യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ്; റിപ്പബ്ലിക്കൻമാര്‍ക്ക് വേണ്ടി ഇലോൺ മസ്ക് ഒഴുക്കിയത് 4700 കോടി, പടയൊരുക്കവുമായി ഡെമോക്രോറ്റുകൾ
2024ലെ യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിനെ വിജയിപ്പിക്കാൻ കാൽ ബില്യൺ ഡോളറിലധികം മസ്ക് ചെലവഴിച്ചിരുന്നു

- Updated:
2026-11-05 03:19:17

വാഷിംഗ്ടൺ: ട്രംപ് ഭരണകൂടത്തിന് കനത്ത തിരിച്ചടി നൽകിയ യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാര്‍ഥികൾക്ക് വേണ്ടി ശതകോടീശ്വരനും സ്പേസ് എക്സ് മേധാവിയുമായ ഇലോൺ മസ്ക് ഒഴുക്കിയത് കോടികൾ. തൻ്റെ പ്രധാന ബിസിനസ് കേന്ദ്രവും ആസ്ഥാനവുമായ ടെക്‌സസ് റിപ്പബ്ലിക്കൻ പാർട്ടിയുടെ അധീനതയിൽ നിലനിർത്താനും റിപ്പബ്ലിക്കൻ സ്ഥാനാർഥികളെ വിജയിപ്പിക്കാനുമായി മസ്ക് 474 ദശലക്ഷം ഡോളറിലധികം (ഏകദേശം 4,700 കോടി രൂപ) ചെലവഴിച്ചതായാണ് റിപ്പോര്‍ട്ട്.
2024ലെ യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിനെ വിജയിപ്പിക്കാൻ കാൽ ബില്യൺ ഡോളറിലധികം മസ്ക് ചെലവഴിച്ചിരുന്നു. റിപ്പബ്ലിക്കന്മാർക്ക് കനത്ത പരാജയം നേരിടുകയും 30-ലധികം വർഷങ്ങൾക്ക് ശേഷം ടെക്‌സസ് തങ്ങളുടെ ആദ്യത്തെ ഡെമോക്രാറ്റിക് ഗവർണറെ തെരഞ്ഞെടുക്കുകയും ചെയ്തത് മസ്കിന് രാഷ്ട്രീയമായും സാമ്പത്തികമായും തിരിച്ചടിയായിട്ടുണ്ട്. ചൊവ്വാഴ്ച വോട്ടെടുപ്പ് ആരംഭിച്ചപ്പോൾ റിപ്പബ്ലിക്കൻമാർക്ക് വോട്ട് ചെയ്യാൻ മസ്‌ക് തന്‍റെ അനുയായികളോട് അഭ്യർഥിച്ചിരുന്നു. ഫലം പുറത്തുവന്നപ്പോൾ ഡെമോക്രാറ്റുകൾ കോൺഗ്രസിന്റെ ഇരുസഭകളും പിടിച്ചെടുക്കുകയായിരുന്നു.
ഇടക്കാല തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി വിജയിച്ചാൽ തൻ്റെ ബിസിനസ് സാമ്രാജ്യത്തിനെതിരെ ശക്തമായ അന്വേഷണങ്ങൾ ആരംഭിക്കുമെന്ന റിപ്പോർട്ടുകളോട് മസ്ക് പ്രതികരിച്ചു. "വാളെടുക്കുന്നവൻ വാളാൽ: എനിക്കെതിരെ തിരിയുന്നവര്‍ ഒരുകാര്യം മനസ്സിലാക്കുക, ഇതിന് പിന്നിൽ ശരിക്കും കരുക്കൾ നീക്കുന്നത് ആരാണെന്ന് ഞാൻ കണ്ടെത്തി അവർക്കെതിരെ നടപടിയെടുക്കും, വെറും കളിപ്പാവകൾക്ക് എതിരെ മാത്രമല്ല..." അദ്ദേഹം എക്സിൽ കുറിച്ചു.
തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പ്രീമാർക്കറ്റ് ട്രേഡിംഗിൽ സ്‌പേസ് എക്‌സിന്റെ ഓഹരികൾ 3.8 ശതമാനവും ടെസ്‌ലയുടെ ഓഹരികൾ 3.6 ശതമാനം ഇടിഞ്ഞു. ഡാറ്റാ സെന്റർ അനുമതികൾ വൈകുന്നത് ഇലോൺ മസ്കിന് വലിയ തിരിച്ചടിയാകും. തങ്ങളുടെ ഐപിഒയ്ക്ക് മുന്നോടിയായി നിക്ഷേപകരെ ആകർഷിക്കാൻ സ്‌പേസ് എക്‌സ് ) ചൂണ്ടിക്കാണിച്ച 28.5 ട്രില്യൺ ഡോളറിന്റെ (₹28.5 ലക്ഷം കോടി ഡോളർ) വിപണി സാധ്യത കൈവരിക്കുന്നതിന് ഇത് തടസമാകും.
മസ്ക് മാത്രമല്ല, അമേരിക്കയിലെ മറ്റ് ബിസിനസ് പ്രമുഖൻമാരും തെരഞ്ഞെടുപ്പിനായി കോടികൾ ഇറക്കിയിട്ടുണ്ട്. അമേരിക്കൻ ബിസിനസുകാരനും ബ്ലൂംബെര്‍ഗ് എൽപിയുടെ സഹസ്ഥാപകനും സിഇഒയുമായ മൈക്കിൾ ബ്ലൂംബെർഗ് ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രചാരണങ്ങൾക്കായി 84.2 മില്യൺ ഡോളറാണ് നൽകിയത്. ഹെഡ്ജ് ഫണ്ട് മാനേജർ പോൾ സിംഗര്‍ റിപ്പബ്ലിക്കൻ പാർട്ടിക്കായി 53.5 മില്യൺ ഡോളറാണ് ചെലവഴിച്ചത്. അമേരിക്കൻ സംരംഭകനായ ഗ്രെഗ് & അന്ന ബ്രോക്ക്മാൻ റിപ്പബ്ലിക്കൻ സ്ഥാനാർഥികൾക്കായി 50 മില്യൺ ഡോളർ സംഭാവന ചെയ്തു.
Adjust Story Font
16
