുന്നു.
മ്യൂസിയത്തിലെ, ബ്രേസ്‌ലെറ്റ് സൂക്ഷിച്ചിരുന്ന റസ്റ്ററേഷൻ ലാബിൽ സിസിടിവി ക്യാമറകളില്ലാത്തതിനാൽ ജൂവലറികളിലൊന്നിന്റെ സിസിടിവി ദൃശ്യം മാത്രമേ തെളിവായി കിട്ടിയിട്ടുള്ളൂ. കടയുടമകളിലൊരാൾ ബ്രേസ്‌ലെറ്റ് തൂക്കം നോക്കി പ്രതികളിലൊരാളുടെ കയ്യിൽ കൊടുക്കുന്നതാണ് ഈ ദൃശ്യത്തിലുള്ളത്. ഇതിൽ നിന്നാണ് അന്വേഷണസംഘം പ്രതികളിലേക്കെത്തിയതും. സംഭവത്തിൽ 4 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരിലൊരാൾ മ്യൂസിയത്തിലെ റസ്റ്ററേഷൻ ലാബ് ജീവനക്കാരിയാണ്.
മ്യൂസിയം ജീവനക്കാരുടെ അശ്രദ്ധയാണ് മോഷണത്തിന് പിന്നിലെന്നാണ് ടൂറിസം മന്ത്രി ഷെരിഫ് ഫാതി കുറ്റപ്പെടുത്തിയത്. പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും ഇവരിൽ നിന്ന് ബ്രേസ്ലെറ്റ് വിറ്റുകിട്ടിയ പണമടക്കം പിടിച്ചെടുത്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്തായാലും സംഭവത്തിൽ വിവാദം പുകയുകയാണ് ഈജിപ്തിൽ. 3000 വർഷത്തോളം ഒരു കേടുപാടും കൂടാതെ സംരക്ഷിക്കപ്പെട്ട ബ്രേസ്‌ലെറ്റ് ഒറ്റ ദിവസം കൊണ്ട് പലതായി രൂപം മാറിയതിൽ കടുത്ത വിമർശനമാണ് ഉയരുന്നത്.
ഈജിപ്തിന്റെ മഹത്തായ പാരമ്പര്യത്തിനേറ്റ അടിയാണിതെന്നാണ് ഭൂരിഭാരം പേരുടെയും വിമർശനം. ബ്രേസ്‌ലെറ്റിന്റെ പ്രാധാന്യം മനസ്സിലാക്കാതെ, അതിനെ അധികൃതർ അലക്ഷ്യമായി കൈകാര്യം ചെയ്തതിനെ കുറ്റപ്പെടുത്തുന്നവരുമുണ്ട്. ഇത്രയധികം വിലപിടിപ്പുള്ള, ചരിത്രം പേറുന്ന വസ്തുക്കളുണ്ടായിട്ടും ഒരു ക്യാമറ സ്ഥാപിക്കാൻ പോലും മ്യൂസിയം അധികൃതർക്ക് ആയില്ലേ എന്നാണ് അവരുടെ ചോദ്യം. സെക്യൂരിറ്റി ശക്തമാക്കിയതിന് ശേഷം മാത്രം മതി വിദേശരാജ്യങ്ങളിലെ എക്സിബിഷൻ എന്ന് ഈജിപ്റ്റോളജിസ്റ്റുകളും അഭിപ്രായപ്പെടുന്നു.
നിലവിലെ മോഷണം പണ്ടുനടന്ന സമാനസംഭവങ്ങൾ പൊടിതട്ടിയെടുക്കുന്നതിനും കാരണമായിട്ടുണ്ട്. 1977ൽ കെയ്റോ മ്യൂസിയത്തിൽ നിന്നു തന്നെ, വാൻഗോഗിന്റെ പോപ്പി ഫ്ളവേഴ്സ് എന്ന വിഖ്യാത ചിത്രം മോഷണം പോയിരുന്നു. 55 മില്യൺ ഡോളറായിരുന്നു ചിത്രത്തിന് അന്നത്തെ മൂല്യം. എന്നാലിത് പെട്ടെന്ന് തന്നെ കണ്ടെടുത്തെങ്കിലും 2010ൽ വീണ്ടും കളവ് പോയി. പിന്നീടിതുവരെ ഇത് തിരിച്ചു കിട്ടിയിട്ടില്ല.
ഇപ്പോഴിതാ ഫറവോ അമെനെമോപ്പിന്റെ ബ്രേസ്‌ലെറ്റും മോഷണം പോയതിലൂടെ പുരാവസ്തു സംരക്ഷണത്തിൽ ഈജിപ്ഷ്യൻ സർക്കാർ സമ്പൂർണ പരാജയമാണെന്ന വസ്തുതയാണ് എടുത്തുകാട്ടപ്പെടുന്നത്. ചരിത്രപ്രാധാന്യമേറെയുള്ള അമൂല്യവസ്തുക്കൾ മൺമറയുന്നത് മ്യൂസിയങ്ങളിൽ നിന്നല്ല, ചരിത്രത്തിൽ നിന്നു തന്നെയാണെന്ന യാഥാർഥ്യവും അടിവരയിടപ്പെടും...
Adjust Story Font
16

