Quantcast

'ആന്‍ഡ്രൂവിനൊപ്പം രാത്രി ചെലവിടാന്‍ അയച്ചു, ബക്കിങ്ഹാം കൊട്ടാരത്തില്‍ കൊണ്ടുപോയി'; എപ്സ്റ്റീന്‍ ഫയല്‍സില്‍ സ്ത്രീയുടെ വെളിപ്പെടുത്തല്‍

ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധം പുറത്തായതിനു പിന്നാലെ ആന്‍ഡ്രൂവിന് രാജപദവികള്‍ നഷ്ടമായിരുന്നു

MediaOne Logo
Andrew Mountbatten-Windsor arrested
X

ന്യൂയോര്‍ക്ക്: ബ്രിട്ടനിലെ മുന്‍ രാജകുമാരനായ ആന്‍ഡ്രൂ മൗണ്ട്ബാറ്റണ്‍ വിന്‍ഡ്സറിനെതിരെ വെളിപ്പെടുത്തലുമായി എപ്സ്റ്റീന്‍ കേസിലെ ഇരകളിലൊരാളായ സ്ത്രീയുടെ വെളിപ്പെടുത്തല്‍. ആന്‍ഡ്രൂ മൗണ്ട്ബാറ്റണൊപ്പം ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ജെഫ്രി എപ്സ്റ്റീന്‍ തന്നെ അയച്ചെന്നും ഒരു രാത്രി അദ്ദേഹത്തോടൊപ്പം ചെലവഴിച്ചുവെന്നുമാണ് അഭിഭാഷകന്‍ വഴി സ്ത്രീ വെളിപ്പെടുത്തിയത്. തന്നെ ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ബക്കിങ്ഹാം കൊട്ടാരത്തിലേക്ക് സന്ദര്‍ശനത്തിനായി കൊണ്ടുപോയതായും ഇവര്‍ പറയുന്നു.

2010ലാണ് സംഭവമെന്നാണ് ഇവര്‍ പറയുന്നത്. അന്ന് 20 വയസ്സായിരുന്നു. ആന്‍ഡ്രൂ മൗണ്ട്ബാറ്റന്റെ റോയല്‍ ലോഡ്ജ് വസതിയിലാണ് പോയത്. ഒരു രാത്രി ഇവിടെ ചെലവഴിച്ച ശേഷമാണ് ബക്കിങ്ഹാം കൊട്ടാരത്തിലേക്ക് കൊണ്ടുപോയതെന്നും ഇവര്‍ പറയുന്നു. രാജകൊട്ടാരത്തിലേക്ക് വരെ സ്ത്രീകളെ ലൈംഗികവൃത്തിക്കായി കൊണ്ടുപോയി എന്ന വെളിപ്പെടുത്തല്‍ ആദ്യമായാണ്. സംഭവം രാജകുടുംബത്തിന് കനത്ത നാണക്കേടായി.

ആന്‍ഡ്രൂ മൗണ്ട്ബാറ്റനെതിരെ വെളിപ്പെടുത്തലുമായി വന്ന രണ്ടാമത് സ്ത്രീയാണ് ഇവര്‍. നേരത്തെ, വിര്‍ജീനിയ ജുഫ്രി എന്ന സ്ത്രീയും വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. 2001ല്‍ തനിക്ക് 17 വയസ്സുണ്ടായിരുന്നപ്പോള്‍ ലണ്ടനിലേക്ക് എത്തിച്ചെന്നും ആന്‍ഡ്രൂ മൗണ്ട്ബാറ്റനുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിതയായെന്നുമാണ് ഇവരുടെ വെളിപ്പെടുത്തല്‍. പിന്നീട് രണ്ടുപ്രാവശ്യം കൂടി ഇത് ആവര്‍ത്തിച്ചെന്നും ഇവര്‍ പറയുന്നു.

ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തിനും, എപ്സ്റ്റീന്‍ കേസിലെ വെളിപ്പെടുത്തലിനും പിന്നാലെ ആന്‍ഡ്രൂവിന് കഴിഞ്ഞ ഒക്ടോബറില്‍ രാജപദവികള്‍ നഷ്ടമായിരുന്നു. എലിസബത്ത് രാജ്ഞിയുടെ മകനും ചാള്‍സ് രാജകുമാരന്റെ സഹോദരനുമായ ആന്‍ഡ്രൂവിനെ വിന്‍ഡ്‌സര്‍ ഗ്രേറ്റ് പാര്‍ക്കിലെ കൊട്ടാരമായ റോയല്‍ ലോഡ്ജില്‍നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.

അന്തരിച്ച ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ലക്ഷക്കണക്കിന് പുതിയ രേഖകള്‍ കഴിഞ്ഞ ദിവസം യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ടിരുന്നു. ഒരു യുവതിയുമായി അടുത്തിടപഴകുന്ന ആന്‍ഡ്രൂ രാജകുമാരന്റെ ചിത്രങ്ങളും ഇതിലുണ്ട്. യുവതിക്കൊപ്പം തറയില്‍ കുനിഞ്ഞിരിക്കുന്ന ആന്‍ഡ്രൂവിന്റെ വിവിധ ചിത്രങ്ങളുമുള്ളത്. യുവതിയുടെ ദേഹത്ത് സ്പര്‍ശിക്കുന്നതും ചിത്രങ്ങളിലുണ്ട്.

TAGS :

Next Story